Tuesday, March 12, 2013
കോര്‍പറേഷനില്‍ അനധികൃതനിയമനം മേയര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം
തൃശൂര്‍ കോര്‍പറേഷനില്‍ കോഴവാങ്ങി അനധികൃതനിയമനം നടത്താന്‍ തീരുമാനിച്ചെന്ന ഹര്‍ജിയില്‍ മേയറും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ഐഎന്‍ടിയുസി നേതാക്കളും ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെ തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി വി ഭാസ്കരന് അന്വേഷണത്തിന് ഉത്തരവിട്ടു. തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കേണ്ടത്. കുടിവെള്ള അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും മേയര്‍ക്കും കൂട്ടര്‍ക്കുമെതിരെ അന്വേഷണം. മേയര്‍ ഐ പി പോള്‍, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ കെ ഗിരീഷ്കുമാര്‍, സതീഷ് അപ്പുക്കുട്ടന്, ജയപ്രകാശ് പൂവത്തിങ്കല്‍, കോര്‍പറേഷനിലെ ഐഎന്‍ടിയുസി നേതാക്കളായ ടി എ രാധാകൃഷ്ണന്, രാമന്മേനോന്, കോര്പറേഷന് മുനിസിപ്പല്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് സെക്രട്ടറി ടി ബി ഷാജി, അഡീഷണല്‍ സെക്രട്ടറി ആര് ലാലു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി സി സുബ്രഹ്മണ്യന് എന്നിവര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കോര്‍പറേഷനിലെ താല്‍ക്കാലിക ജീവനക്കാരനായ പെരിങ്ങാവ് വാരിയത്തുപറമ്പില്‍ സോമനാണ് ഹര്‍ജി നല്‍കിയത്. കണ്ടിന്‍ജന്റ് വിഭാഗത്തില്‍ 14പേരെ നിയമിക്കാന്‍ തീരുമാനമെടുത്തതില്‍ മൂന്നുപേര്‍ ഒഴിച്ചുള്ളത് അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഇതിനു പിന്നില്‍ വന്‍ ക്രമക്കേടും അഴിമതിയെന്നും ആരോപിക്കുന്നു. 2000 ഡിസംബര്‍ 31വരെ ദിവസക്കൂലി അടിസ്ഥാനത്തില്‍ കണ്ടിന്‍ജന്റ് വിഭാഗത്തില്‍ ജോലി നോക്കിയിരുന്നവരെ സ്ഥിരപ്പെടുത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, 2012 ആഗസ്ത് 16ന് മേയര്‍ വിളിച്ച യോഗത്തിലാണ് മാനദണ്ഡം മറികടന്ന് അര്‍ഹതയില്ലാത്തവരെ നിയമിക്കാന്‍ തീരുമാനിച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കെ സുരേഷ്ബാബു, ടി ബി ഷാജി, എം ജി ഷാജുമോന്‍, ജി കെ ബാഹുലേയന്, ടി വി സുരേഷ്്, വി എസ് സുധീഷ്, കെ കെ അജിത്കുമാര്‍, പി വി സുധാകരന്, വി എന്‍ അജയകുമാര്‍, പോള്‍ തരകന്, പി കെ ഗീത എന്നിവരെ നിയമിക്കാന്‍ തീരുമാനിച്ചതിലാണ് അഴിമതി നടന്നതായി ചൂണ്ടിക്കാട്ടുന്നത്. ഇവര്‍ 2000നുമുമ്പ് കോര്‍പറേഷനില്‍ ജോലി ചെയ്തിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. പി കെ ഗീത ടെലിഫോണ്‍ ഓപ്പറേറ്ററായാണ് ജോലി ചെയ്യുന്നതെന്നും മാനദണ്ഡപ്രകാരം ഇത്തരം ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനാവില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കൃത്രിമരേഖകളുണ്ടാക്കി അര്‍ഹതയില്ലാത്തവരെ നിയമിക്കാന്‍ മേയറും സംഘവും തീരുമാനിക്കുകയായിരുന്നു. ഇതുമൂലം സര്‍ക്കാരിന് ഭീമമായ നഷ്ടമാണ് സംഭവിക്കുകയെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. എം ആര് അരുണ്‍ ഹാജരായി.
deshabhimani 120313
Labels:
അഴിമതി,
അഴിമതിനിയമനക്കേസ്,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment