Wednesday, March 13, 2013

റേഷന്‍കട വഴി 20.50 രൂപയുടെ അരിവില്‍പ്പന നിരോധിച്ചു


ഓപ്പണ്‍ സെയില്‍സ് പദ്ധതിയുടെ മറവില്‍ 20.50 രൂപയുടെ അരി റേഷന്‍കടകള്‍വഴി വില്‍ക്കുന്നത് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ നിരോധിച്ചു. കിലോയ്ക്ക് ഒന്ന്, രണ്ട്, 6.20 രൂപ വീതം വിലയുള്ള അരി പദ്ധതിയുടെ മറവില്‍ 20.50 രൂപയ്ക്ക് വ്യാപകമായി വില്‍ക്കുന്നതായുള്ള "ദേശാഭിമാനി" വാര്‍ത്തയെത്തുടര്‍ന്നാണ് നടപടി. ഭക്ഷ്യമന്ത്രി ഇടപെട്ടാണ് ഉത്തരവെന്നാണ് സൂചന. കഴിഞ്ഞ ഓണത്തിനാണ് 20.50 രൂപ പ്രകാരം വില്‍ക്കാന്‍ സര്‍ക്കാര്‍ റേഷന്‍കടക്കാര്‍ക്ക് അരി അനുവദിച്ചത്. കേന്ദ്രസര്‍ക്കാര്‍ കിലോയ്ക്ക് 16 രൂപയ്ക്ക് നല്‍കിയ അരിയാണിത്. ഈ തട്ടിപ്പിനു പിന്നാലെയാണ് റേഷന്‍കടക്കാര്‍ ഈ അരി മറയാക്കി മാസങ്ങളോളം ജനത്തെ കബളിപ്പിച്ചത്.

ഓണത്തിന് അനുവദിച്ച അരി ബിപിഎല്ലുകാര്‍ക്ക് ഒരു രൂപയ്ക്കും വരുമാനം കുറഞ്ഞ എപിഎല്ലുകാര്‍ക്ക് രണ്ട് രൂപയ്ക്കും പ്രത്യേക അലോട്ട്മെന്റ് പ്രകാരം 6.20 രൂപയ്ക്കും നല്‍കേണ്ടതായിരുന്നു. ബില്‍ എഴുതാതെ ഇത് തീരാസ്റ്റോക്കായി സൂക്ഷിച്ചാണ് 20.50 രൂപയ്ക്ക് വിറ്റഴിച്ചത്. മന്ത്രി അനൂപ് ജേക്കബ് പ്രത്യേക താല്‍പ്പര്യമെടുത്ത് അനുവദിച്ച അരിയെന്ന വിശേഷണമാണ് പല കടക്കാരും ഈ അരിക്ക് ചാര്‍ത്തിക്കൊടുത്തത്. പത്തോ പതിനഞ്ചോ കിലോ അരി റേഷന്‍ വിലയ്ക്കും ബാക്കി 20.50 രൂപയ്ക്കും വില്‍ക്കുന്ന തട്ടിപ്പും ചിലര്‍ നടത്തി. മറുനാടന്‍ തൊഴിലാളികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ വന്‍ കൊള്ളയാണ് റേഷന്‍ കടക്കാര്‍ നടത്തിയത്. ഒടുവില്‍ ഈ അരി എഴുതിത്തള്ളാനാണ് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കിയത്. ആദ്യം ചില റേഷന്‍കടക്കാര്‍ ഉടക്കിയെങ്കിലും എഴുതിത്തള്ളാതെ ഇനി സ്റ്റോക്ക് രജിസ്റ്റര്‍ പുതുക്കി നല്‍കേണ്ടെന്നാണ് ഉത്തരവെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ തറപ്പിച്ച് പറഞ്ഞതോടെ പലരും വഴങ്ങി. പഴയ സ്റ്റോക്ക് എഴുതിത്തള്ളിയെങ്കിലും ഇനിയും 20.50 രൂപയുടെ അരി റേഷന്‍കടകളില്‍ വില്‍ക്കാനുള്ള സാധ്യത തള്ളാനാവില്ല.

deshabhimani 130313

No comments:

Post a Comment