Friday, March 1, 2013
20 ആവശ്യവും ചവറ്റുകുട്ടയില്‍
കേന്ദ്രബജറ്റിനു മുന്നോടിയായി ധനമന്ത്രി ചിദംബരം വിളിച്ചുചേര്‍ത്ത സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ കേരളം 20 ആവശ്യം ഉന്നയിച്ചിരുന്നു. ധനമന്ത്രി കെ എം മാണിയാണ് സമഗ്രവികസനത്തിന് എന്ന പേരില്‍ ഈ ആവശ്യങ്ങളുയര്‍ത്തിയത്. ഒന്നുപോലും ചിദംബരം അംഗീകരിച്ചില്ല. അടിസ്ഥാനസൗകര്യവികസനത്തിനും സംസ്ഥാനത്തിന്റെ മെഗാ പദ്ധതികള്‍ക്കും പാക്കേജുകള്‍ക്കും കാര്യമായ സഹായം പ്രതീക്ഷിച്ചത് വെറുതെയായി. സംസ്ഥാനത്തിനായി പുതിയ ഒറ്റ പദ്ധതിയും ബജറ്റിലില്ല. ഐഐടി, എഐഐഎംഎസ് തുടങ്ങിയ ആവശ്യങ്ങളെല്ലാം അവഗണിച്ചു. സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തെ അവഗണിച്ചപ്പോള്‍ ബംഗാളിലും ആന്ധ്രയിലും പുതിയ തുറമുഖങ്ങള്‍ക്ക് പണം വകയിരുത്തി. കൊച്ചി മെട്രോയ്ക്ക് ആദ്യഘട്ടമായി 294 കോടി രൂപയുടെ സഹായമാണ് ആവശ്യപ്പെട്ടത്. കിട്ടിയതാകട്ടെ വെറും 130 കോടി. ഇതില്‍ 100 കോടിയും ഓഹരിയാണ്.
റെയില്‍വേ ബജറ്റിലേതുപോലെ കടുത്ത അവഹേളനമാണ് പൊതുബജറ്റിലും കേരളത്തിന് കിട്ടിയത്. ഇവിടെനിന്ന് എട്ടു പേര്‍കേന്ദ്രമന്ത്രിസഭയിലുണ്ടായിട്ടും സംസ്ഥാനത്തിന്റെ പദ്ധതികള്‍ക്ക് കാര്യമായ വിഹിതം വകയിരുത്തിക്കാന്‍ കഴിഞ്ഞില്ല. സംസ്ഥാന ബജറ്റിന് സഹായകമല്ല കേന്ദ്രബജറ്റ് നിര്‍ദേശങ്ങളെന്ന് മന്ത്രി മാണിതന്നെ തുറന്നുസമ്മതിച്ചു. ഈ ബജറ്റിലും യുഡിഎഫ് സര്‍ക്കാര്‍ കഴിവുകേടും നിസ്സഹായതയും ഒരിക്കല്‍കൂടി തെളിയിച്ചു. കേരളത്തിലെത്തിയാല്‍ വലിയ വായില്‍ ഒച്ചയിടുന്ന എട്ടു കേന്ദ്രമന്ത്രിമാര്‍ ഡല്‍ഹിയില്‍ സംസ്ഥാനത്തിനായി നാവനക്കാറില്ലെന്നും ഈ ബജറ്റ് വ്യക്തമാക്കി.
നാളികേര കൃഷിവികസനത്തിന് 75 കോടി നീക്കിവച്ചതായി കൊട്ടിഘോഷിക്കുന്നു. എന്നാല്‍, തെങ്ങ് പുനര്‍കൃഷിക്ക് വര്‍ഷങ്ങള്‍ക്കു മുമ്പേ പ്രഖ്യാപിച്ച 478 കോടിയുടെ പദ്ധതി ഫലപ്രദമായി നടപ്പാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. വെളിച്ചെണ്ണ വിലയിടിവ് തടയാന്‍, ഭക്ഷ്യഎണ്ണ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വെളിച്ചെണ്ണയ്ക്ക് സബ്സിഡി അനുവദിക്കണമെന്ന ആവശ്യം ഇത്തവണയും തള്ളി. കാര്‍ഷികമേഖലയെ രക്ഷിക്കാന്‍ സമഗ്രവിള ഇന്‍ഷുറന്‍സ്, കാര്‍ഷിക പാക്കേജുകള്‍, പരമ്പരാഗത കയറ്റുമതി ഉല്‍പ്പന്നങ്ങളുടെ വിപണനസാധ്യത മെച്ചപ്പെടുത്തല്‍, ടൂറിസം-ഐടി-വ്യവസായം-ഊര്‍ജോല്‍പ്പാദനം-അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളില്‍ സഹായം പ്രതീക്ഷിച്ചത് വെറുതെയായി. വിഴിഞ്ഞം തുറമുഖപദ്ധതിക്കെതിരെ കേന്ദ്രതലത്തില്‍ ശക്തമായ നീക്കമാണ് നടക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 4010 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിക്ക് വകയിരുത്തലില്ല. കൊച്ചി മെട്രോപദ്ധതിക്ക് ജപ്പാനിലെ ജൈക്കയില്‍നിന്ന് വായ്പ ലഭിക്കാന്‍ രണ്ടു വര്‍ഷമെങ്കിലും എടുക്കുമെന്ന സാഹചര്യത്തില്‍ കേന്ദ്രസഹായം അനിവാര്യമായിരുന്നു. ഊര്‍ജമേഖലയ്ക്ക് രണ്ടായിരം കോടിയുടെയും കെഎസ്ആര്‍ടിസിയെ രക്ഷിക്കാനും ഗതാഗത പരിഷ്കാരങ്ങള്‍ക്കുമായി 960 കോടി തുടങ്ങി സംസ്ഥാനത്തിന്റെ സഹായാഭ്യര്‍ഥനയൊന്നും കേന്ദ്രം കേട്ടില്ല.
(കെ എം മോഹന്‍ദാസ്)
deshabhimani 010313
Labels:
ബജറ്റ്,
രാഷ്ട്രീയം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment