Tuesday, March 12, 2013

ലൈംഗിക പീഡനം സാഹചര്യത്തെളിവുകളും പരിശോധിക്കണം


സാധാരണ വൈദ്യപരിശോധനയെ മാത്രം അടിസ്ഥാനമാക്കി ഒരു സ്ത്രീ ലൈംഗികാക്രണത്തിന് ഇരയായിട്ടില്ലെന്ന തീര്‍പ്പിലെത്താനാവില്ലെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയം. ബലപ്രയോഗത്തിന്റെ തെളിവുകള്‍ അവശേഷിപ്പിക്കാതെതന്നെ ലൈംഗിക പീഡനം നടക്കാം. സാഹചര്യത്തെളിവുകളും&ാറമവെ;പരിഗണിക്കേണ്ടി വരും. ലൈംഗികബന്ധം നടന്നത് പരസ്പര സമ്മതത്തോടെയാണോ എന്ന് കണ്ടെത്താന്‍ സ്ത്രീയുടെ സ്വഭാവ പരിശോധന നടത്തരുതെന്നും ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് തയ്യാറാക്കിയ മാനുവലില്‍ പറയുന്നു. നിയമപരമായി മാത്രം സാംഗത്യമുള്ള "ബലാത്സംഗം" എന്ന പദം ഡോക്ടര്‍മാര്‍ ഉപയോഗിക്കരുതെന്നാണ് മറ്റൊരു നിര്‍ദേശം.

ലൈംഗികാക്രമത്തിന് ഇരയായവരുടെ മെഡിക്കല്‍, ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ പാലിക്കേണ്ട മുന്‍ കരുതലുകളെക്കുറിച്ചാണ് മന്ത്രാലയത്തിന്റെ ഗവേഷണ വിഭാഗത്തിന് (ഡിഎച്ച്ആര്‍) കീഴിലുള്ള ഐസിഎംആറിന്റെ മാനുവല്‍.ലൈംഗികാക്രമണത്തിന് ഇരയാവുന്നവര്‍ക്ക് ലഭ്യമാക്കേണ്ട സഹായം സംബന്ധിച്ച് കരട് നിര്‍ദേശങ്ങളും ഇതിനൊപ്പമുണ്ട്. വൈകാരികമായ സമ്മര്‍ദതന്ത്രം പ്രയോഗിച്ചും അക്രമിച്ചും കൊലപാതക ഭീഷണിയിലൂടെയും പീഡിപ്പിക്കാം. അക്രമത്തിന് 48 മണിക്കൂറിനുശേഷമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കില്‍ മുറിവ് അപ്രത്യക്ഷമാകാനിടയുണ്ട്. മദ്യമോ മറ്റ് ലഹരി വസ്തുക്കളോ നല്‍കി ബോധം കെടുത്തിയശേഷം നടത്തുന്ന ലൈംഗികാക്രമണങ്ങളിലും ബലപ്രയോഗത്തിന്റെ അടയാളങ്ങള്‍ ഉണ്ടാകില്ല. ഇത്തരം കേസുകള്‍ "മെഡിക്കോ ലീഗല്‍" കേസുകളായി രജിസ്റ്റര്‍ ചെയ്യാം. ലൈംഗികബന്ധം നടന്നത് പരസ്പര സമ്മതപ്രകാരമാണോ എന്ന് പരിശോധിക്കാന്‍ ശാസ്ത്രീയമായ രീതി സ്വീകരിക്കണം. സ്ത്രീകളുടെ സമ്മതം എന്ന നിഗമനത്തില്‍ എത്താന്‍ പരമ്പരാഗതമായി "വിരല്‍ പരിശോധന" ആധാരമാക്കാറുണ്ട്. ഇത് നിയമവിരുദ്ധമാണ്. സ്ത്രീകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും അപമാനിക്കലും മനുഷ്യാവകാശ ലംഘനവുമാണ് ഇത്തരം പരിശോധന. സ്ത്രീയുടെ മുന്‍കാല ലൈംഗിക അനുഭവമോ സ്വഭാവമോ ഡോക്ടര്‍മാര്‍ അന്വേഷിക്കേണ്ടതില്ല.

ലൈംഗിക അക്രമത്തിന്റെ ഇര ആശുപത്രിയില്‍ എത്തുമ്പോള്‍ ചികിത്സ നിഷേധിക്കരുത്. പൊലീസില്‍ അറിയിക്കണോ എന്ന് ഇരയുമായും രക്ഷിതാക്കളുമായും ആലോചിച്ച് തീരുമാനിക്കണം. പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കാത്ത കേസുകളില്‍ ഡോക്ടര്‍മാര്‍ വിശദമായ പരിശോധന നടത്തണം. പൊലീസിനെ അറിയിക്കേണ്ട എന്നാണ് ബന്ധപ്പെട്ടവരുടെ തീരുമാനമെങ്കില്‍ അക്കാര്യം രേഖപ്പെടുത്തി സൂക്ഷിക്കണം. വൈദ്യ പരിശോധനയ്ക്ക് ഇരയെ നിര്‍ബന്ധിക്കാന്‍ പൊലീസിനോ കോടതിക്കോ അധികാരമില്ല. അക്രമത്തിന് ഇരയായത് 12 വയസ്സിന് മുകളിലുള്ള പെണ്‍കുട്ടിയാണെങ്കില്‍ വൈദ്യപരിശോധനയ്ക്ക് അവളുടെ സമ്മതം ആവശ്യമാണ്. 12 വയസ്സില്‍ താഴെയാണെങ്കില്‍ പരിശോധനയ്ക്ക് മുമ്പ് രക്ഷിതാക്കളുടെ സമ്മതം വാങ്ങണമെന്നും മാന്വല്‍ നിര്‍ദേശിക്കുന്നു.

deshabhimani

No comments:

Post a Comment