Monday, March 11, 2013

വയ്ക്കേണ്ടത് ഷാജിയുടെ പടം


എല്ലാ മതത്തിലെയും അധ്വാനിക്കുന്ന ജനങ്ങള്‍ക്കായി പോരാടിയ എ കെ ജിയെപ്പോലുള്ളവരുടെ പടം ഹിന്ദുഐക്യവേദി ഉപയോഗിക്കുന്നത് അദ്ദേഹത്തെ വിലകുറച്ചു കാട്ടാനാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തലശേരി കലാപസമയത്ത് ആദ്യം ഓടിയെത്തിയത് എ കെ ജിയായിരുന്നു. വിവാദം സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുകയാണ് ഹിന്ദു ഐക്യവേദി. അവരുടെ പ്രത്യയശാസ്ത്ര പാപ്പരത്തം കൂടിയാണിത്. എ കെ ജിയുടെ പടം ഉപയോഗിക്കുന്നതിനു പകരം നരേന്ദ്രമോഡിയെ വാഴ്ത്തുന്ന ഷാജി എംഎല്‍എയുടെയോ അബ്ദുള്ളക്കുട്ടി എംഎല്‍എയുടെയോ പടം ഉപയോഗിക്കാമായിരുന്നുവെന്നും കോടിയേരി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കെ എം ഷാജി ലീഗിലെ സംഘപരിവാര്‍ ഏജന്റ്: ടി വി രാജേഷ്

തിരു: സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ വംശഹത്യക്ക് നേതൃത്വം കൊടുത്ത ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ന്യായീകരിച്ച കെ എം ഷാജി എംഎല്‍എ ലീഗിലെ സംഘപരിവാര്‍ ഏജന്റാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു. ഗുജറാത്ത് കലാപത്തിന്റെ പിന്നിലുള്ള മോഡിയുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകളും വെളിപ്പെടുത്തലുകളും പുറത്തുവന്നുകൊണ്ടിരിക്കുമ്പോഴാണ് ഷാജി മോഡിക്ക് ഗുഡ്സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. മുസ്ലിംക്ഷേമം അവകാശപ്പെടുന്ന മുസ്ലിംലീഗിന്റെ ഉത്തരവാദിത്തപ്പെട്ട നേതാവ് നടത്തിയ ഈ സംഘപരിവാര്‍ അനുകൂല പ്രസംഗത്തെക്കുറിച്ച് മുസ്ലിംലീഗിന്റെ ഔദ്യോഗികനേതൃത്വം നിലപാട് വ്യക്തമാക്കണം. കെ എം ഷാജിയുടെ സംഘപരിവാര്‍ ബന്ധം അന്വേഷിക്കാന്‍ ലീഗ് നേതൃത്വം തയ്യാറാകണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment