Friday, March 1, 2013
കുത്തകകള്‍ക്ക് വാരിക്കോരി
ധനകമ്മി കുറയ്ക്കാന്‍ ജനക്ഷേമ സബ്സിഡികള്‍ ഒന്നൊന്നായി വെട്ടിക്കുറയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ മറുവശത്ത് വന്‍കിട കുത്തകകള്‍ക്ക് വലിയതോതില്‍ നികുതി ഇളവുകള്‍ പ്രഖ്യാപിക്കുന്നു. പെട്രോളിയം സബ്സിഡി മുപ്പതിനായിരം കോടി രൂപ വെട്ടിക്കുറച്ച ചിദംബരം കോര്‍പറേറ്റ് നികുതിയില്‍മാത്രം നല്‍കിയ ഇളവ് അറുപതിനായിരം കോടിയാണ്. ബജറ്റില്‍ പ്രതീക്ഷിക്കുന്ന ധനകമ്മിയേക്കാള്‍ അമ്പതിനായിരം കോടിയോളം അധികംവരും കോര്‍പറേറ്റുകള്‍ക്കും വന്‍കിടക്കാര്‍ക്കും നല്‍കിയ നികുതി ഇളവ്. വന്‍കിടക്കാരുടെ നികുതി ഇളവുകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ മാത്രം സര്‍ക്കാരിന് മിച്ചബജറ്റ് അവതരിപ്പിക്കാമായിരുന്നു.
വിവിധ നികുതി ഇളവുകളുടെ ചെറിയൊരു ഭാഗം പ്രയോജനപ്പെടുത്തിയിരുന്നെങ്കില്‍ രൂക്ഷമായ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഒട്ടനവധി നടപടികള്‍ സര്‍ക്കാരിന് സ്വീകരിക്കാമായിരുന്നു. കോര്‍പറേറ്റുകള്‍ക്കും വന്‍കിടക്കാര്‍ക്കുമായി സര്‍ക്കാര്‍ നല്‍കിയ നികുതി ഇളവ് 5,73626.7 കോടി രൂപയാണ്. 2011-12 ല്‍ 5,33582.7 കോടിയായിരുന്നു നികുതി ഇളവ്. നാല്‍പ്പതിനായിരം കോടി രൂപയുടെ വര്‍ധനയാണ് നികുതി ഇളവുകളില്‍ വരുത്തിയത്. ചിദംബരത്തിന്റെ ബജറ്റില്‍ ആകെ അനുവദിച്ചിട്ടുള്ള നികുതി ആനുകൂല്യങ്ങള്‍ 6,17787 കോടി രൂപയാണ്. ബജറ്റില്‍ ചിദംബരം പറയുന്ന ധനകമ്മിയാകട്ടെ 5,20925 കോടിയാണ്. ധനകമ്മിയേക്കാള്‍ ഒരു ലക്ഷം കോടിയോളമാണ് ആകെ നികുതി ആനുകൂല്യങ്ങള്‍. കോര്‍പറേറ്റ് ആദായ നികുതിയില്‍ മാത്രം 68007.6 കോടി രൂപയാണ് സര്‍ക്കാര്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. 2011-12 ല്‍ 61765.3 കോടിയായിരുന്നു കോര്‍പറേറ്റ് ആദായ നികുതി ഇളവ്. വ്യക്തിഗത ആദായനികുതിയില്‍ 45464 കോടി രൂപയാണ് നികുതി ഇളവ്. 2011-12 ല്‍ ഈ ഇളവ് 39375.4 കോടി രൂപയായിരുന്നു. എക്സൈസ് തീരുവ ഇനത്തില്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍ 2,06188 കോടി രൂപയാണ്. 2011-12 ല്‍ ഈ ഇനത്തിലെ ഇളവ് 195590 കോടി രൂപയായിരുന്നു. കസ്റ്റംസ് തീരുവ ഇനത്തിലെ ആകെ ഇളവുകള്‍ 2,53967 കോടി രൂപയാണ്. മുന്‍വര്‍ഷം ഈ ഇനത്തിലെ ഇളവ് 1,95590 കോടി രൂപയായിരുന്നു. പ്രത്യേക സാമ്പത്തിക മേഖലകള്‍ക്ക് 3372 കോടിയുടെ നികുതി ഇളവ് അനുവദിച്ചിട്ടുണ്ട്. കയറ്റുമതിക്കാര്‍ക്കുള്ള മുന്‍കൂര്‍ ലൈസന്‍സ് പദ്ധതി ഇനത്തില്‍ 19,334 കോടി രൂപയാണ് നികുതി ഇളവ്. ഇത്തരത്തില്‍ കയറ്റുമതി പ്രോല്‍സാഹനത്തിന്റെ ഭാഗമായുള്ള കേന്ദ്രത്തിന്റെ വിവിധ പദ്ധതികളിലായി 44,127 കോടി രൂപയുടെ നികുതി ആനുകൂല്യങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ഇതുകൂടി ചേര്‍ത്താണ് ആകെ 6,17787 കോടി രൂപയുടെ നികുതി ഇളവ് 2012-13 വര്‍ഷത്തില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ ചില ആനുകൂല്യങ്ങളും ഇളവുകളും ന്യായീകരിക്കാവുന്നതാണ്. എന്നാല്‍, ആറുലക്ഷം കോടി രൂപയെന്ന ഭീമന്‍ തുകയില്‍ എത്തക്കവിധം നികുതി ഇളവുകള്‍ ആവശ്യമുണ്ടോയെന്ന വലിയ ചോദ്യമാണ് ഉയരുന്നത്. പ്രത്യേകിച്ചും കോര്‍പറേറ്റുകള്‍ക്കും വന്‍കിടക്കാര്‍ക്കും നല്‍കുന്ന ആദായ നികുതി ഇളവുകള്‍. വളര്‍ച്ച ത്വരിതപ്പെടുത്താനെന്ന പേരില്‍ കോര്‍പറേറ്റുകള്‍ക്ക് വലിയതോതില്‍ നികുതി ആനുകൂല്യങ്ങള്‍ നല്‍കുന്നു സര്‍ക്കാര്‍.എന്നാല്‍, സബ്സിഡി ചെലവ് ഗണ്യമായി വെട്ടിക്കുറയ്ക്കാന്‍ വ്യഗ്രതപ്പെടുകയാണ്. ഇപ്പോഴത്തെ ബജറ്റില്‍ ഭക്ഷ്യസബ്സിഡിയില്‍ മാത്രമാണ് ചെറിയൊരു വര്‍ധന സര്‍ക്കാര്‍ വരുത്തിയിട്ടുള്ളത്. അതും നാമമാത്രം മാത്രം. 2012-13 ല്‍ 85000 കോടിയായിരുന്നു ഭക്ഷ്യസബ്സിഡിയെങ്കില്‍ അടുത്ത വര്‍ഷത്തേക്ക് ബജറ്റില്‍ അനുവദിച്ചിട്ടുള്ളത് 90,000 കോടി മാത്രമാണ്. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുമെന്നത് ബജറ്റില്‍ പ്രഖ്യാപിക്കുമ്പോഴും ഭക്ഷ്യസബ്സിഡിയില്‍ അയ്യായിരം കോടിയുടെ മാത്രം വര്‍ധനകൊണ്ട് ഇതെങ്ങനെ സാധ്യമാകുമെന്ന ചോദ്യമുയരുന്നുണ്ട്.
പെട്രോളിയം സബ്സിഡിയില്‍ 31000 കോടിയുടെ വെട്ടിക്കുറവാണ് വരുത്തിയത്. 2012-13 ല്‍ 96879.87 കോടിയായിരുന്ന പെട്രോളിയം സബ്സിഡി ബജറ്റില്‍ 65000 കോടിയായി വെട്ടിച്ചുരുക്കി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഡീസല്‍ സബ്സിഡി പൂര്‍ണമായി ഇല്ലാതാക്കുമെന്ന് ഇതില്‍ നിന്ന് വ്യക്തം. വളം സബ്സിഡിയില്‍ നാലുകോടിയുടെ വെട്ടിക്കുറവ് വരുത്തി. 2012-13 ല്‍ 65974.10 കോടിയായിരുന്ന സബ്സിഡി 65971.50 കോടിയായാണ് ചുരുക്കിയത്. ആകെ സബ്സിഡി ചെലവ് 2,57654.43 കോടിയായിരുന്നത് 2,31083.52 കോടി രൂപയായി വെട്ടിച്ചുരുക്കിയിരിക്കയാണ് ചിദംബരം. സബ്സിഡി പണം നേരിട്ട് അക്കൗണ്ടുകളിലേക്ക് എത്തിക്കുന്ന പദ്ധതി നടപ്പായി തുടങ്ങുമ്പോള്‍ സബ്സിഡി ചെലവ് കൂടുതല്‍ കുറയ്ക്കാമെന്ന പ്രതീക്ഷയും ധനമന്ത്രിക്കുണ്ട്.
(എം പ്രശാന്ത്)
സബ്സിഡികള്‍ ഇനിയും വെട്ടിക്കുറക്കും
ന്യൂഡല്‍ഹി: പ്രത്യക്ഷത്തില്‍ ജനപ്രിയമെന്നു കരുതപ്പെടുന്ന കേന്ദ്രബജറ്റിന്റെ ഭാഗമായി സേവനമേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുമെന്നുറപ്പായി. സമ്പദ് വ്യവസ്ഥയുടെ സ്ഥിരതക്കായി കടുത്ത നടപടികള്‍ തുടരുമെന്ന സൂചനകള്‍ ബജറ്റിലുണ്ട്. വിലക്കയറ്റത്തിന്റെ ഭാരം വഹിക്കുന്ന സാധാരണക്കാര്‍ക്ക് നേരിട്ട് ഗുണമൊന്നുമില്ല. ഇന്ധനക്ഷാമം പരിഹരിക്കുന്നതിന് ദൂരവ്യാപകമായ പ്രഖ്യാപനങ്ങളില്ല. സമ്പന്നര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ക്ക് മാത്രമാണ് വിലവര്‍ധിപ്പിച്ചതെന്നാണ് ബജറ്റ് വിവക്ഷ. തകര്‍ച്ചയിലേക്ക് നീങ്ങുന്ന കാര്‍ഷിക മേഖലയെ നവീകരിക്കുന്നതിന് മാര്‍ഗ്ഗങ്ങളില്ല. പരമ്പരാഗതതൊഴില്‍ വ്യാവസായ രംഗത്തിന് സംഭാവനകളില്ല. ധനക്കമ്മി കുറക്കുന്നതിനായി പൊതുവിപണിയുടെ സമ്മര്‍ദ്ദം നേരിട്ട് ജനങ്ങളിലെത്തും. അതിസമ്പന്നര്‍ക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും എണ്ണം വളരെ കുറച്ചായിരിക്കും. വ്യവസായരംഗത്തെ ഉണര്‍വിന് ബജറ്റ് ഒരു സംഭാവനയും ചെയ്യുന്നില്ല. സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് ഗുണം ചെയ്യുന്ന ഒന്നുമില്ല. സാമ്പത്തിക പരിഷ്കരണ പരിപാടികളുടെ ഭാഗമായി ജനങ്ങളില്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയാണ് തത്വത്തില്‍ ബജറ്റ്. രാജ്യത്തിന് കടുത്ത സാമ്പത്തിക അച്ചടക്കം കൂടിയേ മതിയാവൂ. സബ്സിഡികള്‍ വെട്ടിക്കുറക്കുക, വികസനത്തിന് കൂടുതല്‍ വിദേശനിക്ഷേപം അനിവാര്യമാണ്. അതിനാവശ്യമായ കൂടുതല്‍ നടപടികളിലേക്ക് സര്‍ക്കാര്‍ പോകുമെന്നതിന്റെ സൂചന കാണാം.
deshabhimani 010313
Labels:
ബജറ്റ്,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment