സ്കൂള്‍ പരീക്ഷാനടത്തിപ്പില്‍ അവ്യക്തത
മലപ്പുറം: തിങ്കളാഴ്ച തുടങ്ങുന്ന ഹയര്‍സെക്കന്‍ഡറി പൊതു പരീക്ഷയുടെയും സ്കൂള്‍തല പരീക്ഷകളുടെയും നടത്തിപ്പ് സംബന്ധിച്ചുള്ള അവ്യക്തത ഒഴിഞ്ഞില്ല. പതിവിന് വിപരീതമായി സ്കൂള്‍തല പരീക്ഷക്കൊപ്പം പൊതുപരീക്ഷകളും നടത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനമാണ് പരീക്ഷാ നടത്തിപ്പിന്റെ താളംതെറ്റിച്ചത്. സംസ്ഥാനത്തെ 1908 കേന്ദ്രങ്ങളില്‍ അഞ്ചുലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് 43 വിഷയങ്ങളില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതുന്നത്. ആവശ്യത്തിന് പരിശോധകരില്ലാതെ നടക്കുന്ന വര്‍ഷാന്ത്യ പരീക്ഷ പ്രഹസനമാകുമെന്നാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ആശങ്ക. മുന്‍കാലങ്ങളില്‍ എല്‍പി, യുപി പരീക്ഷയും ഹയര്‍സെക്കന്‍ഡറി പരീക്ഷയും വ്യത്യസ്ത ദിവസങ്ങളില്‍ നടക്കുന്നതിനാല്‍ ഇരുപരീക്ഷകളെയും അധ്യാപകക്ഷാമം ബാധിച്ചിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം മതിയായ തയ്യാറെടുപ്പ് നടത്താതെ രണ്ട് വിഭാഗത്തിനും ഒരേദിവസം പരീക്ഷ നിശ്ചയിച്ചതാണ് പ്രശ്നത്തിനിടയാക്കിയത്. വിഷയം ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ ഇതുസംബന്ധിച്ച് പരാതിനല്‍കിയതിനെ തുടര്‍ന്ന് പരീക്ഷയുടെ ആദ്യ നാലുദിവസങ്ങളില്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഹൈസ്കൂള്‍-യുപി സ്കൂള്‍ അധ്യാപകരെ ഉപയോഗിച്ച് പരീക്ഷ നടത്തുമെന്നാണ് പറയുന്നത്. യുപി വിഭാഗത്തില്‍ രാവിലെ പരീക്ഷയില്ലാത്തതിനാല്‍ ഇവരെ പരീക്ഷാ ചുമതലയേല്‍പ്പിക്കുമെന്നാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ ഓഫീസിന്റെ വിശദീകരണം. എന്നാല്‍ രാവിലെ അഞ്ച്, ഏഴ് ക്ലാസുകളില്‍ പരീക്ഷയുണ്ട്. അതോടൊപ്പം ഹൈസ്കൂളുകളിലും പരീക്ഷയുണ്ട്.
ഹയര്‍സെക്കന്‍ഡറി പരീക്ഷാചുമതല ലഭിച്ച യുപി സ്കൂള്‍ അധ്യാപകര്‍ ഏത് ഡ്യൂട്ടിക്ക് പോകണമെന്ന ആശങ്കയിലാണ്.തങ്ങളുടെ ക്ലാസിലെ പരീക്ഷയൊഴിവാക്കി പ്ലസ്ടു പരീക്ഷാചുമതല ഏറ്റെടുക്കില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. ഇതോടെ രണ്ടുപരീക്ഷകളും പ്രശ്നമില്ലാതെ നടത്തേണ്ട ഉത്തരവാദിത്തം പ്രധാനാധ്യാപകര്‍ക്കായി. മതിയായ അധ്യാപകരെ പരീക്ഷാജോലിക്ക് നിയോഗിക്കാതെ പ്രിന്‍സിപ്പല്‍മാരില്‍ ഉത്തരവാദിത്തമേല്‍പ്പിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് വിമര്‍ശനമുണ്ട്. അതിനിടെ അണ്‍എയിഡഡ് സ്കൂളുകളിലെ പരീക്ഷാനടത്തിപ്പ് അവിടത്തെ അധ്യാപകര്‍ക്കുതന്നെ നല്‍കിയ ഉത്തരവും വിവാദമായി. പരീക്ഷ നടക്കുന്ന 462 അണ്‍എയിഡഡ് സ്കൂളുകളിലും അവിടെയുള്ള അധ്യാപകര്‍ക്കാണ് പരീക്ഷാ ചുമതല നല്‍കിയത്. ഇതുവഴി മാനേജ്മെന്റുകള്‍ ഇടപെട്ട് പരീക്ഷയില്‍ കൃത്രിമത്വം നടത്തി വിജയശതമാനം ഉയര്‍ത്താനുള്ള സാധ്യതയേറെയാണ്. കഴിഞ്ഞവര്‍ഷം മലപ്പുറം അരീക്കോട്ടെ എയിഡഡ് സ്കൂളിലടക്കം അധ്യാപകരുടെ സഹായത്തോടെ കുട്ടികള്‍ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയത് വിവാദമായിരുന്നു.
