Friday, March 1, 2013

സ്ത്രീകളെ കാണാത്ത "സ്ത്രീ ബജറ്റ് "


രാജ്യത്തെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ കണ്ടില്ലെന്നുനടിച്ച്, വനിതാബാങ്ക് രൂപീകരണത്തിലൂടെ കൈയടി നേടാന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ ശ്രമം. സ്ത്രീകളുടെ സാമൂഹ്യമോ സാമ്പത്തികമോ ആയ ജീവിത സാഹചര്യങ്ങളുടെ ഉന്നമനത്തിനുള്ള ഒരു പദ്ധതിയും ഫണ്ടുമില്ലാതിരുന്നിട്ടും വനിതാസൗഹൃദ ബജറ്റെന്ന് അവകാശപ്പെടുകയാണ് ചിദംബരം. പൊതുമേഖലയില്‍ തുടങ്ങുന്ന വനിതാ ബാങ്കിന് ആദ്യഘട്ട മൂലധനമായി 1,000 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ബാങ്കിന്റെ ലൈസന്‍സ് അടക്കമുള്ള നടപടിക്രമങ്ങള്‍ അടുത്ത ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് ചിദംബരം പറഞ്ഞു. സ്ത്രീകള്‍ക്കും സ്ത്രീകള്‍ നടത്തുന്ന വ്യാപാരങ്ങള്‍ക്കും സ്വയം സഹായ ഗ്രൂപ്പുകള്‍ക്കും വേണ്ടിയുള്ള സ്ഥാപനം എന്ന നിലയ്ക്കാണ് ബാങ്ക് വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍, ബാങ്കിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സ്ത്രീകളെ ആശ്രയിച്ചാകില്ല.

കഴിഞ്ഞ ബജറ്റില്‍ 88,142 രൂപ സ്ത്രീകള്‍ക്ക് നീക്കിവച്ചു. ഇത് പിന്നീട് 78,111 കോടി രൂപയായി പുനര്‍നിശ്ചയിച്ചു. ഇത്തവണ 97,133 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. റവന്യൂ ചെലവ് വെട്ടിക്കുറയ്ക്കല്‍ ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്ന സര്‍ക്കാര്‍ ഇതില്‍ എത്ര രൂപ ചെലവഴിക്കുമെന്ന് കണ്ടറിയണം. വനിത, ശിശുക്ഷേമ പദ്ധതികള്‍ക്കായി ബജറ്റില്‍ 20,440 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ ഇത് 18,584 കോടി രൂപയായിരുന്നു. എന്നാല്‍, ചെലവഴിച്ചത് 17,263 കോടി രൂപ മാത്രം. ഇപ്രാവശ്യവും നീക്കിവച്ച തുകയില്‍ വലിയ പങ്ക് വെട്ടിക്കുറയ്ക്കുമെന്നുറപ്പ്. തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്താന്‍ വകയിരുത്തിയത് വെറും 200 കോടി രൂപയാണ്. തൊഴിലിടങ്ങളിലെ സാഹചര്യം മെച്ചപ്പെടുത്താന്‍ കഴിഞ്ഞ ബജറ്റ് നീക്കിവച്ചത് 150 കോടി രൂപയായിരുന്നു. ചെലവഴിച്ചതാകട്ടെ 132 കോടിയും.

അസംഘടിത മേഖലയിലെ സ്ത്രീതൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചിദംബരം കണ്ടില്ലെന്നു നടിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തിനും സാക്ഷരതയ്ക്കുമായി കഴിഞ്ഞവര്‍ഷം ചെലവഴിച്ച തുകയില്‍ കാര്യമായ വര്‍ധന വരുത്താന്‍ ധനമന്ത്രി കൂട്ടാക്കിയില്ല. നേരിട്ടുള്ള സബ്സിഡി പദ്ധതി ദോഷകരാമായി ബാധിക്കുന്നത് സ്ത്രീകളെയാണ്. എന്നാല്‍, പദ്ധതി സര്‍ക്കാരിന്റെ വന്‍ നേട്ടമായി അവതിരിപ്പിക്കുകയാണ് ധനമന്ത്രി. ഗ്രാമീണ, നഗര മേഖലയില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം കൂട്ടാനോ അവര്‍ക്ക് അര്‍ഹമായ കൂലി ഉറപ്പുവരുത്താനോ ബജറ്റില്‍ പദ്ധതിയില്ല. സംയോജിത ശിശുവികസന പദ്ധതിക്ക് 17700 കോടി രൂപ നീക്കിവയ്ക്കുന്നുവെന്നും ഇത് 11.7 ശതമാനം കൂടുതലാണെന്നും ബജറ്റ് പ്രസംഗത്തില്‍ ചിദംബരം അവകാശപ്പെട്ടു. എന്നാല്‍, ബജറ്റ് രേഖയില്‍ കാണുന്നത് 10,443 കോടി രൂപ നീക്കിവച്ചുവെന്നാണ്.
(പി വി അഭിജിത്)

തൊഴിലുറപ്പു പദ്ധതിയെ അവഗണിച്ചു

ജനജീവിതത്തിന് ആശ്വാസമേകുന്ന ഒരു നിര്‍ദേശവുമില്ലാതെ യുപിഎ സര്‍ക്കാരിന്റെ പൊതുബജറ്റ്. ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് തൊഴിലും വരുമാനവും നല്‍കുന്നതില്‍ വലിയ പങ്കുവഹിച്ച ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് തുക ഒട്ടും വര്‍ധിപ്പിച്ചില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 33000 കോടി രൂപ തന്നെയാണ് ഇക്കുറിയും. ഭക്ഷ്യ സബ്സിഡിയില്‍ നാമമാത്രമായ വര്‍ധനയാണ് വരുത്തിയത്. ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് ഉള്‍പ്പടെയാണ് 5000 കോടി രൂപയുടെ സബ്സിഡി വര്‍ധന. കഴിഞ്ഞ വര്‍ഷം 85000 കോടി രൂപയാണ് ഭക്ഷ്യ സബ്സിഡിക്കായി നീക്കിവച്ചത്. ഇത്തവണ 90000 കോടിയായി വര്‍ധിപ്പിച്ചു. വളം സബ്സിഡിയില്‍ മൂന്ന് കോടി കുറഞ്ഞു.(65974ല്‍ നിന്ന് 65971 കോടിയായി കുറച്ചു). പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള സബ്സിഡി 99879 കോടിയില്‍ നിന്ന് 65000 കോടിയായി കുറച്ചു.

ബജറ്റിന് മുമ്പുതന്നെ ജനദ്രോഹ നടപടികളിലൂടെ കടുത്ത സാമ്പത്തികഭാരം അടിച്ചേല്‍പ്പിച്ചിരുന്നു. ഡീസല്‍, പാചകവാതകം എന്നിവയുടെ വില കൂട്ടിയും സിലിണ്ടറുകളുടെ എണ്ണം കുറച്ചും ജീവിതഭാരമുയര്‍ത്തിയ യുപിഎ സര്‍ക്കാര്‍ സബ്സിഡിയില്‍ വലിയ വെട്ടിക്കുറവാണ് ബജറ്റില്‍ വരുത്തിയത്. കാര്‍ഷിക മേഖലയ്ക്ക് നീക്കിവച്ചത് 24049 കോടി മാത്രം. ഗ്രാമവികസന പദ്ധതികള്‍ക്കാകെ 80194 കോടിയും. കോര്‍പറേറ്റ് പ്രീണനം മറച്ചുവയ്ക്കാതെ അവതരിപ്പിച്ച ബജറ്റില്‍ വിലക്കയറ്റം നിയന്ത്രിക്കാനോ പുതിയ തൊഴിലവസരം സൃഷ്ടിക്കാനോ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാനോ ധനകമ്മിയും വ്യാപാരശിഷ്ടവും കുറയ്ക്കാനോ ഉള്ള ഫലപ്രദമായ നിര്‍ദേശങ്ങളൊന്നുമില്ല. ധനകമ്മി നടപ്പു സാമ്പത്തികവര്‍ഷം 5.2 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. 2013-14 വര്‍ഷം 4.8 ശതമാനത്തില്‍ ധനകമ്മി ഒതുക്കിനിര്‍ത്തുമെന്നാണ് പ്രഖ്യാപനം. അധികനികുതിയായി 18000 കോടി രൂപയാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഒരു കോടിയില്‍ കൂടുതല്‍ വരുമാനമുള്ള 42800 പേരില്‍നിന്ന് അവരുടെ നികുതിയില്‍ 10 ശതമാനം സര്‍ച്ചാര്‍ജ് ചുമത്തും. ഇത് 2013-14 വര്‍ഷത്തേക്കുമാത്രമാണ്.

2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തൃതിയുള്ള എസി റസ്റ്റോറന്റുകള്‍ക്ക് സേവനനികുതി ഏര്‍പ്പെടുത്തി. ആദായനികുതി പരിധി ഉയര്‍ത്തിയില്ല. തൊഴിലുറപ്പു പദ്ധതിക്ക് അനുവദിച്ചത് കേവലം 33000 കോടി. സബ്സിഡി വന്‍തോതില്‍ വെട്ടിക്കുറച്ചു. കോര്‍പറേറ്റുകള്‍ക്ക് 573626 ലക്ഷം കോടി രൂപയുടെ നികുതിയിളവ് പ്രഖ്യാപിച്ചു. 533582 കോടിയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഇളവ്. 2012-13ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ധനകമ്മി 520925 കോടിയാണ്. ഇതിനേക്കാള്‍ കൂടുതലാണ് കോര്‍പറേറ്റുകള്‍ക്ക് നല്‍കിയ നികുതിയിളവ്. മൊത്തം 1665297 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ഇതില്‍ 555322 കോടി പദ്ധതിച്ചെലവാണ്. നടപ്പു സാമ്പത്തികവര്‍ഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ബജറ്റ് ചെലവ് 1430825 കോടിയായിരുന്നു. 2012-13ലെ ബജറ്റില്‍ പദ്ധതിച്ചെലവ് 521025 കോടിയായിരുന്നു. പുതുക്കിയ എസ്റ്റിമേറ്റില്‍ 429187 കോടിയായി വെട്ടിക്കുറച്ചു. അതുകൊണ്ടുതന്നെ ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതിച്ചെലവില്‍ വന്‍ വര്‍ധനയുണ്ടായെന്ന് അവകാശപ്പെടാന്‍ കഴിയില്ല. കോര്‍പറേറ്റ്-സമ്പന്ന വിഭാഗത്തെമാത്രം സഹായിക്കുന്നതാണ് ബജറ്റ്. പാവപ്പെട്ടവരെയും ഇടത്തരക്കാരെയും ദ്രോഹിക്കുന്ന നയങ്ങള്‍ തുടര്‍ന്നു. നിര്‍ഭയഫണ്ട്, വനിതാബാങ്ക് എന്നീ പ്രഖ്യാപനങ്ങള്‍ നടത്തി ജനദ്രോഹത്തിന് മറയിടാനാണ് ചിദംബരം ശ്രമിച്ചത്. സാധാരണക്കാരുടെ ജീവിതത്തില്‍ അനുകൂലമായ മാറ്റം വരുത്തുന്ന ഒരു നിര്‍ദേശവും ബജറ്റിലില്ല.
(വി ജയിന്‍)

ധനകമ്മി നിയന്ത്രിക്കാന്‍ പദ്ധതികള്‍ വെട്ടിക്കുറയ്ക്കുന്നു

ധനകമ്മി മൂന്നുവര്‍ഷംകൊണ്ട് മൂന്നു ശതമാനമായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കടുത്ത നടപടികളാണ് കേന്ദ്രബജറ്റില്‍ സ്വീകരിച്ചിരിക്കുന്നത്. സബ്സിഡികള്‍ വെട്ടിക്കുറച്ചതു കൂടാതെ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കുമുള്ള തുക വന്‍തോതില്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു. 2012-13ല്‍ ബജറ്റില്‍ പ്രഖ്യാപിച്ച നിരവധി ചെലവുകള്‍ വെട്ടിക്കുറച്ചാണ് ധനകമ്മി 5.2 ശതമാനത്തില്‍ ഒതുക്കിയത്. 2013-14ല്‍ ഇത് 4.8 ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ധനകമ്മി നിയന്ത്രിക്കാന്‍ ബജറ്റ് ചെലവുകള്‍ വെട്ടിക്കുറയ്ക്കുകയാണ് പ്രധാന വഴിയായി കണ്ടിരിക്കുന്നത്. പുതിയ വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമം നടത്തിയിട്ടില്ല. സാധാരണക്കാരും പാവപ്പെട്ടവരും അനുഭവിക്കുന്ന ആനുകൂല്യങ്ങളും സഹായങ്ങളും ഇല്ലാതാക്കുക എന്നതാണ് പ്രധാന വഴിയായി കണ്ടത്. അതിന്റെ ഭാഗമായാണ് സബ്സിഡി വെട്ടിക്കുറയ്ക്കല്‍. മൊത്തം നാണയപ്പെരുപ്പം കുറഞ്ഞെങ്കിലും ഭക്ഷ്യ നാണയപ്പെരുപ്പം കുറയുന്നില്ല. ഭക്ഷ്യവസ്തുക്കളുടെ വില കുറയ്ക്കാനുള്ള നടപടികളെടുക്കുന്നതുമില്ല. ഭക്ഷ്യ എണ്ണ, പയറുവര്‍ഗങ്ങള്‍ എന്നിവ ഇറക്കുമതിചെയ്താണ് ആവശ്യം പൂര്‍ണമായി നിറവേറ്റുന്നത്. അവയുടെ വില ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. ഒരേസമയം വ്യാപാരശിഷ്ടം വര്‍ധിപ്പിക്കുകയും വിലക്കയറ്റം സൃഷ്ടിക്കുകയും ചെയ്യുന്നു ഇത്. നാണയപ്പെരുപ്പ നിരക്കും രൂപയുടെ മൂല്യത്തിലുണ്ടായ കുറവും കണക്കിലെടുത്ത് പരിശോധിക്കുമ്പോള്‍ മൊത്തം ബജറ്റ് ചെലവ് രാജ്യത്തിന്റെ ആവശ്യം നിറവേറ്റാന്‍ മതിയാവുന്നതല്ല. 2012-13ല്‍ വിവിധ സബ്സിഡികള്‍ക്കായി നീക്കിവച്ചത് 1,79,554 കോടി രൂപയായിരുന്നു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഇത് 2,47,854 കോടി രൂപയായി ഉയര്‍ന്നു. അടുത്ത സാമ്പത്തികവര്‍ഷത്തേക്ക് ആകെ 2,20,972 കോടി രൂപയാണ് സബ്സിഡിയായി നിശ്ചയിച്ചിരിക്കുന്നത്. ഏകദേശം 27,000 കോടിയുടെ കുറവ്. സ്വകാര്യനിക്ഷേപം വന്‍തോതില്‍ ആകര്‍ഷിക്കുകയും പൊതുചെലവുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യുകയെന്നതാണ് സര്‍ക്കാര്‍തന്ത്രമായി സ്വീകരിച്ചിരിക്കുന്നത്.

ജനവിരുദ്ധ ബജറ്റ്: സിപിഐ എം

പാവപ്പെട്ടവര്‍ക്കെതിരായ ബജറ്റാണ് ചിദംബരം അവതരിപ്പിച്ചതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. ഉയര്‍ന്ന വിലക്കയറ്റം, വര്‍ധിച്ച തൊഴിലില്ലായ്മ, കുറഞ്ഞ സാമ്പത്തികവളര്‍ച്ച തുടങ്ങി നീറുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരവും നിര്‍ദേശിക്കാത്ത ബജറ്റാണിത്. ചെലവ് കുറച്ച് ധനകമ്മി കുറയ്ക്കുകയെന്ന നവഉദാരനയങ്ങളാണ് ബജറ്റിലുള്ളത്. വിഭവസമാഹരണം സംബന്ധിച്ച പ്രസ്താവനയാകട്ടെ അയഥാര്‍ഥവും. ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും പിബി ആഹ്വാനംചെയ്തു.

