Sunday, March 3, 2013

നിയമനത്തിന് കോഴ; ജില്ലാ സപ്ലൈ ഓഫീസറാകാന്‍ മാസം ഒരു ലക്ഷം


അഴിമതിയില്‍ മുങ്ങിയ സവില്‍ സപ്ലൈസ് വകുപ്പില്‍ നാല് ജില്ലാ ഓഫീസര്‍മാരുടെ തസ്തികയിലേക്ക് പ്രമോഷനായി ലേലം വിളി. ഫെബ്രുവരി ഒന്നു മുതല്‍ ഒഴിഞ്ഞു കിടക്കുന്ന തിരുവനന്തപുരം, കണ്ണര്‍ ഡിഎസ്ഒമാരുടെ തസ്തികളിലേക്കും ഫെബ്രുവരി 28ന് ഒഴിവു വന്ന കോട്ടയം ഡിഎസ്ഒയുടെ തസ്തിയിലേക്കും ഡിഎസ്ഒ തസ്തകയിലുള്ള തിരുവനന്തപുരം റീജണല്‍ മാനേജരുടെ ഒഴിവിലേക്കുമാണ് കോഴ നിയമനത്തിന് നീക്കം. ഒരു വര്‍ഷത്തേക്ക് വരുന്ന ഒഴിവുകള്‍ കണക്കാക്കി അതിന്റെ ഇരട്ടി പേരുടെ സെലക്ഷന്‍ ലിസ്റ്റ് എല്ലാ ഡിസംബറിലും ഉണ്ടാക്കുകയാണ് സിവില്‍ സപ്ലൈസ് വകുപ്പിലെ പതിവ്. എന്നാല്‍, ഇത്തവണ അതിന് സര്‍ക്കാര്‍ തയാറായില്ല. പ്രമോഷനില്‍ അനര്‍ഹമായ ഇടപെടല്‍ നടത്താനാണിത്. സ്ഥിരം പ്രമോഷന്‍ പട്ടികയുടെ അഭാവത്തില്‍ താല്‍ക്കാലിക ഉദ്യേഗക്കയറ്റം നല്‍കാനും കഴിയും. പേഴ്സണല്‍ ആന്‍ഡ് അഡ്മിസ്സ്ട്രേറ്റീവ് വകുപ്പിന്റെ അംഗീകാരം ലഭിക്കുന്ന ഫയലില്‍ മുഖ്യമന്ത്രി ഒപ്പിടുകയാണ് ഈ രീതി. എന്നാല്‍, ഈ വര്‍ഷം അതിനും നടപടി സ്വീകരിച്ചില്ല. മന്ത്രി ഓഫീസില്‍ നേരിട്ട് എത്തുന്നവരുടെ ഫയല്‍ മാത്രമേ അയക്കൂ എന്നതാണ് നിലപാട്. ഇതെ തുടര്‍ന്നാണ് ലേലം വിളി സജീവമായത്.

ഇപ്പോള്‍ ഒഴിവുള്ള തിരുവനന്തപുരം ഡിഎസ്ഒയുടെ തസ്തികയിലേക്കാണ് മുന്തിയ തുക ആവശ്യപ്പെടുന്നത്. ഈ നവംബറില്‍ സര്‍വീസില്‍ റിട്ടയര്‍ ചെയ്യുന്ന ഉദ്യോഗസ്ഥനോട് അതുവരെയുള്ള കാലളവിലേക്ക് പ്രതിമാസം ഒരു ലക്ഷം രൂപ നിരക്കില്‍ മൊത്തം ഒമ്പതു ലക്ഷമാണ് ഈ തസ്തികയില്‍ നിയമനത്തിന് കോഴ ആവശ്യപ്പെട്ടതെന്ന് അറിയുന്നു. അഞ്ചു ലക്ഷം രൂപ വരെ ഇദ്ദേഹം വാഗദാനം ചെയ്തിട്ടും സമ്മതിച്ചില്ല. വിലപേശലിനു വേണ്ടി ഡിഎസ്ഒയുടെ തസ്തിക ഒഴിച്ചിട്ടതിനെ തുടര്‍ന്ന് തിരുവനന്തപരം ജില്ലയിലെ റേഷന്‍ വിതരണം താമാറായി. ഡിഎസ്ഒയുടെ ചുമതല വഹിക്കുന്ന സീനിയര്‍ സൂപ്രണ്ട് നയപരമായ തീരുമാനങ്ങളെടുക്കാന്‍ തയറാകാത്തതാണ് കാരണം. സംശയങ്ങള്‍ രേഖപ്പെടുത്തി ഫയലുകള്‍ തിരച്ചയക്കുന്നു. റേഷന്‍ അലോട്ട്മെന്റ് അടക്കമുള്ള ഫയലുകളും ഇതില്‍പ്പെടും. ഈ മാസം 31നകം എഫ്സിഐയില്‍ നിന്ന് എടുത്തു തീര്‍ക്കേണ്ട സ്പെഷല്‍ അലോട്ട്മെന്റ് അരിയുടെ കാരവും ഇതോടെ അനിശ്ചിതത്വത്തിലായി. 135000 ടണ്‍ അരിയും 50000 ടണ്‍ ഗോതമ്പുമാണ് ഈ പദ്ധതയില്‍ സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. സംസഥാനതലത്തില്‍തന്നെ ഇതിന്റെ 40 ശതമാനം മാത്രമാണ് ഇതിനകം ഗോഡൗണില്‍ നിന്ന് എടുത്തിട്ടുളളത്. തിരുവനന്തപരം ജില്ലയില്‍ ഇതിന്റെ ശതമാനം ഇതിലും താഴെയാണ്.

നെയ്യാറ്റിന്‍കര, ചിറയന്‍കീഴ് താലൂക്കുകളില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ പിടിച്ചെടുത്ത കേസ് അസ്ഥിരപ്പെടുന്നതിനും സിവില്‍ സപ്ലൈസ് വകുപ്പിലെ നാഥനില്ലാ അവസ്ഥ കാരണമാകുന്നു. 3030 ചാക്ക് ഭക്ഷ്യധാന്യം പൊലീസ് പിടിച്ചെടുത്തെങ്കിലും ഇതില്‍ 920 ചാക്ക് മാത്രമാണ് കണ്ടുകെട്ടിയത്. അതുതന്നെയും ദുര്‍ബലമായ വകുപ്പുകളിലാണ് കേസ്. മഹസര്‍ തയാറക്കിയ താലൂക്ക് സപ്ലൈ ഓഫീസര്‍ പേരുമാറ്റി ഒപ്പിട്ട് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായും ആരോപണം ഉയരുന്നു.
(ആര്‍ സാംബന്‍)

സംസ്ഥാന സഹകരണ ബാങ്ക് പിന്‍വാതില്‍ നിയമനത്തിന് 5 ലക്ഷം വരെ

സംസ്ഥാന സഹകരണ ബാങ്കില്‍ പിന്‍വാതില്‍ നിയമനത്തിന് നീക്കം തകൃതി. പിഎസ്സിക്കുവിട്ട തസ്തികകളിലടക്കം നിയമനത്തിനാണ് ഇടനിലക്കാര്‍ ഉദ്യോഗാര്‍ഥികളെ സമീപിക്കുന്നത്. മുന്നു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപവരെയാണ് കോഴ ആവശ്യപ്പെടുന്നത്. ഒരു ലക്ഷം മുന്‍കൂറായി നല്‍കുന്ന ഉദ്യോഗാര്‍ഥികളെമാത്രമെ നിയമനത്തിനായി പരിഗണിക്കൂവെന്ന് ഇടനിലക്കാര്‍ പറയുന്നു. ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുകയും പിന്നീട് പിരിച്ചുവിടുകയുംചെയ്ത ക്ലര്‍ക്കുമാരെയാണ് ഇടനിലക്കാര്‍ സമീപിക്കുന്നത്.

