Sunday, March 3, 2013
കെഎസ്ആര്‍ടിസി പ്രതിസന്ധി: മാസനഷ്ടം 130 കോടി കവിഞ്ഞു
ഡീസല്‍വില വീണ്ടും വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഷെഡ്യൂളുകള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചതോടെ കെഎസ്ആര്‍ടിസിയുടെ വരുമാനം വന്‍തോതില്‍ കുറഞ്ഞു. വരവും ചെലവും തമ്മിലുള്ള അന്തരം കുതിച്ചുകയറുകയാണ്. ഫെബ്രുവരിയിലെ പ്രവര്‍ത്തനനഷ്ടം 130 കോടിയിലേറെ വരുമെന്നാണ് കോര്‍പറേഷന്‍ വിലയിരുത്തല്‍. ഡീസല്‍ വിലവര്‍ധനയുടെ ആഘാതം കുറയ്ക്കാന്‍ കഴിഞ്ഞ ഒരാഴ്ച ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചതിലൂടെ വരുമാനത്തില്‍ വലിയ ഇടിവാണുണ്ടായത്. കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി വരുമാനം 4.36 കോടി രൂപയാണ്. ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് ഒന്നുവരെയുള്ള കണക്കാണിത്. പ്രതിദിനം പ്രവര്‍ത്തിപ്പിച്ച ശരാശരി ഷെഡ്യൂള്‍ 4708. ആകെ അനുവാദം ലഭിച്ചിട്ടുള്ള ഷെഡ്യൂള്‍ 6,177ഉം ജന്‍റം ഉള്‍പ്പെടെ കോര്‍പറേഷനുള്ളത് 6177 ബസുകളുമാണ്. 850 ഷെഡ്യൂളുകള്‍ പ്രവര്‍ത്തിപ്പിക്കുന്നില്ല. ആയിരത്തഞ്ഞൂറില്‍പ്പരം ബസുകള്‍ ഉപയോഗിക്കുന്നില്ല. ഫെബ്രുവരിയില്‍ ആകെ വരുമാനം 114.27 കോടിയാണ്. ഡീസല്‍ വിലയിലുണ്ടായ വര്‍ധനവുകള്‍കൂടി കണക്കാക്കുമ്പോള്‍ ശരാശരി ചെലവ് 244 കോടിയാണ്. ശമ്പളത്തിനായി പ്രതിമാസം 52 കോടി രൂപ വേണം. വിരമിക്കുന്നവര്‍ക്കുള്ള പെന്‍ഷന്‍ ആനുകൂല്യത്തിന് 14 കോടിയും ഡീസലിന് 93.54 കോടിയും വായ്പാ തിരിച്ചടവിന് 39 കോടിയും അപകടങ്ങളുടെ നഷ്ടപരിഹാരം അനുവദിക്കുന്നതിന് മൂന്നു കോടിയും സ്പെയര്‍ പാര്‍ട്സ് വാങ്ങാന്‍ ഒമ്പത് കോടിയും ഇതില്‍ ഉള്‍പ്പെടുന്നു. വരവും ചെലവും തമ്മിലുള്ള അന്തരം 130 കോടിയും.
യുഡിഎഫ് സര്‍ക്കാര്‍ രണ്ട് തവണ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു. 2011 ആഗസ്ത് എട്ടിന് വരുത്തിയ നിരക്ക് വര്‍ധനവിലൂടെ കോര്‍പറേഷന്റെ വരുമാനത്തില്‍ 14 ശതമാനം വര്‍ധനവുണ്ടായി. 2012 നവംബറിലെ നിരക്ക് വര്‍ധനയിലൂടെ 11.14 ശതമാനവും വരുമാനം ഉയര്‍ന്നു. ഡീസല്‍ വില വര്‍ധന ഇതിന്റെ പ്രയോജനം ഇല്ലാതാക്കി. നിരക്ക് വര്‍ധനയുടെ പ്രയോജനം സ്വാര്യ ബസ് ഉടമകള്‍ക്കുമാത്രമായി. 18,78,175 കിലോ മീറ്ററിലാണ് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ഓടാന്‍ അനുവാദമുള്ളത്. കഴിഞ്ഞ ആഴ്ച ശരാശരി 15,17,224 കിലോ മീറ്ററിലാണ് ബസ് ഓടിയത്. പ്രതിസന്ധി രൂക്ഷമായതോടെ പുതിയ ബസ് നിരത്തിലിറക്കുന്നതും നിര്‍ത്തി. ഇപ്പോള്‍ നിരത്തിലിറക്കുന്നതില്‍ ബഹുഭൂരിപക്ഷവും പഴക്കം ചെന്ന ബസാണ്. ഇതും ചെലവ് വര്‍ധിപ്പിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിവര്‍ഷം 1000 പുതിയ ബസുകള്‍ നിരത്തിലിറക്കിയിരുന്നു. ദിനംപ്രതി സ്പെയര്‍പാര്‍ടിസിന്റെ വിലയും വര്‍ധിക്കുന്നു. ഇതോടെ കെഎസ്ആര്‍ടിസിയില്‍ പണിയെടുക്കുന്ന 40,000 ജീവനക്കാരുടെയും 35,000 പെന്‍ഷന്‍കാരുടെയും മാത്രമല്ല, മുഴുവന്‍ കേരളീയരുടെയും പ്രതീക്ഷകള്‍ അസ്തമിക്കുന്ന സ്ഥിതിയാണ്.
(ജി രാജേഷ്കുമാര്‍)
സ്വകാര്യ പമ്പില്‍നിന്ന് ഡീസല്‍: സര്‍ക്കാര്‍ വിമുഖതയില്‍ ദുരൂഹത
പ്രതിസന്ധി മറികടക്കാന്‍ മറ്റ് സംസ്ഥാന സര്‍ക്കാര്‍ബസുകള്‍ സ്വകാര്യ പമ്പുകളില്‍നിന്ന് ഇന്ധനം നിറയ്ക്കല്‍ തുടങ്ങിയിട്ടും കെഎസ്ആര്‍ടിസിയുടെ കാര്യത്തില്‍ ഈ തീരുമാനം ഉണ്ടാകാത്തതില്‍ ദുരൂഹത. സിവില്‍ സപ്ലൈസിന്റെ 11 പമ്പുകളും ബാക്കി സ്വകാര്യ പമ്പുകളും പ്രയോജനപ്പെടുത്തിയാല്‍ മാത്രം കെഎസ്ആര്‍ടിസിക്ക് ദിവസവും 65-70 ലക്ഷം രൂപ ലാഭിക്കാനാകുമെന്നാണ് കണക്ക്. സ്വകാര്യ പെട്രോളിയം ഡീലര്‍മാരുടെ സംഘടന ഈ നിര്‍ദേശം മൂന്നുവട്ടം സര്‍ക്കാരിന് രേഖാമൂലം സമര്‍പ്പിച്ചിട്ടും മറുപടി ഉണ്ടായിട്ടില്ല.
ജനുവരി 17നാണ് വന്‍കിട ഡീസല്‍ ഉപയോക്താക്കള്‍ക്ക് നല്‍കിയിരുന്ന സബ്സിഡി കേന്ദ്രസര്‍ക്കാര്‍ എടുത്തു കളഞ്ഞത്. നിലവില്‍ പൊതുവിപണിയില്‍ 50.86 രൂപയുള്ള ഡീസല്‍ 63.39 രൂപയ്ക്കാണ് കെഎസ്ആര്‍ടിസി വാങ്ങുന്നത്. കേന്ദ്രസര്‍ക്കാര്‍ സബ്സിഡി ഒഴിവാക്കിയ ഉടന്‍ തമിഴ്നാട്, കര്‍ണാടകം, ഗോവ, ഗുജറാത്ത് സംസ്ഥാന ബസുകള്‍ക്ക് സ്വകാര്യ പമ്പില്‍നിന്ന് ഡീസല്‍ അടിക്കാന്‍ തീരുമാനമെടുത്തു. ഇതുമൂലം ഡീസല്‍വില അടിക്കടി ഉയരുന്നതുകൊണ്ടുണ്ടാകുന്ന സാമ്പത്തിക ബാധ്യത മാത്രമാണ് ഈ സംസ്ഥാന ബസുകള്‍ക്ക് നേരിടേണ്ടിവരുന്നത്. സബ്സിഡി നീക്കിയതുമൂലം ഉണ്ടായ പ്രതിസന്ധി രണ്ടുമാസമായി തുടര്‍ന്നിട്ടും തീരുമാനമെടുക്കാന്‍ വൈകുന്നതുകൊണ്ടുമാത്രം കെഎസ്ആര്‍ടിസിയുടെ ബാധ്യത 90 കോടിക്കു മുകളിലായി. മറ്റു പമ്പുകളില്‍നിന്ന് ഇന്ധനം നിറയ്ക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ഉന്നതതല കമ്മിറ്റി കഴിഞ്ഞദിവസം യോഗം ചേര്‍ന്നെങ്കിലും തീരുമാനമൊന്നും എടുത്തില്ല. സ്വകാര്യ, സിവില്‍ സപ്ലൈസ് പമ്പുകളില്‍നിന്ന് ഇന്ധനം നിറയ്ക്കുന്നതിന് നിലവില്‍ പ്രായോഗിക തടസ്സങ്ങളൊന്നുമില്ല. കോഴിക്കോട് ഒരുവര്‍ഷത്തിലേറെയായി സിവില്‍ സപ്ലൈസിന്റെ പമ്പില്‍ നിന്നാണ് ഡീസലടിക്കുന്നത്. സംസ്ഥാനത്തെ മറ്റ് 10 സിവില്‍ സപ്ലൈസ് പമ്പുകളും ഇങ്ങനെ പ്രയോജനപ്പെടുത്താനാകും. ഇക്കാര്യം സിവില്‍ സപ്ലൈസ് മന്ത്രിതന്നെ പറഞ്ഞിട്ടും സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.
എല്ലാ താലൂക്കിലും കെഎസ്ആര്‍ടിസി ഡിപ്പോകള്‍ക്ക് അടുത്തുള്ള സ്വകാര്യ പമ്പുകളില്‍നിന്ന് ഇന്ധനമടിക്കാന്‍ സൗകര്യം ചെയ്യാമെന്ന് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷന്‍ മൂന്നുവട്ടം രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ നിര്‍ദേശവും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. പുറത്തുനിന്ന് ഡീസല്‍ വാങ്ങുന്നതിന് ഐഒസിയും തടസ്സം ഉയര്‍ത്തുന്നില്ല. കേന്ദ്ര തീരുമാനം പുനഃപരിശോധിക്കില്ലെന്ന് ഉറപ്പായിട്ടും ഇതുവരെ അതിനു വേണ്ടിയാണ് സര്‍ക്കാര്‍ കാത്തിരുന്നത്. അതിന്റെകൂടി ഭാഗമായുണ്ടായ സാമ്പത്തിക ബാധ്യതയുടെ പേരില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടേണ്ടിവരുമെന്നാണ് ഗതാഗതമന്ത്രി ഒടുവില്‍ പറഞ്ഞത്. ഇത്രയൊക്കെയായിട്ടും കെഎസ്ആര്‍ടിസിയെ നിലനിര്‍ത്താനുള്ള രാഷ്ട്രീയതീരുമാനം ഉണ്ടാകാത്തത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്.
deshabhimani 040313
Subscribe to:
Post Comments (Atom)
No comments:
Post a Comment