Wednesday, March 13, 2013

ബാര്‍ ലൈസന്‍സ് നിരുപാധികം പുതുക്കുന്നു; വിദേശമദ്യ ടെന്‍ഡറും നീട്ടി


സംസ്ഥാനത്തെ മുഴുവന്‍ ബാറുകളുടെയും ലൈസന്‍സ് നിരുപാധികം പുതുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലുള്ള ബാറുകളുടെ ലൈസന്‍സ് പുതുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്ന് എക്സൈസ് വകുപ്പ് നിര്‍ദേശിച്ചു. അടുത്ത സാമ്പത്തികവര്‍ഷത്തെ അബ്കാരി നയം പ്രഖ്യാപിക്കുന്നത് ജൂണ്‍വരെ നീട്ടി. വിദേശമദ്യം വാങ്ങുന്നതിനുള്ള പുതിയ ടെന്‍ഡര്‍ വിളിക്കുന്നത് രണ്ടുമാസം കഴിഞ്ഞു മതിയെന്നും തീരുമാനിച്ചു. പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതു വരെ മദ്യക്കമ്പനികളില്‍നിന്നു പഴയ നിരക്കില്‍ മദ്യം വാങ്ങാനാണ് നിര്‍ദേശം. വിദേശമദ്യശാലകള്‍ക്ക് അനുമതി നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയ നിയമഭേദഗതി നിലവിലുള്ള ബാറുകള്‍ക്ക് ബാധകമല്ലെന്നാണ് സര്‍ക്കാര്‍ എക്സൈസ് കമീഷണര്‍ക്കു നല്‍കിയ വിശദീകരണം. ബാര്‍ ലൈസന്‍സിനുള്ള അധികാരം പഞ്ചായത്തുകള്‍ക്ക് പുനഃസ്ഥാപിച്ചുവെന്ന സര്‍ക്കാരിന്റെ അവകാശവാദം തട്ടിപ്പാണെന്ന് ഇതോടെ വ്യക്തമായി. മദ്യനയം പഠിക്കാന്‍ നിയോഗിച്ച ഏകാംഗ കമീഷന്റെ റിപ്പോര്‍ട്ട് കിട്ടുന്നതു വരെ നിലവിലെ സ്ഥിതി തുടരാനാണ് സര്‍ക്കാര്‍ നീക്കം. ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ ഹോട്ടലുടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഈ മാസം 19ന് പരിഗണിക്കും. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലും അന്ന് പരിഗണിക്കും. പുതിയ മദ്യനയം അതിനു മുമ്പ് പ്രാബല്യത്തില്‍ വന്നാല്‍ ഹോട്ടലുടമകള്‍ക്ക് എതിരായി വിധിവരും. അത് ഒഴിവാക്കാനുള്ള ശ്രമമാണ് ഉന്നതങ്ങളില്‍ നടക്കുന്നത്.

സാധാരണഗതിയില്‍ ഏപ്രില്‍ ഒന്നിനാണ് പുതിയ മദ്യനയം നിലവില്‍ വരിക. മാര്‍ച്ചില്‍ നയം പ്രഖ്യാപിക്കുകയാണ് പതിവ്. സമ്പൂര്‍ണ നയം പ്രഖ്യാപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇടക്കാല നയം പ്രഖ്യാപിക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, ഏകാംഗ കമീഷനെ നിയോഗിച്ചുവെന്ന കാരണം പറഞ്ഞ് മദ്യനയംതന്നെ മരവിപ്പിച്ചിരിക്കുകയാണ്. വിദേശ മദ്യത്തിന്റെ വാങ്ങല്‍വില പഴയ ടെന്‍ഡര്‍ നിരക്കില്‍ തുടരാനുള്ള തീരുമാനം ഏതാനും ചില മദ്യക്കമ്പനികള്‍ക്ക് വന്‍ കൊള്ളയ്ക്ക് അവസരം നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ ആഗസ്തില്‍ ആറു ശതമാനം വില കൂട്ടിയിരുന്നു. സംസ്ഥാനത്ത് വിറ്റഴിക്കുന്ന മദ്യത്തിന്റെ 60 ശതമാനവും വാങ്ങുന്നത് വിജയ്മല്യയുടെ ഉടമസ്ഥതയിലുള്ള യുബി ഗ്രൂപ്പില്‍ നിന്നാണ്. മദ്യവില വീണ്ടും കൂട്ടുന്നതിനുള്ള ചരടുവലി നടത്തുന്നതും ഈ കമ്പനിയാണ്. പഴയ ടെന്‍ഡര്‍ പ്രകാരം രണ്ടു മാസം കൂടി മദ്യം വാങ്ങാനുള്ള ബിവറേജസ് കോര്‍പറേഷന്റെ തീരുമാനം വഴി ടെന്‍ഡറില്‍ പങ്കെടുക്കാനുള്ള മറ്റു കമ്പനികളുടെ അവസരം തടയും. ഇതിന്റെ ആനുകൂല്യവും യുബി ഗ്രൂപ്പിന് ലഭിക്കുമെന്ന് വ്യക്തം.

കഴിഞ്ഞതവണ സാമ്പത്തികവര്‍ഷം തുടങ്ങി നാലു മാസം കഴിഞ്ഞാണ് പുതിയ ടെന്‍ഡര്‍ ക്ഷണിച്ചതെന്ന കാരണം പറഞ്ഞാണ് പഴയ നിരക്കിന് കാലാവധി നീട്ടിയത്. വാങ്ങല്‍ വില വര്‍ധിപ്പിക്കണമെന്ന് വിദേശ മദ്യക്കമ്പനികളുടെ ആവശ്യവും ഇതിനു പിന്നിലുണ്ട്. പുതിയ അബ്കാരി നയം നിലവില്‍ വരുമ്പോള്‍ വില കൂട്ടിക്കൊടുക്കാമെന്നാണ് എക്സൈസ് ഉന്നതര്‍ നല്‍കിയ ഉറപ്പ്. ബാര്‍ ലൈസന്‍സ് പുതുക്കാന്‍ 22 ലക്ഷം രൂപയാണ് നിരക്ക്. പുതിയ നയം പ്രാബല്യത്തില്‍ വരാത്തതിനാല്‍ ലൈസന്‍സ് ഫീസ് പുതുക്കാനും കഴിയില്ല. 22 ലക്ഷം രൂപ നിരക്കില്‍ ഒടുക്കിയാല്‍ ബാര്‍ ലൈസന്‍സ് പുതുക്കി കൊടുക്കണമെന്നാണ് എക്സൈസ് കമീഷണര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ എക്സൈസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചുതുടങ്ങിയതായാണ് വിവരം.
(കെ ശ്രീകണ്ഠന്‍)

deshabhimani 130313

No comments:

Post a Comment