Sunday, March 3, 2013

വെടിക്കെട്ടു ദുരന്തങ്ങള്‍ തുടര്‍ക്കഥ; പതിറ്റാണ്ടിനിടയില്‍ നഷ്ടപ്പെട്ടത് 500 ജീവന്‍


വെടിക്കെട്ട്, പടക്കശാല ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഒരു പതിറ്റാണ്ടിനിടയില്‍ ഇത്തരം ദുരന്തത്തില്‍ സംസ്ഥാനത്ത് ജീവന്‍ നഷ്ടപ്പെട്ടവര്‍ 500ല്‍പ്പരം. പരിക്കേറ്റവരും അംഗഭംഗം വന്നവരും അതിലേറെ. ഉത്സവസ്ഥലത്തെ വെടിക്കെട്ടിനേക്കാള്‍ അധികം അപകടമുണ്ടായത് പണിശാലകളിലാണ്. ഉത്സവക്കാലത്ത് വല്ലപ്പോഴുമായിരുന്ന ദുരന്തം 2000നുശേഷം തുടര്‍ച്ചയാവുകയാണെന്ന് സര്‍ക്കാരിന്റെയും സ്വകാര്യ ഏജന്‍സികളുടെയും കണക്കുകള്‍ വ്യക്തമാക്കുന്നു. 2005നു ശേഷം ഇത്തരം അപകടങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 400ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി തൃശൂര്‍ പബ്ലിക് ഇന്ററസ്റ്റ് ഫോറം ശേഖരിച്ച കണക്കുകളില്‍ പറയുന്നു. 2012ല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി വെടിക്കെട്ട് നിര്‍മാണശാലകള്‍ കത്തി 118 പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത കണക്കുമുണ്ട്.

2012ല്‍ കതിനപൊട്ടിത്തെറിച്ച് 19പേര്‍ മരിച്ചു. പാലക്കാട് ചേറോട്ടുകാവില്‍ കഴിഞ്ഞ 24നാണ് ഒരാള്‍ മരിച്ചത്. സംസ്ഥാനത്തെ വെടിക്കെട്ടപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് 1979ല്‍ തലശേരി ജഗന്നാഥക്ഷേത്രം ഉത്സവത്തിനാണ്. ഡയനാമിറ്റ് കാണികള്‍ക്കിടയില്‍ വീണ് പൊട്ടി 42 പേര്‍ മരിച്ചു. 1982ല്‍ കുളനട ക്ഷേത്രത്തില്‍ വെടിക്കെട്ടപകടത്തില്‍ 32 പേര്‍ മരിച്ചു. 1976ല്‍ തൃശൂര്‍ പൂരത്തിന് അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടി ആറുപേര്‍ മരിച്ചു. കോങ്ങാട് ഭാഗത്ത് പൊട്ടാതെ കിടന്ന ഗുണ്ട് രണ്ടു പിഞ്ചു കുട്ടികള്‍ എന്താണെന്നറിയാതെ വഴിയരികില്‍ നിന്നെടുത്ത് വീട്ടില്‍കൊണ്ടുപോയി കല്ലുകൊണ്ടിടിച്ചപ്പോള്‍ സ്ഫോടനമുണ്ടായി ഇരുവരും മരിച്ചതും ഇക്കൂട്ടത്തില്‍പ്പെടുന്നു. പണിശാലകളിലെ അപകടത്തില്‍ കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് 2011 ഫെബ്രുവരി ഒന്നിനുണ്ടായ ത്രാങ്ങാലി അപകടമാണ്. 12 പണിക്കാരും സ്ഫോടനത്തിന്റെ ആഘാതത്തില്‍ ട്രെയിനില്‍നിന്നും തെറിച്ചുവീണ് ഉത്തരേന്ത്യക്കാരനായ യാത്രക്കാരനും മരിച്ചു. 1982ല്‍ നെന്മാറ-വല്ലങ്ങി വേലക്ക് തയ്യാറാക്കിയ സ്ഫോടക സാമഗ്രികള്‍ സൂക്ഷിച്ച പണിശാലയിലെ അപകടത്തില്‍ 12 പേരാണ് മരിച്ചത്. 2001ല്‍ ആളൂര്‍ ചാമുണ്ടിക്കാവില്‍ പടക്കനിര്‍മാണശാലയിലെ സ്ഫോടനത്തിലും 12 ജീവന്‍ നഷ്ടപ്പെട്ടു. 2000ല്‍ വെള്ളാറ്റഞ്ഞൂരില്‍ ഒമ്പതുപേരും 1998ല്‍ അരുവായ് പാടത്ത് അഞ്ചുപേരും 97ല്‍ അങ്കമാലിയില്‍ അഞ്ചുപേരും 1998ല്‍ കൊല്ലങ്കോട് പണിശാലയിലേക്ക് ഭക്ഷണം കൊണ്ടുപോയ അമ്മയും മൂന്നുവയസ്സുള്ള കുഞ്ഞുമടക്കം ആറു പേരും 2004ല്‍ ചാലക്കുടി പോട്ടയില്‍ ആറുപേരും 2006ല്‍ തൃശൂര്‍ പാടൂക്കാട് എട്ടുപേരും 2009ല്‍ തൃത്താലയില്‍ എട്ടുപേരും മൂവാറ്റുപുഴയില്‍ അഞ്ചുപേരും മലപ്പുറം വേഴപ്പറമ്പില്‍ എട്ടുപേരും മരിച്ചു.

അനാഥമായത് 6 കുടുംബം

ചെര്‍പ്പുളശേരി: പടക്കനിര്‍മാണശാലയിലെ സ്ഫോടനം അനാഥമാക്കിയത് ആറു കുടുംബങ്ങളെ. ആറ് പാവപ്പെട്ട കുടുംബങ്ങളുടെ താങ്ങും തണലുമാണ് സ്ഫോടനത്തില്‍ ചിന്നിച്ചിതറിയത്. ഗള്‍ഫിലേക്ക് തൊഴില്‍തേടി വീണ്ടും പോകാനുള്ള ഒരുക്കത്തിലായിരുന്നു ചെര്‍പ്പുളശേരി കാറല്‍മണ്ണ തെക്കുമുറി ചേരിക്കാട്ടില്‍വീട്ടില്‍ സുരേഷ്. കൂലിപ്പണിക്കും മറ്റും പോയാണ് സുരേഷ് കുടുംബം പുലര്‍ത്തിയിരുന്നത്. ഇടക്ക് ഒന്നരവര്‍ഷം ഗള്‍ഫിലായിരുന്നെങ്കിലും ജീവിതം കരുപ്പിടിപ്പിക്കാനായില്ല. നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. വീണ്ടും ഗള്‍ഫിലേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു സുരേഷ്. ഇതിനിടയ്ക്കാണ് പടക്കനിര്‍മാണശാലയിലെ പണിക്ക് പോയത്. ആദ്യമായാണ് സുരേഷ് ഈ പണിക്ക് പോകുന്നതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അടുപ്പിച്ച് കുറേനാള്‍ പണി കിട്ടുമല്ലോയെന്നായിരുന്നു സുരേഷിന്റെ ആശ്വാസം. കുറച്ചുനാള്‍ കഴിഞ്ഞ് ഗള്‍ഫിലേക്ക് പോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലുമായിരുന്നു. ഇതിനിടയില്‍ കടന്നുവന്ന ദുരന്തത്തിന്റെ ആഘാതത്തിലാണ് ഭാര്യ ദീപയും മക്കളായ അക്ഷയ്ചന്ദ്രനും അമൃതയും. ജീവിതത്തിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണിവര്‍. സുരേഷ് സജീവ സിപിഐ എം പ്രവര്‍ത്തകനാണ്. ചെര്‍പ്പുളശേരി പഞ്ചായത്ത് 19-ാം വാര്‍ഡ് അംഗം സിപിഐ എമ്മിലെ സി കൃഷ്ണദാസിന്റെ സഹോദരനാണ്.

കൂലിപ്പണിക്കും മറ്റും പോയാണ് പന്നിയംകുറിശി പുത്തന്‍പീടികയില്‍ മുസ്തഫയും കുടുംബവും കഴിഞ്ഞിരുന്നത്. മക്കളായ ജെസീറിനും സെജിലക്കും ജെസീനയ്ക്കും വിശ്വസിക്കാനായിട്ടില്ല, വാപ്പ ഇനി തിരിച്ചുവരില്ലെന്ന്. സുഹ്റയും മക്കളും കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്നത് കണ്ട് ആശ്വസിപ്പിക്കാനാകാതെ കുഴയുകയായിരുന്നു ബന്ധുക്കളും നാട്ടുകാരും. എട്ടുവര്‍ഷത്തോളമായി വെടിക്കെട്ട് പണിക്ക് പോകുന്നു. കുറേദിവസം അടുപ്പിച്ച് കൂലി കിട്ടുമെന്ന് തന്നെയായിരുന്നു മുസ്തഫയുടെയും ആശ്വാസം. എന്നാല്‍ എല്ലാ പൊലിഞ്ഞത് നിമിഷങ്ങള്‍ക്കുള്ളില്‍. ചെര്‍പ്പുളശേരി പന്നിയംകുറിശി പാലിയേക്കല്‍വീട്ടില്‍ സുകുമാരന്‍ വെടിക്കെട്ട്പണിക്ക് പോകാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. മക്കളായ കൃഷ്ണകുമാറിനും പ്രവീണിനും കൂലിപ്പണിതന്നെയാണ്. സുകുമാരന്റെയും മക്കളുടെയും വരുമാനമായിരുന്നു ഈ കുടുംബത്തിന്റെ ആശ്രയം. ദുരന്തവാര്‍ത്തയറിഞ്ഞ് ഭാര്യ സത്യഭാമയും മകള്‍ സിന്ധുവും തളര്‍ന്നുപോയി. ഏറെ നിര്‍ധനമായ കുടുംബമാണിതും. സുകുമാരന്‍ സിപിഐ എം പന്നിയംകുറിശി ബ്രാഞ്ചംഗമാണ്. ഒരുതവണ ഗള്‍ഫില്‍ പോയി ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നെല്ലായ ഇളപ്പാംകോട്ട താഴത്തേതില്‍ മുസ്തഫക്ക് മടങ്ങേണ്ടിവന്നു. നേരത്തെയും കൂലിപ്പണിതന്നെയായിരുന്നു ജീവിതമാര്‍ഗം. ഇതിനിടയ്ക്കാണ് ഗള്‍ഫില്‍ പോയത്. മടങ്ങിവന്നതിനുശേഷം കൂലിപ്പണിയായി കഴിഞ്ഞുകൂടുകയായിരുന്നു. അപ്പോഴാണ് പടക്കനിര്‍മാണശാലയിലെ ജോലി കിട്ടിയത്. മുസ്തഫയുടെ ഭാര്യ ആയിഷയും മക്കളായ അനീസ, ഫാരിസ, ജുമൈസ, ഉനൈസ എന്നിവരും ദുരന്തത്തിന്റെ ആഘാതത്തിലാണ്. വാപ്പ മൊയ്തീന്‍കുട്ടിയും ഉമ്മ നബീസയും വിവരം അറിഞ്ഞ് തളര്‍ന്നുകിടപ്പാണ്.

ചെര്‍പ്പുളശേരി പന്നിയംകുറിശി ആക്കത്തേയംപറമ്പില്‍ സദാശിവന്‍ മരിച്ച വിവരം ആദ്യം നാട്ടുകാരും സുഹൃത്തുക്കളും വീട്ടുകാരെ അറിയിച്ചിരുന്നില്ല. ഏറെക്കഴിഞ്ഞാണ് ഭാര്യ ഉഷയും മക്കളായ സനലും വിമലും വര്‍ഷയും ദുരന്തമറിഞ്ഞത്. ഏറെ നിര്‍ധനമായ കുടുംബത്തിന്റെ തണലാണ് അണഞ്ഞത്. സദാശിവന്‍ സിപിഐ എം പന്ന്യംകുറിശി ബ്രാഞ്ചംഗമാണ്. പന്നിയംകുറിശി ചെട്ടിക്കുന്ന്വീട്ടില്‍ രാമന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രാത്രിയോടെയാണ് മരിച്ചത്. തുന്നല്‍ ജോലിക്കാരനായിരുന്ന രാമന്‍ അതില്‍നിന്നും കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ട് കുടുംബം പുലര്‍ത്താന്‍ സാധിക്കാതെയാണ് കൂലിപ്പണിക്കും മറ്റും പോയിത്തുടങ്ങിയത്. അങ്ങനെയാണ് പടക്കനിര്‍മാണ ശാലയിലും ജോലിക്കെത്തിയത്. അത് ദുരന്തത്തിലും കലാശിച്ചു. ഭാര്യ: നിര്‍മല. മക്കള്‍: രാഗേഷ്, നിമിഷ, ജിഷ.

deshabhimani 03013

No comments:

Post a Comment