കൊല്ലം നീണ്ടകരയില്‍ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ പിടിയിലാകുകയും പിന്നീട് സുപ്രീംകോടതിയുടെ അനുമതിയോടെ സ്വദേശത്തേക്ക് പോകുകയും ചെയ്ത തങ്ങളുടെ സൈനികരെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് ഇറ്റലി അറിയിച്ചു. ഇന്ത്യ അന്താരാഷ്ട്രനിയമം ലംഘിച്ചെന്നുംഅതിനാല്‍ നാവികരെ തിരിച്ചയക്കില്ലെന്നുമാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചത്. ഇതുസംബന്ധിച്ച് ഇറ്റാലിയന്‍ വിദേശമന്ത്രാലയം തയ്യാറാക്കിയ കുറിപ്പ് ഇറ്റാലിയന്‍ അംബാസഡര്‍ ഡനിയേല മാന്‍സീലി ഇന്ത്യന്‍ വിദേശ മന്ത്രാലയത്തിന് കൈമാറി.
ഇറ്റാലിയന്‍ സര്‍ക്കാര്‍ തന്നെയാണ് നോട്ട് കൈമാറിയ വിവരം പുറത്തുവിട്ടത്. ഇതിനു ശേഷം ഇന്ത്യന്‍ വിദേശ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചു. ഏറെ കോളിളക്കമുണ്ടാക്കിയ കേസ് ഇതോടെ ഇന്ത്യയുടെ കൈയില്‍നിന്ന് വഴുതി. 2012 ഫെബ്രുവരിയിലാണ് കൊല്ലം മുതക്കരയിലെ ജലസ്റ്റിന്‍, എരമത്തുറ സ്വദേശി അജീഷ് പിങ്കു എന്നിവര്‍ ഇറ്റാലിയന്‍ സൈനികരുടെ വെടിയേറ്റു മരിച്ചത്. തടവുകാരെ കൈവശം വയ്ക്കുന്നതുമായി ബന്ധപ്പെട്ട അന്താരാഷ്ട്രനിയമ ബാധ്യത ഇന്ത്യ ലംഘിച്ചതായി ഇറ്റലി ആരോപിച്ചു. സുപ്രീംകോടതി വിധിക്കു ശേഷം പ്രശ്നം നയതന്ത്രതലത്തില്‍ പരിഹരിക്കാന്‍ തങ്ങള്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഇന്ത്യ പ്രതികരിച്ചില്ല. വിഷയത്തില്‍ ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുകയാണ്. കേസ് നയതന്ത്രതലത്തില്‍ പരിഹരിക്കാന്‍ തയ്യാറാണെന്നും ഇറ്റലി അറിയിച്ചു.
ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഇറ്റാലിയന്‍ അംബാസഡര്‍ ഇന്ത്യന്‍ വിദേശമന്ത്രാലയത്തിന് നോട്ട് നല്‍കിയതായി ഇറ്റാലിയന്‍ സര്‍ക്കാര്‍ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. വോട്ടുചെയ്യാന്‍ നാട്ടില്‍ പോകണമെന്നു കാണിച്ചുള്ള ഹര്‍ജിയിലാണ് സൈനികരെ ഇറ്റലിയിലേക്ക് പോവാന്‍ ഫെബ്രുവരി 22നു സുപ്രീംകോടതി അനുവദിച്ചത്. നാലാഴ്ച നാട്ടില്‍ ചെലവഴിക്കണമെന്നായിരുന്നു സൈനികരുടെയും ഇറ്റാലിയന്‍ സര്‍ക്കാരിന്റെയും ആവശ്യം. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആവശ്യം അംഗീകരിച്ചു.
deshabhimani 120313
No comments:
Post a Comment