Tuesday, March 12, 2013
കെയ്കോ ഉദ്യോഗസ്ഥരെ ജയിലിലടയ്ക്കണം: സുധാകരന്
അമ്പലപ്പുഴ: കെയ്കോ വക കൊയ്ത്ത് യന്ത്രങ്ങള്‍ കൈയ്യടക്കിവച്ചിട്ടുള്ള ദല്ലാളന്മാരെയും ഒപ്പം കര്‍ഷകരെ ചൂഷണം ചെയ്യാന്‍ ഒത്താശചെയ്യുന്ന കെയ്കോ ഉദ്യോഗസ്ഥരെയും ജയിലിടയ്ക്കാന്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുക്കണമെന്ന് ജി സുധാകാരന് എംഎല്‍എ പറഞ്ഞു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ നാലുപാടം പാടശേഖരത്തില്‍ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് ഫെസിലിറ്റി പദ്ധതിയുടെ സഹായത്തോടെ കര്‍ഷകര്‍ ആരംഭിക്കുന്ന വിത്ത് സംഭരണപ്പുരയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാടശേഖരസമിതികളുടെ ബൈലോ കര്‍ഷകര്‍ക്ക് ഗുണപ്രദമാകുന്നവിധത്തില് തിരുത്തിയെഴുതേണ്ടകാലം അതിക്രമിച്ചു. 1800 കോടി രൂപയുടെ പ്രോജക്ടില്‍ തുടങ്ങിയ കുട്ടനാട് പാക്കേജ് ഇപ്പോള്‍ 4400 കോടിയിലെത്തി. എന്നിട്ടും കര്‍ഷകര്‍ക്ക് ഗുണമുള്ള ഒരുപ്രവര്ത്തനവും നാളിതുവരെ നടന്നില്ല. നെല്ലുകുത്തുമില്ലും സംഭരണകേന്ദ്രങ്ങളും പാടശേഖരങ്ങള്‍ക്ക് പുറംബണ്ടിലൂടെ റോഡുകളുമൊക്കെ പദ്ധതിയില്‍ വിഭാവനം ചെയ്യുന്നുണ്ടെങ്കിലും ഇവയൊന്നും നടപ്പിലാക്കാത്തതില്‍ മുഖ്യമന്ത്രിക്കുപോലും നിരാശയാണ്. കര്‍ഷകരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ ഒറ്റക്കെട്ടായി സമരരംഗത്തിറങ്ങണമെന്നും ജി സുധാകരന് പറഞ്ഞു. വണ്ടാനം മുക്കയില്‍ ജങ്ഷന് സമീപം നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് വി ധ്യാനസുതന് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ബിന്ദു ബൈജു, എന്‍ ശിശുപാലന്, പി എം ദീപ, എം ശ്രീകുമാരന്‍തമ്പി, എം എം പണിക്കര്‍, സി രാധാകൃഷ്ണന്, ജി മുകുന്ദന്‍പിള്ള, കൊട്ടാരം ഉണ്ണിക്കൃഷ്ണന്, മോഹന്‍ സി അറവുന്തറ, എന്‍ രാം, എസ് സജീവ്, എ പി ഗുരുലാല്‍ എന്നിവര്‍ സംസാരിച്ചു. കെ അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു.
വിളനാശം: ലക്ഷങ്ങളുടെ നഷ്ടം
അമ്പലപ്പുഴ: കൊയ്ത്തുയന്ത്രം കിട്ടാത്തതിനെ തുടര്‍ന്ന് വിളനശിച്ച കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം. 36 ഏക്കറില്‍ കൃഷിയിറക്കിയ തകഴിയിലെ പത്തുംപാടത്തെ നെല്ലാണ് യഥാസമയം കൊയ്തെടുക്കാന്‍ യന്ത്രം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നശിക്കുന്നത്. ഇതുമൂലം വിതച്ച് 122 ദിവസം പിന്നിട്ട വിള കഴിഞ്ഞദിവസമുണ്ടായ വേനല്‍മഴയില്‍ വീണടിഞ്ഞു. ഏഴ് ഏക്കറിലെ നെല്ലാണ് നശിച്ചത്. ഏക്കറിന് ഇരുപതിനായിരം രൂപ ചെലവില്‍ നടത്തിയ കൃഷി മഴമൂലം നശിക്കുകയാണ്. 45 ഓളം കര്‍ഷകരുടെ മാസങ്ങള്‍നീണ്ട അധ്വാനമാണ് ഇപ്പോള്‍ ഇതിലൂടെ പാഴാകുന്നത്. രണ്ട് കൊയ്ത്തുയന്ത്രത്തിനായി അമ്പലപ്പുഴയിലെ സര്‍ക്കാര്‍ സ്ഥാപനമായ കെയ്ക്കോയില് പണം അടച്ചിരുന്നതാണ്. എന്നാല്‍ ദിവസവും ഇവിടെവന്ന് യന്ത്രം ചോദിക്കുമ്പോള്‍ ഇല്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥരില്‍നിന്ന് ലഭിക്കുന്നത്. യന്ത്രം ലഭിക്കുമെന്ന പ്രതീക്ഷയില്‍ പാടശേഖരസമിതി ഭാരവാഹികള്‍ തൊഴിലാളികളെയും ഇറക്കിയിരുന്നില്ല. സ്വാധീനമുള്ള ഇടനിലക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്കി യന്ത്രങ്ങള്‍ ഇവിടെനിന്ന് കൊണ്ടുപോകുകയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. നെല്ല് നശിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍തന്നെ മൂന്നുലക്ഷം രൂപയോളം നഷ്ടം കര്ഷകര്ക്കുണ്ടായിക്കഴിഞ്ഞു. വേനല്‍മഴ ശക്തമാകുന്നതിനുമുമ്പ് ബാക്കി നെല്ലുംകൂടി കൊയ്തെടുത്തില്ലെങ്കില്‍ നഷ്ടം ഇനിയും വര്‍ധിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. അടിയന്തരമായി യന്ത്രം ലഭ്യമാക്കി കൊയ്ത്ത് സുഗമമാക്കാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
deshabhimani 120313
Labels:
കാര്‍ഷികം,
കുട്ടനാട് പാക്കേജ്,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment