സത്യന്‍ അന്തിക്കാടിന്റെ നാടോടിക്കാറ്റെന്ന സിനിമയാണ് മുനിയുടെ മനസ്സില്‍. ഗള്‍ഫ് എന്ന സ്വപ്നവുമായി കഴിയുന്ന മോഹന്‍ലാലിനെയും ശ്രീനിവാസനെയും ഉരുവില്‍ കയറ്റിവിട്ട മാമുക്കോയയുടെ ഗഫൂര്‍ക്കായുടെ വെളുക്കെയുള്ള ചിരി എന്നുമുണ്ട് ഉള്ളില്‍. ആവശ്യക്കാരെ അക്കരെക്കടത്തിവിടുന്ന ഗഫൂര്‍ മലപ്പുറത്തുമുണ്ട്. കൂട്ടത്തോടെ തിരിച്ചെത്തിയ പ്രവാസികള്‍ തിരിച്ചുപോകാനാവാതെ വലഞ്ഞപ്പോള്‍ ടിയാനായിരുന്നു ആശ്രയം. ചില്വാനം കൊടുത്താല്‍ പാസ്പോര്‍ട്ട് റെഡി. ഉരുവിലല്ല, വിമാനത്തില്‍ത്തന്നെ കയറ്റിവിടും. വിമാനത്താവളത്തില്‍ "ഗഫൂര്‍ കാ ദോസ്ത്" എന്നുമാത്രം പറയുക. ഇഷ്ടന്റെ വീട്ടില്‍ നേരറിയാനെത്തിയ സിബിഐക്കാര്‍ക്ക് കിട്ടിയത് രണ്ടര ലക്ഷം രൂപയാണ്. എന്നാല്‍ ആ തുക വീടുപണിക്കുള്ളതാണെന്ന് വിശദീകരണം. സിബിഐക്ക് എന്ത് വീട്? അവര്‍ നോട്ടുകെട്ടും രേഖകളും പെറുക്കിക്കൊണ്ടുപോയി.
ബേജാറായ ഓഫീസര്‍ തന്നെ നിയമിച്ച പച്ചക്കോട്ടുകാരെയെല്ലാം വിളിച്ചു. ലോകംചുറ്റുന്ന കേന്ദ്രസഹമന്ത്രിയും കേരളം ഭരിക്കുന്ന കുഞ്ഞാപ്പ മന്ത്രിയും രക്ഷിക്കാനെത്തുമോയെന്നാണ് പ്രതീക്ഷ. "ഹരിതസ്വപ്നം" ആവോളമുള്ള ഏക ജനറല്‍ സെക്രട്ടറിക്കും ഇടപെടാതിരിക്കാനാവില്ല. കാരണം ഇവരെയെല്ലാം തോക്കുംപിടിച്ച് കാത്തുരക്ഷിച്ച ചരിത്രമുണ്ട് ഈ ഗുഡ് ഓഫീസര്‍ക്ക്! അക്കാലത്ത് അവര്‍ക്കൊന്നും ഒരു പോറല്‍പോലുമേറ്റില്ലെന്നത് നേര്.
പൊലീസുകാരനായി നാട്ടുകാരോട് കണ്ണുരുട്ടുന്നതിനിടെയാണ് ബമ്പറടിച്ചത്. കേട്ടവര്‍ കേട്ടവര്‍ മൂക്കത്തു വിരല്‍വച്ചു. കേവലം ഡിവൈഎസ്പിയായയാള്‍ പാസ്പോര്‍ട്ട് ഓഫീസറുടെ കസേരയില്‍. നിയമവും കീഴ്വഴക്കവും ചോദിക്കരുത്. പച്ചക്കോട്ടിടോ എന്നാല്‍ നിങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ കസേരയില്‍ വരെ ഇരിക്കാം. അഖിലേന്ത്യാ പ്രസിഡന്റിനെ സംസ്ഥാന പ്രസിഡന്റ് പുറത്താക്കിയ കൂട്ടരാണ്. ആരും കേറാത്ത കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ സുരക്ഷാകേന്ദ്രത്തില്‍ കയറി കൊടി നാട്ടി ലോക റെക്കോര്‍ഡിട്ടവര്‍... സ്ത്രീകളുടെ വിവാഹ പ്രായം 18ല്‍നിന്ന് 16 ആക്കിയും ചരിത്രം സൃഷ്ടിച്ചു.
ഓര്‍മകള്‍ മേയുന്ന മുറ്റത്തുനിന്ന് പാസ്പോര്‍ട്ട് ഓഫീസറുടെ യോഗ്യതയെന്തെന്ന് മുനി ഒരുവട്ടംകൂടെ ആലോചിക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെയും മജീദ് സാഹിബ്ബിന്റെയും തോക്കുപിടുത്തക്കാരനായിരുന്നു കക്ഷി കുറേനാള്‍. പാര്‍ടിയോടുള്ള കൂറ് പിന്നേയും തുടര്‍ന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലെ ലീഗുകാര്‍ തെരുവില്‍ അഴിഞ്ഞാടിയപ്പോള്‍ കൂട്ടത്തില്‍ "ഓഫീസറു"മുണ്ടായിരുന്നു. ഇനി എന്തെല്ലാം കാണണം. വാര്‍ത്ത: പാസ്പോര്‍ട്ട് കൈക്കൂലി: അറസ്റ്റ് ഉണ്ടാകും മുനിവാക്യം: ഒടുവില്‍ ടിക്കറ്റ് ഓ...കെ
മുനി deshabhimani
No comments:
Post a Comment