മെഡിക്കല്‍ എന്‍ജിനിയറിങ് പ്രവേശന പരീക്ഷകളില്‍ പ്ലസ്ടു പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കുമെന്നിരിക്കെ മിടുക്കരായ പൊതുവിദ്യാലയങ്ങളിലെ കുട്ടികളെയായിരിക്കും ഇത് ബാധിക്കുക. പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം കൃത്യമായി നടക്കുമെന്നും ആശങ്ക അസ്ഥാനത്താണെന്നും ഹയര്‍സെക്കന്‍ഡറി വിഭാഗം ജോയിന്റ് ഡയറക്ടര്‍ കെ അനില്‍കുമാര്‍ "ദേശാഭിമാനി"യോട് പറഞ്ഞു. പരീക്ഷാഡ്യൂട്ടിക്ക് ദിവസവേതനക്കാരായ അധ്യാപകരെയോ താല്‍ക്കാലിക അധ്യാപകരെയോ നിയോഗിക്കില്ല. മതിയായ ഇന്‍വിജിലേറ്റര്‍മാരില്ലെങ്കില്‍ തൊട്ടടുത്ത സ്കൂളില്‍നിന്ന് അധ്യാപകരെ പരീക്ഷാഡ്യൂട്ടിക്കായി നിയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷയുടെ വിശ്വാസ്യത തകരും
കാസര്‍കോട്: തിങ്കളാഴ്ച ആരംഭിക്കുന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷാഡ്യൂട്ടിക്ക് അതത് സ്കൂളിലെ അധ്യാപകരെ ഉപയോഗപ്പെടുത്താമെന്ന ഉത്തരവ് പരീക്ഷയുടെ വിശ്വാസ്യത തകര്‍ക്കും. സ്വന്തം സ്കൂളില്‍ പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ പാടില്ലെന്ന ചട്ടംമറികടന്നാണ് ഉത്തരവിറങ്ങിയത്. പ്രൈമറിതലംമുതലുള്ള സ്കൂളുകളിലെ പ്രൈമറി അധ്യാപകരെ അതത് സ്കൂളിലെ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ഇന്‍വിജിലേറ്റര്‍മാരായി നിയമിക്കാമെന്നാണ് പറയുന്നത്. അതില്ലാത്തിടത്ത് തൊട്ടടുത്ത പ്രൈമറി സ്കൂളിലെ അധ്യാപകരെ നിയമിക്കാമെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ ഉത്തരവില്‍ പറയുന്നു. ഹയര്‍സെക്കന്‍ഡറിയില്‍ ഭൂരിപക്ഷവും ദിവസക്കൂലിക്കാരായതിനാലാണ് പ്രൈമറി അധ്യാപകരെ നിയോഗിക്കുന്നത്.
മുന്‍വര്‍ഷങ്ങളില്‍ മറ്റു സ്കൂളിലുള്ളവരെയാണ് ഇന്‍വിജിലേറ്റര്‍മാരായി നിയമിച്ചിരുന്നത്. ഈ വര്‍ഷമാണ് മാറ്റംവരുത്തിയത്. ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ ആവശ്യപ്പെടുന്ന സ്കൂളില്‍ ഡ്യൂട്ടി നല്‍കുമെന്ന മാറ്റവും വരുത്തി. അതിനായി അധ്യാപകരില്‍നിന്ന് ഓണ്‍ ലൈനായി ഓപ്ഷന്‍ ക്ഷണിച്ചിരുന്നു. ഇതും പരീക്ഷയുടെ വിശ്വാസ്യത തകരാനും സ്വകാര്യ സ്കൂളുകള്‍ ദുരുപയോഗിക്കാനുമിട വരും.
സ്വകാര്യ സ്കൂളുകളെ സഹായിക്കാനാണ് പരീക്ഷാഡ്യൂട്ടിയില്‍ മാറ്റം വരുത്തിയതെന്ന ആക്ഷേപമുണ്ട്. അധ്യാപകരെ സ്വാധീനിച്ച് കോപ്പിയടിക്കാന്‍ സൗകര്യമുണ്ടാക്കുന്ന നിരവധി എയ്ഡഡ് സ്കൂളുകളുണ്ട്. അധ്യാപകര്‍ക്ക് പണം വാഗ്ദാനംചെയ്യുന്ന മാനേജ്മെന്റുകള്‍പോലുമുണ്ട്. പുതിയ ഉത്തരവ് ഇത്തരക്കാര്‍ക്ക് സഹായമാകും. ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ താളംതെറ്റിക്കുന്നതും ക്രമക്കേടിന് വഴിവയ്ക്കുന്നതുമായ പുതിയ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. പ്രൈമറി തലത്തിലുള്ള പരീക്ഷയും ഈ സമയത്ത് പൂര്‍ത്തിയാക്കേണ്ടതിനാലാണ് ഉത്തരവിറക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
deshabhimani 040313
No comments:
Post a Comment