Wednesday, March 13, 2013

എന്‍ഡോസള്‍ഫാന്‍: ഡിവൈഎഫ്ഐ കലക്ടറേറ്റ് മാര്‍ച്ച് 14ന്


കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരകളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തുക, ദേശീയ മനുഷ്യാവകാശ കമീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുക, ദുരിതബാധിതരുടെ പുനരധിവാസത്തിന് പ്രത്യേക ട്രിബ്യൂണല്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ 14ന് കലക്ടറേറ്റ് മാര്‍ച്ച് നടത്തും. രാവിലെ പത്തിന് ഗവ. കോളേജ് പരിസരത്തുനിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മാര്‍ച്ചില്‍ മുഴുവന്‍ യുവജനങ്ങളും അണിനിരക്കണമെന്ന് ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു.

എന്‍ഡോസള്‍ഫാന്‍ സമരത്തെ ചെന്നിത്തലയും അവഗണിച്ചു

കാസര്‍കോട്: മുഖ്യമന്ത്രിക്കായുള്ള എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ അമ്മമാരുടെ കാത്തിരിപ്പ് വെറുതെയായി. ഡിസിസിയുടെ സ്പെഷ്യല്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ജില്ലയില്‍ എത്തുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ സമരപ്പന്തലും മുഖ്യമന്ത്രി സന്ദര്‍ശിക്കുമെന്നും ചര്‍ച്ചക്ക് തയ്യാറാകുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. തിങ്കളാഴ്ച മുഖ്യമന്ത്രി പരിപാടിക്ക് എത്തിയില്ല. പരിപാടിക്കെത്തിയ കെപിസിസി പ്രസിഡന്റ് രമേശ് ചെത്തിത്തലയെങ്കിലും വരുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ചെന്നിത്തല സമരക്കാരെ അവഗണിച്ച് മടങ്ങി. 22 ദിവസമായി നടക്കുന്ന നിരാഹാരത്തെ അവഗണിച്ച ചെന്നിത്തലയുടെ നടപടി പൊതുപ്രവര്‍ത്തകരുടെ മാന്യതക്ക് നിരക്കുന്നതല്ലെന്ന് സമിതി കുറ്റപ്പെടുത്തി. സമരം ആരംഭിച്ച ദിവസം മുതല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പിന്തുണയുമായി നിരവധിയാളുകളെത്തി. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. തിങ്കളാഴ്ച സമരം ജസീറ പുതിയങ്ങാടി ഉദ്ഘാടനം ചെയ്തു. മുനീസ അമ്പലത്തറ, എം സുല്‍ഫത്ത്, ടി ശോഭന എന്നിവര്‍ സംസാരിച്ചു.

deshabhimani 120313

No comments:

Post a Comment