Sunday, March 3, 2013

അഡ്വ. നിക്കോളാസിനെതിരായ കേസ് നിയമവിരുദ്ധം: സിപിഐ എം


തളിപ്പറമ്പിലെ അഭിഭാഷകന്‍ നിക്കോളാസ് ജോസഫിനെതിരെ കേസെടുത്ത പൊലീസ് നടപടി നിയമവിരുദ്ധവും അപക്വവും നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് കേസിന് കാരണമായി പറയുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി പൊലീസിനെ ദുരുപയോഗപ്പെടുത്തുന്നതിന്റെ ദൃഷ്ടാന്തമാണ് ഈ സംഭവം. സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജനെയും ടി വി രാജേഷ് എംഎല്‍എയെയും കള്ളക്കേസില്‍ കുടുക്കുന്നതിന് നടത്തിയ ശ്രമം തെളിവു സഹിതം പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂരും ചേര്‍ന്ന് ലീഗ് നേതൃത്വത്തെ പ്രീണിപ്പിക്കുന്നതിന് നടത്തിയ ഗൂഢാലോചന പുറത്തായതിന്റെ ജാള്യം മറയ്ക്കാനാണ് പുതിയ നീക്കം. എംഎംഎസ് അയച്ച് പ്രതിയെ നിശ്ചയിച്ചെന്നും പാര്‍ടിക്കോടതി വിധിച്ചെന്നും മറ്റുമുള്ള പ്രചാരവേലകള്‍ തുടക്കത്തിലെ പൊളിഞ്ഞു. അക്കാര്യങ്ങളൊന്നും കേസ് ചാര്‍ജ് ചെയ്തപ്പോള്‍ എവിടെയും പരാമര്‍ശിച്ചില്ല. 118-ാം വകുപ്പ് അനുസരിച്ച് നേതാക്കളെ പ്രതിചേര്‍ത്തതും അബദ്ധമായെന്ന് യുഡിഎഫ് നേതൃത്വത്തിന് ബോധ്യമായിരിക്കുന്നു. സാക്ഷികളായി ചേര്‍ക്കപ്പെട്ടവര്‍ തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലൂടെ കേസിന്റെ നില്‍നില്‍പ്പ് തന്നെ ചോദ്യംചെയ്യപ്പെടുകയാണ്. ഈ നിലയില്‍ അധികാര ദുര്‍വിനിയോഗം പ്രകടമായി പുറത്തുവന്നതോടെയാണ് പുതിയ ഗൂഢനീക്കവുമായി യുഡിഎഫ് മുന്നോട്ട് വരുന്നത്. അതിന്റെ ഭാഗമാണ് നിരപരാധിയായ അഭിഭാഷകനും മറ്റുമെതിരെ കള്ളക്കേസെടുത്തത്. ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുന്നതോടെ ജനശ്രദ്ധ അതിലാവും എന്ന ധാരണയിലാണ് ഈ ഹീനശ്രമം. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ ജില്ലാ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

അഭിഭാഷകര്‍ പ്രതിഷേധിച്ചു

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസിലെ പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ നിക്കോളാസ് ജോസഫിനെതിരെ കേസെടുത്ത നടപടിക്കെതിരെ അഭിഭാഷക സമൂഹം പ്രതിഷേധിച്ചു. കേസ് പിന്‍വലിക്കുക, അഭിഭാഷകരുടെ കൃത്യനിര്‍വഹണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്് ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡില്‍ പ്രതിഷേധ പൊതുയോഗം നടത്തി. എഐഎല്‍യു സംസ്ഥാന സെക്രട്ടറി ബി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സമാനമായ കേസുകളില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഇരട്ട നീതി നിയമവാഴ്ച തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജഡ്ജിമാരെ രാഷ്ട്രീയനേതാക്കളുടെ തിണ്ണ നിരങ്ങികളെന്ന് വിളിച്ച കെ സുധാകരനെതിരെ കേസെടുക്കാന്‍ കേരളത്തില്‍ പൊലീസുണ്ടായില്ല. പാതയോര പൊതുയോഗങ്ങള്‍ നിരോധിച്ച വിഷയത്തില്‍ നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ എം വി ജയരാജനെതിരെ കേസെടുക്കാന്‍ പൊലീസിന് അമിതാവേശമായിരുന്നു. കെ സുധാകരന്റെ ഡ്രൈവര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ കേസെടുക്കാതിരുന്നതും ഇരട്ട നീതിയുടെ തെളിവുകളാണ് രാജേന്ദ്രന്‍ പറഞ്ഞു. ചടങ്ങില്‍ ലോയേഴ്സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് എം ഷറഫുദ്ദീന്‍ അധ്യക്ഷനായി. പി കെ അന്‍വര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി ബി പി ശശീന്ദ്രന്‍ സ്വാഗതവും സുധീഷ് തറോല്‍ നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment