Tuesday, March 12, 2013
റേഷന്‍ കരിഞ്ചന്തയില്‍
ഭക്ഷ്യമന്ത്രിയുടെ ഒത്താശയില്‍ അദ്ദേഹത്തിന്റെ പാര്‍ടിക്കാരും ഉദ്യോഗസ്ഥരും റേഷന്‍കടക്കാരും മില്ലുടമകളും കച്ചവടക്കാരും ചേര്‍ന്നുള്ള ലോബി ശക്തമായി. യഥാസമയം വിതരണം ചെയ്യേണ്ട റേഷന്‍ സാധനങ്ങള്‍ നല്‍കാതിരിക്കുന്നതോടൊപ്പം പ്രത്യേക അലോട്ട്മെന്റ് പ്രകാരമുള്ള റേഷന്‍ സാധനങ്ങള്‍പോലും കരിഞ്ചന്തയിലേക്ക് പ്രവഹിക്കുകയും ചെയ്യുന്നു. റേഷന്‍കടകളുടെ പ്രവര്‍ത്തനംതന്നെ താളംതെറ്റി. അതേസമയം താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസര്‍മാരുടെ നിയമനത്തിലൂടെ ലക്ഷങ്ങള്‍ തട്ടാനുള്ള നീക്കമാണ് മറുഭാഗത്ത് അരങ്ങേറുന്നത്. ചില റേഷന്‍കടക്കാരാകട്ടെ 6.20 രൂപയുടെ അരി 20.50 രൂപയ്ക്ക് പരസ്യമായി വിറ്റും തട്ടിപ്പ് നടത്തുന്നു. പൊതുവിപണിയിലെ ധാന്യവില കുറയ്ക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രം നാലുമാസത്തേക്ക് അനുവദിച്ച 1,32,725 ടണ്‍ അരിയുടെയും 54,211 ടണ്‍ ഗോതമ്പിന്റെയും രണ്ടുമാസത്തെ വിഹിതത്തില്‍ ഭൂരിഭാഗവും ഇതിനകം കരിഞ്ചന്തയിലെത്തി.
2009ലെ സര്‍വേ പ്രകാരം ബിപിഎല്‍ ലിസ്റ്റില്‍പ്പെട്ട ഇനിയും ബിപിഎല്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്കായാണ് ഈ ധാന്യം അനുവദിച്ചത്. പ്രതിമാസം കിലോക്ക് 6.20 രൂപ നിരക്കില്‍ 19 കിലോ അരിയും 4.70 രൂപ നിരക്കില്‍ ആറ് കിലോ ഗോതമ്പുമാണ് നല്‍കേണ്ടത്. എന്നാല്‍ കണ്ണൂര്‍, കോഴിക്കോട് ഒഴികെയുള്ള ജില്ലകളില്‍ 10 ശതമാനംപേര്‍ക്കുപോലും ഇത് ലഭിച്ചില്ല. ലഭിച്ച ജില്ലകളിലാകട്ടെ ഏറിയാല്‍ 60 ശതമാനംപേര്‍ക്കുമാത്രവും. ഈ ഉപഭോക്താക്കളുടെ നിലവിലുള്ള റേഷന്‍ കാര്‍ഡില്‍ ബിപിഎല്‍ ലിസ്റ്റില്‍പ്പെടുത്തിയതായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സീല്‍ചെയ്ത് നല്‍കേണ്ടതുണ്ട്. ഭൂരിഭാഗം ജില്ലകളിലും ഇതിന്റെ നടപടി നടക്കുന്നതേയുള്ളൂ. എന്നാല്‍ സീല്‍ പതിപ്പിക്കുന്നതിനുമുമ്പെ ഇവര്‍ക്കായി ധാന്യങ്ങള്‍ അനുവദിച്ച് അത് മറിച്ചു വില്‍ക്കുകയായിരുന്നു. കുടുംബശ്രീ, ഡിവൈഎഫ്ഐ എന്നീ സംഘടനകളുടെ ഇടപെടലിനെത്തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ നേരത്തെ ആരംഭിച്ചതിനാലാണ് അവിടെ ഇത്രയുംപേര്‍ക്കെങ്കിലും റേഷന്‍ ലഭിച്ചത്.
പ്രത്യേക റേഷന്‍ അലോട്ട്മെന്റ് സംബന്ധിച്ച സിവില്‍ സപ്ലൈസ് ഡയറക്ടറുടെ ഉത്തരവ് ജനുവരി 19നാണ് ഇറങ്ങിയത്. ജില്ലാ, താലൂക്ക് കേന്ദ്രങ്ങളില്‍ ഇവ എത്തിയപ്പോഴേക്കും ജനുവരി അവസാനമായി. എങ്കിലും ഈ വിഹിതത്തില്‍നിന്ന് ജനുവരിയില്‍ 39,817 ടണ്‍ അരിയും 16,264 ടണ്‍ ഗോതമ്പും ഫെബ്രുവരിയില്‍ 53,091 ടണ്‍ അരിയും 21,684 ടണ്‍ ഗോതമ്പും ആണ് എടുത്തത്. ഇതില്‍ ഭൂരിഭാഗവും മറിച്ചുവിറ്റു. അരി 20 രൂപയ്ക്കും ഗോതമ്പ് 15 രൂപയ്ക്കുമാണ് മറിച്ചുവിറ്റതെന്നാണ് സൂചന. വിലനിയന്ത്രിക്കുന്നതിന് ഓപ്പണ്‍ സെയില്‍സ് പദ്ധതിപ്രകാരം ഓണത്തിന് അനുവദിച്ച അരി ഇപ്പോഴും സ്റ്റോക്കുണ്ടെന്ന് കാട്ടിയാണ് റേഷന്‍കടക്കാരുടെ പകല്‍ക്കൊള്ള. 6.20 രൂപയ്ക്ക് നല്‍കേണ്ട അരി 20.50 രൂപയ്ക്ക് വില്‍ക്കുകയാണ്. പരിശോധന ഇല്ലാത്തതും ഇവര്‍ക്ക് കൊയ്ത്താകുന്നു. താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസര്‍ സ്ഥാനക്കയറ്റത്തിനുള്ള ലേലംവിളിയും സജീവമാണ്. ജില്ലാ സപ്ലൈ ഓഫീസര്‍ തസ്തികയ്ക്ക് 10 ലക്ഷം രൂപയാണ് നല്‍കേണ്ടത്്. ഈ തുക മുടക്കിയ അഞ്ചുപേരുടെ പട്ടിക മന്ത്രിക്ക് മുന്നിലാണെന്നുമാണ് വിവരം. മന്ത്രിയുടെ വിശ്വസ്തനായ തൃശൂര്‍ ജില്ലയിലെ താലൂക്ക് സപ്ലൈ ഓഫീസറാണ് ഇതിന്റെ പ്രധാന ഇടനിലക്കാരന്‍. ഭക്ഷ്യവകുപ്പില്‍ അഴിമതി തകൃതിയാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള തുറന്നടിച്ചിട്ടും മന്ത്രി ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായില്ല.
deshabhimani 120313
Labels:
പൊതുവിതരണം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment