Wednesday, March 13, 2013

മാധ്യമപ്രവര്‍ത്തകര്‍ക്ക് മിനിമം യോഗ്യത വരുന്നു


രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മിനിമം യോഗ്യത നിശ്ചയിക്കാന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പിസിഐ) സമിതിയെ നിയോഗിച്ചു. മാധ്യമപ്രവര്‍ത്തകനായി ജോലിചെയ്യാന്‍ വേണ്ട മിനിമം യോഗ്യതാമാനദണ്ഡം സംബന്ധിച്ച് സമിതി നിര്‍ദേശം സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പ്രസ്താവനയില്‍ പറഞ്ഞു. പിസിഐ അംഗങ്ങളായ ശ്രാവണ്‍ ഗാര്‍ഗ്, രാജീവ് സബാഡെ, പുണെ സര്‍വകലാശാലയിലെ കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഉജ്വല ബാര്‍വേ എന്നിവരാണ് സമിതി അംഗങ്ങള്‍.

മതിയായ യോഗ്യതയില്ലാത്തവര്‍ മാധ്യമരംഗത്തേക്ക് കടന്നുകൂടിയത് മേഖലയുടെ നിലവാരത്തകര്‍ച്ചയ്ക്ക് കാരണമായെന്ന് കട്ജു പറഞ്ഞു. അഭിഭാഷകരാകാന്‍ എല്‍എല്‍ബി ബിരുദം നേടി ബാര്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ വേണം. ഡോക്ടറാകാന്‍ എംബിബിഎസ് നേടി മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്ട്രേഷന്‍ നേടണം. അധ്യപകരാകാനും മറ്റു മേഖലകളിലുമെല്ലാം ഇത്തരത്തില്‍ യോഗ്യതാ മാനദണ്ഡം നിലവിലുണ്ട്. എന്നാല്‍, മാധ്യമരംഗത്ത് പ്രവര്‍ത്തിക്കാന്‍ ഇത്തരത്തില്‍ മിനിമം യോഗ്യതപോലും പാലിക്കേണ്ടതില്ല. മതിയായ യോഗ്യതയും പരിശീലനവും ഇല്ലാത്തവര്‍ മാധ്യമരംഗത്തേക്ക് കടന്നുവരുന്നത് വളരെ മോശമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. അതിനാല്‍ മാധ്യമപ്രവര്‍ത്തകരാകാനും നിയമപരമായി മിനിമം യോഗ്യത നിശ്ചയിക്കണമെന്നാണ് തങ്ങള്‍ വിലയിരുത്തുന്നതെന്ന് കട്ജു വിശദീകരിച്ചു.

deshabhimani 130313

No comments:

Post a Comment