Sunday, March 3, 2013

രോഗത്തോട് തളരാതെ പൊരുതി...


വര്‍ഷങ്ങളായി രോഗം അലട്ടുമ്പോഴും വി ബി ചെറിയാനിലെ പോരാളി തളരാന്‍ തയ്യാറായിരുന്നില്ല. മുതലാളിത്ത നയങ്ങളോട് പടപൊരുതിയ അദ്ദേഹം സൈദ്ധാന്തിക കാഴ്ചപ്പാടോടെയാണ് രോഗങ്ങളെയും നേരിട്ടത്. സിപിഐ എമ്മുമായി അകന്നുവെങ്കിലും ട്രേഡ്യൂണിയന്‍ ഐക്യനിര കെട്ടിപ്പടുക്കുന്നതില്‍ പില്‍ക്കാലത്തും ഇദ്ദേഹം വലിയ പങ്കുവഹിച്ചു. പതിനേഴ് വര്‍ഷം മുമ്പ് ഹൃദയാഘാതത്തിന്റെ രൂപത്തിലാണ് വി ബി ചെറിയാനെ രോഗം ആദ്യം വേട്ടയാടിയത്. ബൈപാസ് ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ആദ്യം ഹോമിയോപ്പതിയും പിന്നീട് പ്രകൃതി ചികിത്സയുമാണ് അദ്ദേഹം ആശ്രയിച്ചത്. ഏതാണ്ട് ഒന്നര വര്‍ഷം മുമ്പ് ബാധിച്ച രക്താര്‍ബുദത്തെയും ധീരമായിതന്നെയാണ് നേരിട്ടത്. ഡോക്ടര്‍മാര്‍ കീമോതെറാപ്പിയും മറ്റ് അലോപ്പതി ചികിത്സയുമാണ് നിര്‍ദേശിച്ചതെങ്കിലും സമാന്തരമരുന്നുകള്‍തന്നെയാണ് ഇക്കാര്യത്തിലും ആശ്രയിച്ചത്. ഒന്നരമാസം മുമ്പ് വീണ്ടും ഹൃദയാഘാതമുണ്ടായി.

"ഇന്ത്യക്കാരന് പറഞ്ഞിട്ടുള്ള ശരാശരി ആയുര്‍ദൈര്‍ഘത്തിനപ്പുറം ഞാന്‍ ജീവിച്ചുകഴിഞ്ഞു. ഇനി മരുന്നിനടിപ്പെട്ട് എന്തിന് അവശനും രോഗിയുമായി നാട്ടുകാര്‍ക്കുമുന്നിലെത്തണം" എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. രോഗത്തിന്റെ കടുത്ത വൈഷമ്യങ്ങള്‍പോലും തൊഴിലാളിപ്രവര്‍ത്തനങ്ങളിലൂടെയാണ് അദ്ദേഹം നേരിട്ടത്. രോഗിയായി കട്ടിലില്‍ കിടക്കാതെ ഒടുവില്‍ ആശുപത്രിയില്‍ എത്തുംമുമ്പെ അദ്ദേഹം യാത്രയായി.

ട്രേഡ്യൂണിയനുകളില്‍ മാര്‍ക്സിസ്റ്റ് സിദ്ധാന്തങ്ങള്‍ വിശദീകരിക്കുന്നതിലും പാര്‍ടി ക്ലാസുകള്‍ കൈകാര്യംചെയ്യുന്നതിലും വൈദഗ്ധ്യം പുലര്‍ത്തിയ അദ്ദേഹം "ദേശീയോദ്ഗ്രഥനവും ട്രേഡ്യൂണിയനും" എന്ന പുസ്തകവും നിരവധി ലേഖനങ്ങളും രചിച്ചു. കൂടംകുളത്തെയും ദൈവകണത്തെയും സംബന്ധിച്ച് ഒടുവില്‍ ഇറങ്ങിയ ലേഖനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. എംസിപിഐ യുവിന്റെ മുഖപത്രമായ നവപഥത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു. ഇന്തോ-ചൈന സൗഹൃദസംഘത്തിന്റെ ചെയര്‍മാനുമാണ്.

സിപിഐഎമ്മുമായി അഭിപ്രായഭിന്നത ഉണ്ടായെങ്കിലും ഉദാരവല്‍ക്കരണത്തിനും കേന്ദ്രനയങ്ങള്‍ക്കുമെതിരായ ട്രേഡ്യൂണിയന്‍ ഐക്യനിര കെട്ടിപ്പടുക്കുന്നതില്‍ ചെറിയാന്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചതായി ദീര്‍ഘകാലം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് അനുസ്മരിച്ചു. ഈ ആശയം മുന്‍നിര്‍ത്തിയുള്ള പോരാട്ടങ്ങളില്‍ ചെറിയാന്റെ സംഘടനയും അണിനിരന്നു. അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വേര്‍പാട് ട്രേഡ്യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടമാണെന്നും രവീന്ദ്രനാഥ് പറഞ്ഞു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം എം ലോറന്‍സ്, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ചന്ദ്രന്‍പിള്ള, എസ് ശര്‍മ എംഎല്‍എ, സി എന്‍ മോഹനന്‍ തുടങ്ങി ഒട്ടേറെപ്പേര്‍ അന്തിമോപചാരമര്‍പ്പിച്ചു. മന്ത്രി കെ ബാബു അനുശോചിച്ചു.

deshabhimani 030313

No comments:

Post a Comment