Monday, March 4, 2013
പവര്‍ഹോളിഡേക്ക് ഗുരുതര പ്രത്യാഘാതം
കണ്ണൂര്‍: പകല്‍ മുഴുവന്‍ വൈദ്യുതി വിതരണം വിച്ഛേദിച്ച് സംസ്ഥാന വൈദ്യുതി വകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പവര്‍ഹോളിഡേ വാണിജ്യ, വ്യാപാരമേഖല തൊട്ട് വിദ്യാഭ്യാസ മേഖലയില്‍ വരെ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരം. അറ്റകുറ്റപ്പണിക്ക് വേണ്ടി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നുവെന്നാണ് ബോര്‍ഡിന്റെ അറിയിപ്പെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ പവര്‍ ഹോളിഡേ എന്ന സംവിധാനം തന്നെയാണിതെന്ന് രഹസ്യമായി ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. മാസത്തിലൊരിക്കല്‍ പവര്‍ ഹോളിഡേ നടപ്പിലാക്കാനാണ്് സംസ്ഥാന വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചതെങ്കിലും ജില്ലാതലങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ പകല്‍ വൈദ്യുതി വിതരണം നിര്‍ത്തിവെക്കാനാണ് കെ എസ് ഇ ബിയിലെ വിതരണ-പ്രസരണ ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിന്റെ തീരുമാനം.
ജനുവരി 15 മുതല്‍ മെയ് വരെ സംസ്ഥാനത്ത് പവര്‍ ഹോളിഡേ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കിലും മഴ അനുകൂലമായില്ലെങ്കില്‍ ഇതു നീളാനാണ് സാധ്യത. സര്‍ക്കാര്‍ ഓഫീസുകളുള്‍പ്പെടെയുള്ള മിക്ക സ്ഥാപനങ്ങളും കമ്പ്യൂട്ടര്‍വത്കരിച്ചതിനാല്‍ പകല്‍ മുഴുവന്‍ വൈദ്യുതിയില്ലാതാകുന്നത് ഓഫീസ് പ്രവര്‍ത്തനത്തെ താറുമാറാക്കുന്നു. ഔദ്യോഗിക അറിയിപ്പില്ലാതെ തന്നെ നഗര-ഗ്രാമവ്യത്യാസമില്ലാതെ മിക്കവാറും ദിവസം പകല്‍നേരങ്ങളില്‍ മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെടുന്നുണ്ട്. പകലും രാത്രിയുമുള്ള പവര്‍കട്ടിന് പുറമെ പലപ്പോഴും ഒരുമണിക്കൂറോളം വൈദ്യുതി നിലയ്ക്കാറുമുണ്ട്. ഇതിനാല്‍ സമാന്തരസംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സാധ്യതകളും നഷ്ടമാകുന്നു. ജനറേറ്ററും മറ്റും ഉപയോഗിച്ച് കാര്യങ്ങള്‍ നടത്താമെന്ന് വിചാരിച്ചാലും മണ്ണെണ്ണയുടെ ലഭ്യതക്കുറവ് തുടര്‍ച്ചയായി ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രയാസം സൃഷ്ടിക്കുന്നു.
പകല്‍ മുഴുവനുമാണ് പവര്‍ ഹോളിഡേയെന്നതിനാല്‍ ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ ഒരു ദിവസം അടച്ചിടേണ്ട അവസ്ഥയാണുണ്ടാകുന്നത്. വന്‍കിട സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനും ഇത് പ്രയാസം സൃഷ്ടിക്കും. ഇത് വാണിജ്യ വ്യവസായ മേഖലയില്‍ കനത്ത തിരിച്ചടിക്കിടയാക്കും. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നതിന് പുറമേ തൊഴിലാളികള്‍ക്കും ഇതു പ്രയാസമുണ്ടാക്കും. മുന്നറിയിപ്പില്ലാതെ പലപ്പോഴും മണിക്കൂറുകളോളം വൈദ്യുതി നിലയ്ക്കുന്നത് ആശുപത്രികളേയും പ്രതികൂലമായി ബാധിക്കുന്നു. ശീതീകരിച്ച് സൂക്ഷിക്കേണ്ട മരുന്നുകള്‍ ആശുപത്രികളിലും മെഡിക്കല്‍ ഷോപ്പുകളിലും സൂക്ഷിക്കാനാകാത്ത സ്ഥിതിയാണ്.
മാര്‍ച്ച് മാസം പരീക്ഷാക്കാലമായതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒരു പോലെ ആശങ്കയിലാണ്.
വൈദ്യുതിനിയന്ത്രണം കാരണം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പലയിടങ്ങളിലും ഐ ടി പരീക്ഷകള്‍ തടസ്സപ്പെട്ടിരുന്നു. രാവിലെ ഒമ്പതുമുതല്‍ അഞ്ചുവരെ തുടര്‍ച്ചയായി വൈദ്യുതി മുടങ്ങിയതിനാല്‍ ചില ഉള്‍നാടന്‍ സ്‌കൂളുകളില്‍ കൃത്യമായി പരീക്ഷ നടത്താനായില്ല.
ചില സ്ഥലങ്ങളില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും ജനറേറ്റര്‍ വാടകയ്‌ക്കെടുത്താണ് പരീക്ഷ നടത്തിയത്. ആവശ്യത്തിന് മണ്ണെണ്ണ ലഭിക്കാത്തതിനാല്‍ ജനറേറ്റര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാനും സാധിച്ചില്ല.
വൈദ്യുതി നിയന്ത്രണത്തിന്റെ ഭാഗമായി രാവിലെ എട്ടു മുതല്‍ അഞ്ച് വരെയും പലപ്പോഴും ആറ് വരെയുമാണ് ലൈനുകള്‍ ഓഫ് ചെയ്യുന്നത്. ഇടയ്ക്കിടെയുള്ള ''അറ്റകുറ്റപ്പണി''ക്ക് പുറമെയാണിത്. ഈ സമയം മറ്റ് 11 കെ വി ലൈനുകളില്‍ നിന്ന് പകരം വൈദ്യുതി നല്‍കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചുരുങ്ങിയ ദിവസങ്ങള്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളം മാത്രമേ ഇപ്പോള്‍ ഇടുക്കി ഡാമിലുള്ളൂ. പരീക്ഷാക്കാലമായതിനാല്‍ രാത്രി ലോഡ് ഷെഡ്ഡിങ്ങ് ഒഴിവാക്കിയതും ബോര്‍ഡിന് തിരിച്ചടിയായി. അതിനാല്‍ പകല്‍ മുഴുവന്‍ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന ദിവസങ്ങളുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത.
(ഗിരീഷ് അത്തിലാട്ട്)
janayugom
Labels:
വലതു സര്‍ക്കാര്‍,
വൈദ്യുതി
Subscribe to:
Post Comments (Atom)
No comments:
Post a Comment