ബാങ്കില്‍ എല്‍ഡിഎഫ് ഭരണസമിതി ചുമതലയേറ്റിരുന്ന കാലത്ത് 75 ക്ലര്‍ക്കുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കാന്‍ സഹകരണ രജിസ്ട്രാര്‍ അനുമതി നല്‍കിയിരുന്നു. ബാങ്ക് ആവശ്യപ്പെട്ട ക്ലര്‍ക്കുമാരെ നല്‍കാന്‍ അന്ന് പിഎസ്സിക്ക് കഴിഞ്ഞിരുന്നില്ല. ജില്ലാ സഹകരണ ബാങ്കുകളിലെ ജീവനക്കാര്‍ക്കായി സംവരണംചെയ്ത ഒഴിവില്‍ നാലുപേരെയും പൊതുവിഭാഗത്തില്‍ 17 പേരെയുമാണ് പിഎസ്സി നിര്‍ദേശിച്ചത്. ബാങ്കിന്റെ പ്രവര്‍ത്തനമാകെ താളംതെറ്റുന്ന അവസ്ഥയിലാണ് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് രജിസ്ട്രാര്‍ അനുവദിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ടതോടെ ദിവസവേതനക്കാരെയെല്ലാം ഒഴിവാക്കി. പിന്നീട് ഇതില്‍നിന്ന്ം 15 പേരെ തിരിച്ചെടുത്തു. അവശേഷിച്ചവരെയാണ് ഇപ്പോള്‍ ഇടനിലക്കാര്‍ സമീപിക്കുന്നത്. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം നല്‍കാമെന്നും പിന്നീട് സ്ഥിരപ്പെടുത്താമെന്നുമാണ് വാഗ്ദാനം. ഈ തസ്തികകളും പിഎസ്സിക്ക് വിട്ടതാണ്. പിഎസ്സി റാങ്ക് പട്ടികയില്ലെന്ന ന്യായം ഉയര്‍ത്തി മാനേജിങ് ഡയറക്ടറുടെ ഓഫീസിലെ പ്യൂണ്‍, ഡ്രൈവര്‍ തസ്തികയിലുള്ള ആറ് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും നീക്കമുണ്ട്. ഇതിലും വന്‍ കോഴയുടെയും സ്വജനപക്ഷപാതത്തിന്റെയും ആക്ഷേപം ഉയരുന്നുണ്ട്.

ഈ തസ്തികകളില്‍ അപ്പെക്സ് സഹകരണ സ്ഥാപനങ്ങള്‍ക്ക് പൊതുവായി പിഎസ്സി തയ്യാറാക്കിയ റാങ്ക് പട്ടികയുണ്ട്. നേരത്തെ പട്ടികയില്‍നിന്ന് ഏഴുപേരെ സംസ്ഥാന സഹകരണ ബാങ്കില്‍ നിയമിച്ചിരുന്നു. ബാങ്കില്‍ നിലവില്‍ 150ല്‍പരം ക്ലര്‍ക്കുമാരുടെ ഒഴിവുണ്ട്. ഇത് പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്തുന്നതിനുള്ള നടപടി ബാങ്ക് അധികാരികള്‍ സ്വീകരിക്കുന്നില്ല. ബാങ്കിനുവേണ്ടി പിഎസ്സി തയ്യാറാക്കിയ അഞ്ഞൂറില്‍പ്പരം യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ പട്ടിക നിലവിലുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനുപിന്നില്‍ പിന്‍വാതില്‍ നിയമനമാണ് ലക്ഷ്യം.

4 എന്‍ജിഒ അസോ. നേതാക്കളെ രക്ഷിക്കാന്‍ ശ്രമം

ആരോഗ്യവകുപ്പില്‍ വര്‍ക്കിങ് അറേഞ്ചുമെന്റ് തരപ്പെടുത്തുന്നതിനായി നടന്ന കോഴ ഇടപാടുകളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനാ നേതാക്കളെ രക്ഷിക്കാന്‍ നീക്കം. ലക്ഷങ്ങളുടെ കോഴ വിവാദത്തില്‍പ്പെട്ട എന്‍ജിഒ അസോസിയേഷന്റെ നാല് നേതാക്കളെയാണ് ശിക്ഷാനടപടി സ്ഥലംമാറ്റത്തിലൊതുക്കി രക്ഷിക്കാന്‍ ശ്രമിക്കുന്നത്. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം ജെ ബോസ് ചന്ദ്രന്‍, ജില്ലാ ട്രഷറര്‍ ടി അമാനുള്ള, ജില്ലാ സെക്രട്ടറിയറ്റ് അംഗം സനല്‍രാജ്, അസോസിയേഷന്‍ അംഗം ജെ എസ് ഹരികുമാര്‍ എന്നിവരെയാണ് സ്ഥലംമാറ്റിയത്. ആരോഗ്യ സെക്രട്ടറിയുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. വകുപ്പുമന്ത്രി നേരിട്ടിടപെട്ട് ഇവരെ സ്ഥലംമാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസില്‍നിന്ന് അമാനുള്ളയെ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. ബോസ് ചന്ദ്രനെ ടിബി സെന്ററിലേക്കും സനല്‍രാജിനെ പുലയനാര്‍കോട്ട നെഞ്ചുരോഗാശുപത്രിയിലേക്കുമാണ് മാറ്റിയത്. ഹരികുമാറിനെ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് ഡിഎംഒ ഓഫീസിലേക്ക്് സ്ഥലംമാറ്റി. ഭരണപരമായ കാരണങ്ങളാണ് സ്ഥലംമാറ്റമെന്നാണ് സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശശിധരന്‍നായര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്. ബോസ് ചന്ദ്രനെ ഭക്ഷ്യസുരക്ഷാ കമീഷണര്‍ ഓഫീസിലേക്കാണ് ആദ്യം മാറ്റിയത്. ഈ മാറ്റം അംഗീകരിക്കാനാകില്ലെന്ന് കമീഷണര്‍ നേരിട്ട് മന്ത്രിയെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ടിബി സെന്ററിലേക്ക് മാറ്റിയത്.

വര്‍ക്കിങ് അറേഞ്ചുമെന്റ് തരപ്പെടുത്തിക്കൊടുക്കുന്നതിന് ആരോഗ്യവകുപ്പ് ആസ്ഥാനത്തുവന്‍ കോഴ ഇടപാടുകളാണ് നടന്നത്. ഡോക്ടര്‍മാര്‍ ഒഴികെയുള്ള ആയിരത്തോളം ജീവനക്കാരെ ചട്ടവിരുദ്ധമായി ഇഷ്ടസ്ഥലങ്ങളില്‍ തിരുകിക്കയറ്റി. ഇത് വാര്‍ത്തയാതിനെ തുടര്‍ന്ന് ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ അന്വേഷിച്ചു. തന്റെ അറിവോടെയല്ലാതെ വര്‍ക്കിങ് അറേഞ്ചുമെന്റ് അനുവദിക്കാന്‍ പാടില്ലെന്ന് സെക്രട്ടറി ഉത്തരവിട്ടിരുന്നു. ഇതിനുശേഷവും നിരവധിപേര്‍ക്ക് വര്‍ക്കിങ് അറേഞ്ചുമെന്റില്‍ മാറ്റം നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഒഴികെയുള്ള ജീവനക്കാരുടെ വര്‍ക്കിങ് അറേഞ്ചുമെന്റ് റദ്ദാക്കി. തിരുവനന്തപുരം അടക്കം ഇഷ്ടസ്ഥലങ്ങളിലേക്ക് വര്‍ക്കിങ് അറേഞ്ചുമെന്റില്‍ സ്ഥലംമാറ്റം ലഭിക്കുന്നതിന് 10,000 മുതല്‍ ഒരുലക്ഷം രൂപവരെ ഇടനിലക്കാര്‍ കോഴ വാങ്ങിയിരുന്നു. സനല്‍രാജിനെതിരെ ഏഴുമാസം മുമ്പും നടപടിയെടുത്തിരുന്നു. നിരവധി ആക്ഷേപം ഉയര്‍ന്നതിന്നെ തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഡിഎംഒ ഓഫീസില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയുടെ പേരില്‍ വ്യാജ ലറ്റര്‍പാഡുണ്ടാക്കി നേഴ്സുമാരുടെ സ്ഥലംമാറ്റം നടത്തിയതിന് നടപടി നേരിട്ട ആളാണ് ബോസ് ചന്ദ്രന്‍.

deshabhimani 040313

No comments:

Post a Comment