Wednesday, March 13, 2013

വയനാട്ടുകാര്‍ ഒറ്റക്കല്ല: പിണറായി


മാനന്തവാടി: "നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ വയനാട്ടുകാര്‍ തനിച്ചല്ല. കേരളീയസമൂഹം മുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും." സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാക്കുകള്‍ കരഘോഷത്തോടയാണ് ഇ കെ നായനാര്‍ സ്മാരക കമ്യൂണിറ്റി ഹാളില്‍ തിങ്ങിനിറഞ്ഞ സദസ് ഏറ്റുവാങ്ങിയത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ നിലനില്‍പ്പ് ഭീഷണിയിലായ കര്‍ഷകരും ആദിവാസികളും തൊഴിലാളികളും മതപുരോഹിതരും വ്യാപാരികളും കക്ഷിരാഷ്ട്രീയ ഭേദമന്യേ അണിനിരന്ന വയനാട്സംരക്ഷണസമിതി സെമിനാറിലാണ് ജനനായകന്റെ വാക്കുകള്‍ ആശ്വാസം പകര്‍ന്നത്.

പരിസ്ഥിതിയും ജനകീയ അവകാശങ്ങളും സംരക്ഷിക്കാന്‍ വേണ്ടി സമിതി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ തുടക്കമായാണ് മാനന്തവാടിയില്‍ ആദ്യസെമിനാര്‍ നടന്നത്. പിണറായി വിജയന്‍ ഉദ്ഘാടനംചെയ്ത സെമിനാറില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറ്കണക്കിനാളുകള്‍ പങ്കെടുത്തു. ചടങ്ങില്‍ മലങ്കര കത്തോലിക്ക സഭ ബത്തേരി രൂപത പി ആര്‍ ഒ ടോണി കോഴിമണ്ണില്‍ അധ്യക്ഷനായി. വയനാട്സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍ ഭാവിപ്രവര്‍ത്തനരേഖ അവതരിപ്പിച്ചു.പി എ മുഹമ്മദ്,കെ വി മോഹനന്‍, സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ഇ കെ വിജയന്‍ എംഎല്‍എ, ജനതാദള്‍ (എസ്)സംസ്ഥാന സെക്രട്ടരി സി കെ ഗോപി, കേരളകോണ്‍ഗ്രസ് സംസ്ഥാനസെക്രട്ടരി ജോര്‍ജ് സെബാസ്റ്റ്യന്‍, എക്യുമെനിക്കല്‍ ഫോറം ജില്ല പ്രസിഡണ്ട് ഫാദര്‍ പോള്‍ ജേക്കബ്, വ്യാപാരിവ്യവസായി ഏകോപനസമിതി ജില്ല സെക്രട്ടറി കെ ഉസ്മാന്‍,വ്യാപാരി വ്യവസായിസമിതി ജില്ല സെക്രട്ടരി വി കെ തുളസിദാസ്, ആര്‍എസ്പി കേന്ദ്ര കമ്മറ്റിയംഗം ഏച്ചോം ഗോപി, സി എം ശിവരാമന്‍, (എന്‍സിപി) ബേബി ജെയിംസ്, മുഹമ്മദ് പഞ്ചാര(ഐഎന്‍എല്‍) എന്നിവര്‍ സംസാരിച്ചു. സമിതി കണ്‍വീനര്‍ വിജയന്‍ ചെറുകര സ്വാഗതവും പി കൃഷ്ണപ്രസാദ് നന്ദിയും പറഞ്ഞു.

മെയ് 9ന് മനുഷ്യച്ചങ്ങല

മാനന്തവാടി: വയനാടിനെ ദുരിതബാധിത ജില്ലയായി പ്രഖ്യാപിക്കുക, കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക, വരള്‍ച്ചയെ മറികടക്കാന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുക, വന്യമൃഗശല്യത്തില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ട്രഞ്ചും കമ്പിവേലിയും നിര്‍മ്മിക്കുക, രാത്രികാല ഗതാഗത നിയന്ത്രണം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക നിയമ നിര്‍മ്മാണം നടത്തുക, വയനാട് വന്യജീവി സങ്കേതത്തെ പാരിസ്ഥിതിക സംവേദക മേഖലയില്‍ നിന്നും ഒഴിവാക്കുക, തേക്ക് മരങ്ങള്‍ വെട്ടിമാറ്റി സ്വാഭാവിക വനങ്ങള്‍ ആക്കി മാറ്റുക, വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വയനാട് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മെയ് 9 തിങ്കളാഴ്ച ജില്ലയില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കും.വരള്‍ച്ച രൂക്ഷമായി അനുഭവിക്കുന്ന പുല്‍പ്പള്ളി മേഖലയിലൂടെയും വന്യജീവി സങ്കേത മേഖലയിലൂടെയും കടന്നുപോകുന്ന മനുഷ്യച്ചങ്ങലയില്‍ കണ്ണികളാകാന്‍ കര്‍ഷക ജനവിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വയനാടന്‍ ജനതയോടും സമിതി ആഹ്വാനം ചെയ്തു.

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ്. തേക്ക് പ്ലാന്റേഷന്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയണം. തേക്ക് മരങ്ങള്‍ മുറിച്ച് മാറ്റി സ്വാഭാവിക മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പദ്ധതി പ്രഖ്യാപിക്കണം. സര്‍ക്കാര്‍ തന്നെ തേക്ക് മരങ്ങള്‍ വെട്ടിമാറ്റാന്‍ തയ്യാറാവണം. സര്‍ക്കാര്‍ അതിന് തയ്യാറാകാത്തപക്ഷം ജനങ്ങളുടെ നേതൃത്വത്തില്‍ ഏപ്രില്‍ 30 ന് വെട്ടിമാറ്റും. കടുത്ത വരള്‍ച്ചയെ നേരിടുന്ന നിലയിലാണ് വയനാട്. ഏറ്റവും രൂക്ഷമായ വരള്‍ച്ച നേരിടുന്ന പുല്‍പ്പള്ളി , മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ വ്യാപകമായ മഴക്കുഴികളുടെ നിര്‍മ്മാണം, തടയണ നിര്‍മ്മാണം, മരം വെച്ചുപിടിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വയനാട് സംരക്ഷണസമിതി ഏറ്റെടുക്കും. മുള്ളന്‍കൊല്ലി , പുല്‍പ്പള്ളി പഞ്ചായത്ത് ഭരണസമിതികള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, സന്നദ്ധ സംഘടനകള്‍, വായനശാലകള്‍, വിദ്യാലയങ്ങള്‍മതസ്ഥാപനങ്ങള്‍ എന്നിവരുടെ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ജനകീയ പങ്കാളിത്തത്തോടെ വരള്‍ച്ചയെ അതിജീവിക്കാന്‍വേണ്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും വനസംരക്ഷണത്തിന് മുന്നിട്ടിറങ്ങാന്‍ മുഴുവന്‍ ജനങ്ങളോടും ആഹ്വാനം ചെയ്തു.

deshabhimani 120313

No comments:

Post a Comment