Monday, March 11, 2013
ജന്മനാടിന്റെ സ്നേഹവായ്പില്‍ ഹൃദയമര്‍പ്പിച്ച് മഅ്ദനി
ബന്ധുക്കളുടെയും നാട്ടുകാരുടെയും പിഡിപി പ്രവര്‍ത്തകരുടെയും സ്നേഹവായ്പിനു നടുവില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅ്ദനി അന്‍വാര്‍ശ്ശേരിയില്‍ എത്തി. രണ്ടരവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇടക്കാല ജാമ്യംനേടി എത്തിയ മഅ്ദനി രോഗബാധിതരായ അച്ഛന്‍ ടി എ അബ്ദുല്‍ സമദിനെയും അമ്മ അസ്മാബീവിയെയും സന്ദര്‍ശിച്ചു. അന്‍വാര്‍ശ്ശേരിയിലെ യത്തീംഖാനയിലെ കുട്ടികളുമായി സ്നേഹം പങ്കുവച്ച മഅ്ദനി അവിടത്തെ മസ്ജിദില്‍ മധ്യാഹ്ന നമസ്കാരത്തില്‍ പങ്കെടുത്തശേഷം വൈകിട്ട് നാലിന് കൊല്ലം അസീസിയ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മടങ്ങി.
വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് മഅ്ദനിയുടെ പ്രവര്‍ത്തന മണ്ഡലമായ മൈനാഗപ്പള്ളിയിലെ അന്‍വാര്‍ശ്ശേരി തിങ്കളാഴ്ച സാക്ഷിയായത്. അസീസിയ മെഡിക്കല്‍കോളേജില്‍നിന്ന് പകല്‍ 12.35ന് ആണ് മഅ്ദനിയുമായി കാരവന്‍ അന്‍വാര്‍ശ്ശേരിയില്‍ എത്തിയത്. ശാസ്താംകോട്ടയ്ക്കു സമീപം ആഞ്ഞിലിമൂട് ജങ്ഷന്‍ മുതല്‍ അന്‍വാര്‍ശ്ശേരിവരെ പൊലീസിനെ വിന്യസിച്ചിരുന്നു. പൊലീസിന്റെ കര്‍ശന പരിശോധനയ്ക്കുശേഷമാണ് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിട്ടത്. മഅ്ദനിയെ കര്‍ണാടക പൊലീസ് സംഘം യത്തീംഖാനയിലേക്ക് കൊണ്ടുപോയി. അടച്ചിട്ട മുറിക്കുള്ളില്‍ അച്ഛനമ്മമാര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമൊപ്പം 45 മിനിറ്റ് ചെലവഴിച്ചു. തുടര്‍ന്ന് മതപണ്ഡിതന്മാര്‍ക്കൊപ്പം പള്ളിയില്‍ മധ്യാഹ്ന പ്രാര്‍ഥനയില്‍ പങ്കെടുത്തു. പ്രാര്‍ഥനയ്ക്കിടെ തനിക്കുണ്ടായ തെറ്റുകള്‍ ഏറ്റുപറഞ്ഞ മഅ്ദനി പലപ്പോഴും പൊട്ടിക്കരഞ്ഞു. താന്‍ ഇപ്പോള്‍ അനുഭവിക്കുന്ന ശിക്ഷ അനീതിയാണെന്ന് മഅ്ദനി പറഞ്ഞു. കുറ്റവാളിയാണെങ്കില്‍ എന്തു ശിക്ഷയും അനുഭവിക്കാന്‍ തയ്യാറാണ്. നിരപരാധിയാണെന്ന് എനിക്കറിയാം. തീവ്രവാദത്തിന്റെ മുദ്രകള്‍ ചിലര്‍ ചാര്‍ത്തുന്നു. പിറന്ന മണ്ണിനോട് കൂറുള്ളവനാണ് ഞാന്‍. ഞാന്‍ ഇഷ്ടപ്പെടുന്ന ഈ മണ്ണിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ തയ്യാറാണ്. അക്രമത്തിന്റെ വക്താക്കള്‍ പീഡനം അടിച്ചേല്‍പ്പിക്കുകയാണ്. രണ്ടരവര്‍ഷം മുമ്പ് കര്‍ണാടക പൊലീസ് കൊണ്ടുപോയപ്പോള്‍ നീതിക്കുവേണ്ടി അന്‍വാര്‍ശ്ശേരിയില്‍ കുടില്‍കെട്ടാന്‍ തയ്യാറായവരില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളുമുണ്ട്. മതത്തിന്റെ വേലിക്കെട്ടുകളില്ലാതെ എല്ലാവര്‍ക്കും നന്മയും അനുഗ്രഹവും ചൊരിയണമെന്നും മഅ്ദനി പ്രാര്‍ഥനയില്‍ പറഞ്ഞു. തന്റെ കാഴ്ചശക്തി തിരികെ നല്‍കണമെന്നും അച്ഛനമ്മമാരെ രോഗപീഡകളില്‍നിന്ന് മോചിപ്പിക്കണമെന്നും പറഞ്ഞപ്പോള്‍ മഅ്ദനി പൊട്ടിക്കരഞ്ഞു.
deshabhimani 120313
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment