Tuesday, March 12, 2013
ചെണ്ടമേള സംഘത്തിന് നേരെ ആര്‍എസ്എസ് ആക്രമണം
3 പേര്‍ക്ക് ഗുരുതര പരിക്ക്
വള്ളിക്കോട്: സിപിഐ എം പ്രവര്‍ത്തകരായ ചെണ്ടമേളസംഘം സഞ്ചരിച്ച വാഹനം പിന്തുടര്ന്നെത്തിയ ആര്‍എസ്എസ് ക്രിമിനലുകള്‍ വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. ആക്രമണത്തില്‍ തലയ്ക്കും കൈകാലുകള്‍ക്കും വെട്ടേറ്റ് മൂന്നുപേരെ ഗുരുതര നിലയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്നവര്ക്കെല്ലാം മര്‍ദ്ദനമേറ്റു. വള്ളിക്കോട് സജീവ് ഭവനില്‍ സജീവ്, അങ്ങാടിക്കല്‍ വടക്ക് മൈലക്കുഴിയില്‍ സുനില്‍ കുമാര്‍, ഡ്രൈവര്‍ ബാബു എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇതില്‍ സജീവിനെയും സുനില്‍ കുമാറിനെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ബാബുവിനെ കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. അങ്ങാടിക്കല്‍ സ്വദേശികളായ സുരേഷ്, രതീഷ്, കൊച്ചാലുംമൂട് സ്വദേശികളായ ലിജു, സുനില്‍, കുടമുക്ക് സ്വദേശി മനീഷ് എന്നിവര്‍ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രി 10.30ഓടെ ആനന്ദപ്പള്ളിക്ക് സമീപമാണ് അക്രമം. കൊച്ചാലുംമൂട് "കലാസംഘം" എന്ന ചെണ്ടമേള സംഘത്തിനുനേരെയാണ് അക്രമം നടത്തിയത്. കലാസംഘത്തിലുള്ളവരെല്ലാം സിപിഐ എം പ്രവര്‍ത്തകരാണ്. നൂറനാട് പടനിലത്ത് ചെണ്ടമേളം കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ ആനന്ദപ്പള്ളിക്ക് സമീപത്തുവെച്ച് ആളില്ലാത്ത സ്ഥലം നോക്കി പിന്നിലായി ടാറ്റാ സുമോയില്‍ എത്തിയ സംഘം ചെണ്ടമേള സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറിനെ മറികടന്ന് ടാറ്റ സുമോ കുറുക്ക് നിര്‍ത്തുകയായിരുന്നു. ടാറ്റ സുമോയില്നിന്ന് ചാടിയിറങ്ങിയ മുഖംമൂടി ധരിച്ച അക്രമികള്‍ ട്രാവലറിലുണ്ടായ സംഘത്തെ അക്രമിച്ചു. ട്രാവലര്‍ പൂര്‍ണമായും അടിച്ചു തകര്‍ത്തു. ഇതിനു പിന്നിലായി വന്ന മറ്റൊരു ചെണ്ടമേളത്തിന്റെ ജീപ്പും അടിച്ചു തകര്‍ത്തു. ഭീകരാന്തരീക്ഷത്തെ തുടര്‍ന്ന് പുറത്തിറങ്ങാനാകതെ പേടിച്ച് വണ്ടിക്കകത്തിരുന്നവരെ അക്രമികള്‍ വടിവാളും മറ്റ് ആയുധങ്ങളുമായി ചാടി വണ്ടിക്കകത്തു കയറി ഇവരെ പിടിച്ചിറക്കി അക്രമിക്കുകയായിരുന്നു. ട്രാവലറിലുണ്ടായിരുന്ന വിദ്യാര്‍ഥികളായ കലാകാരന്മാരെയും മര്‍ദ്ദിച്ചു. സംഭവത്തിനുശേഷം അക്രമികള്‍ അവരുടെ വണ്ടിയില്‍തന്നെ രക്ഷപ്പെട്ടു.
കഴിഞ്ഞിടെയായി വള്ളിക്കോട് പഞ്ചായത്തില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണ് ഈ സംഭവവും. താഴൂര്‍ ക്ഷേത്രത്തിലെ ഉത്സവ ദിവസവും ആര്‍എസ്എസ് സംഘം ബോധപൂര്‍വം കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചു. സിപിഐ എം നേതൃത്വത്തിലുള്ള ചെണ്ടമേളസംഘത്തില്പ്പെട്ടവര്ക്കു നേരെയും അക്രമം നടത്തിയിരുന്നു. അക്രമികള്‍ സഞ്ചരിച്ച സുമോ അടൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ പ്രതികളെയാരെയും പിടികൂടിയിട്ടില്ല. അക്രമ സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ ചൊവ്വാഴ്ച വൈകിട്ട് മായാലില്‍ കേന്ദ്രീകരിച്ച് പ്രകടനവും യോഗവും നടത്തും.
സുവിശേഷസംഘത്തെ ആക്രമിച്ച മൂന്ന് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍
ആറ്റിങ്ങല്‍: സുവിശേഷ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ ആര്‍എസ്എസ്-ഹിന്ദുഐക്യവേദി പ്രവര്‍ത്തകരായ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പോലീസ് ഏകപക്ഷീയമായ നടപടി സ്വീകരിക്കുന്നുവെന്നാരോപിച്ച് ഹിന്ദു ഏക്യവേദി ചൊവ്വാഴ്ച ചിറയിന്‍കീഴ് താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനംചെയ്തു. ചിറയിന്‍കീഴ് പുതുക്കരി വയലില്‍ വീട്ടില്‍ ബേബി എന്ന സുനില്‍കുമാര്‍(45), കൂട്ടുംവാതുക്കല്‍ വരമ്പില്‍ വീട്ടില്‍ ബാബു(45), ശാര്‍ക്കര വാറുവിളാകം വീട്ടില്‍ സുമേഷ്(28) എന്നിവരെയാണ് ചിറയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ ആര്‍എസ്എസ്-ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു. 12 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനും അക്രമം നടത്തിയതിനുമാണ് കേസ്. ഹിന്ദു വികാരം വ്രണപ്പെടുത്തിയതിന് സുവിശേഷകന് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍, പൊലീസ് ഏകപക്ഷീയമായാണ് കേസെടുത്തതെന്നാരോപിച്ച് ഹിന്ദു ഐക്യവേദി ചൊവ്വാഴ്ച ചിറയിന്‍കീഴ് താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സ്കൂള്‍ കോളേജ് വിദ്യാര്‍ഥികളുടെ പരീക്ഷകള്‍ നടക്കുന്നതിനാല്‍ വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി.
ഞായറാഴ്ച രാവിലെ പതിനൊന്നോടെ ചിറയിന്‍കീഴ് പണ്ടകശാലയ്ക്ക് സമീപത്താണ് സംഭവം. സ്വകാര്യ കെട്ടിടം കേന്ദ്രീകരിച്ച് പ്രാര്‍ഥന നടത്തുകയായിരുന്ന സുവിശേഷകനെയും വിശ്വാസികളെയും സംഘടിച്ചെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ശാര്‍ക്കര ക്ഷേത്രത്തെയും ക്ഷേത്രത്തിലെ പൊങ്കാലയെയും പരിഹസിക്കുകയും വിശ്വാസത്തെ വ്രണപ്പെടുത്തുകയുംചെയ്യുന്ന തരത്തിലുള്ള ലഘുലേഖകള്‍ പുറത്തിറക്കുകയും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും ചെയ്യുന്നുവെന്നാരോപിച്ചായിരുന്നു അക്രമം.
വധശ്രമം: ആര്‍എസ്എസ്സുകാര്‍ക്ക് കഠിന തടവ്
പയ്യന്നൂര്‍: സിപിഐ എം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച ആര്‍എസ്എസ്സുകാരെ ഏഴു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. സിപിഐ എം മാട്ടൂല്‍ ലോക്കല്‍കമ്മിറ്റിയംഗവും മാടായി കോ-ഓപ്പറേറ്റിവ് റൂറല്‍ ബാങ്ക് ജീവനക്കാരനുമായ കാവിലെ പറമ്പില്‍ ആലാണ്ടി ശശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ. ആര്‍എസ്എസ് പ്രവര്‍ത്തകരായ മാട്ടൂല്‍ ജസീന്തക്കടുത്ത വെള്ളക്കുടിയന്‍ ചന്ദ്രന്, മഠത്തിലെ വളപ്പില്‍ സുചീന്ദ്രന് എന്നിവരെയാണ് പയ്യന്നൂര്‍ അസി.ജഡ്ജ് ജെ നാസര്‍ ഏഴു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. 2002 ഏപ്രില്‍ പത്തിന് രാത്രി പത്തരക്കാണ് സംഭവം. കാവിലെ പറമ്പില്‍ എസ്ടിഡി ബൂത്തിന് സമീപം നില്ക്കുന്ന ശശിയെ പത്തോളം പേരടങ്ങുന്ന ആര്‍എസ്എസ് സംഘം മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. രാഷ്ട്രീയ വിരോധത്താല്‍ ശശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന് കേസ്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ടി വി അജയകുമാര്‍, അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷാജി അലക്സ് എന്നിവര്‍ കോടതിയില്‍ ഹാജരായി.
deshabhimani 120313
Labels:
വാർത്ത,
സംഘപരിവാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment