Wednesday, March 13, 2013

പ്രതികളുടെ പേര് പറഞ്ഞുതന്നത് പൊലീസെന്ന് 15ാം സാക്ഷി


ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ രണ്ടും അഞ്ചും പ്രതികളായി ചേര്‍ത്തവരുടെ പേരുകള്‍ പൊലീസാണ് പറഞ്ഞുതന്നതെന്ന് പ്രോസിക്യൂഷന്‍ 15-ാം സാക്ഷി അഴിയൂര്‍ സ്വദേശി രാജീവന്റെ മൊഴി. പ്രത്യേക അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ പ്രതിഭാഗം ക്രോസ് വിസ്താരത്തിലാണ് രാജീവന്‍ മൊഴി നല്‍കിയത്. രണ്ടും അഞ്ചും പ്രതികളായ കിര്‍മാണി മനോജ്, കെ കെ മുഹമ്മദ്ഷാഫി എന്ന ഷാഫി എന്നിവരുടെ ചിത്രങ്ങളടങ്ങിയ വിവരങ്ങള്‍ പത്രങ്ങളിലും ടിവിയിലും കണ്ടിട്ടുണ്ട്. ഇവരുടെ ശരീരപ്രകൃതി മനസ്സിലാക്കിയിരുന്നുവെങ്കിലും പേരുകള്‍ പറഞ്ഞുതന്നത് പൊലീസാണ്. താന്‍ ആര്‍എംപിയുടെ സജീവ പ്രവര്‍ത്തകനല്ലെന്നും അനുഭാവിയാണെന്നും രാജീവന്‍ മൊഴി നല്‍കി.

കിര്‍മാണി മനോജിനും മുഹമ്മദ്ഷാഫിക്കുമൊപ്പം 28, 29 പ്രതികളായ പി എം രമീഷ്, കെ പി ദിപിന്‍ എന്നിവര്‍ 2012 മെയ് രണ്ടിന് രാത്രി 9.45ന് അഴിയൂര്‍ വ്യവസായ എസ്റ്റേറ്റിനുസമീപം കുറ്റിക്കാട്ടില്‍നിന്ന് ചാക്കുകെട്ട് ഒരു ഇന്നോവ കാറില്‍ കയറ്റുന്നത് കണ്ടു എന്ന് സ്ഥാപിക്കാനാണ് രാജീവനെ സാക്ഷിയായി പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. ആര്‍എംപി നേതാക്കളുടെ ആവശ്യപ്രകാരമാണ് ഇത്തരത്തില്‍ കള്ളമൊഴി നല്‍കുന്നതെന്ന് പ്രതിഭാഗം വാദിച്ചു. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ ബി രാമന്‍പിള്ള, സി ശ്രീധരന്‍ നായര്‍, എം അശോകന്‍, പി വി ഹരി, കെ ഗോപാലകൃഷ്ണക്കുറുപ്പ്, കെ പി ദാമോദരന്‍ നമ്പ്യാര്‍, കെ വിശ്വന്‍, കെ അജിത്കുമാര്‍, വിനോദ്കുമാര്‍ ചമ്പളോന്‍, കെ എം രാമദാസ്, വി വി ശിവദാസന്‍ എന്നിവര്‍ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടി പ്രഥമ വിസ്താരം നടത്തി. കേസ് ഡയറിയിലെ ഒമ്പതാംസാക്ഷി അനില്‍കുമാറിനെ വിസ്തരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

deshabhimani 130313

No comments:

Post a Comment