വിലക്കയറ്റം, പെരുകിവരുന്ന കറന്റ് അക്കൗണ്ട് കമ്മി, കുറഞ്ഞ നിക്ഷേപവും സമ്പാദ്യ നിരക്കും, വിദേശഫണ്ടിനെ കൂടുതലായി ആശ്രയിക്കല്‍ എന്നിവയാണ് പ്രധാനപ്രശ്നങ്ങളെന്ന് സാമ്പത്തിക സര്‍വേയില്‍ പറഞ്ഞിരുന്നു. കൃഷിയിലും ഗ്രാമീണ മേഖലയിലും ചെറുകിട വ്യവസായ മേഖലയിലും വര്‍ധിച്ച നിക്ഷേപം നടത്തിയാല്‍മാത്രമേ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാനാകൂ. പുതുക്കിയ കണക്കനുസരിച്ച് ധനകമ്മി 5,20,925 കോടിയാണ്. വന്‍കിടക്കാര്‍ക്ക് നല്‍കിയ 5,73,630 കോടി രൂപയുടെ ഇളവുകളേക്കാള്‍ കുറവാണിത്. സമ്പന്നര്‍ക്ക് നല്‍കിയ ഇളവാണ് വര്‍ധിച്ച ധനകമ്മിക്ക് കാരണം. ഇത് കുറയ്ക്കാന്‍ ജനങ്ങളില്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്നു. മൊത്തം ചെലവില്‍ നാല് ശതമാനം കുറയ്ക്കാനാണ് ബജറ്റ് ശുപാര്‍ശചെയ്യുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷം തുടര്‍ച്ചയായി എട്ട് ശതമാനം വര്‍ധന രേഖപ്പെടുത്തിയ ഉപഭോക്തൃചെലവ് നാല് ശതമാനമായി കുറഞ്ഞതും ഉല്‍ക്കണ്ഠയുളവാക്കുന്നു. വാങ്ങല്‍ശേഷി കുറഞ്ഞിട്ടും വിലക്കയറ്റം തുടരുന്നു. സബ്സിഡിയിലാകട്ടെ 26571 കോടിയുടെ കുറവാണുണ്ടായത്. ഭക്ഷ്യസുരക്ഷയ്ക്കായി സബ്സിഡിയില്‍ വരുത്തിയ വര്‍ധന നാമമാത്രവും.

പെട്രോളിയം സബ്സിഡിയില്‍ 30000 കോടി രൂപയുടെ കുറവാണുണ്ടായത്. തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികമൊന്നും അനുവദിച്ചിട്ടുമില്ല. പൊതുമേഖലയുടെ ഓഹരിവില്‍പ്പനയിലൂടെ 50,000 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ആവശ്യമായ പണം അനുവദിച്ചിട്ടുമില്ല. ജിഡിപിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ തുകയാണ് വകയിരുത്തിയിട്ടുള്ളത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഗ്രാമീണ വികസനത്തിനും ജിഡിപിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ തുകയാണ് വകയിരുത്തിയിട്ടുള്ളത്. പട്ടികവര്‍ഗ ഉപപദ്ധതിക്ക് നിര്‍ദിഷ്ട തുകയേക്കാള്‍ 20900 കോടി രൂപ കുറവാണുതാനും. പട്ടികജാതിക്കുള്ള പ്രത്യേക പദ്ധതിക്കുള്ള വകയിരുത്തല്‍ 50 ശതമാനം കുറവാണ്-പിബി പ്രസ്താവനയില്‍ പറഞ്ഞു. സാമ്പത്തിക വളര്‍ച്ച നേരിടാനോ സമഗ്ര വികസനം ഉറപ്പാക്കാനോ കഴിയാത്ത ബജറ്റാണിതെന്ന് സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. കൃഷിക്കാര്‍ക്കും ഗ്രാമീണര്‍ക്കും ഒരു ഗുണവും ഇല്ലാത്ത ബജറ്റാണിതെന്നും യെച്ചൂരി പറഞ്ഞു.

deshabhimani 010313

No comments:

Post a Comment