Tuesday, March 12, 2013
കടല്‍ക്കൊല: നിലപാട് തിരുത്തി പ്രധാനമന്ത്രി
കടല്‍ക്കൊലകേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലേക്ക് മടക്കി അയയ്ക്കില്ലെന്ന ഇറ്റലിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. ഇറ്റാലിയന്‍ നിലപാടില്‍ പ്രതിഷേധമറിയിക്കാനായി പ്രധാന മന്ത്രിയെ സന്ദര്‍ശിച്ച ഇടത് എംപിമാരോട് വിഷയം പരിശോധിക്കാമെന്ന് മാത്രമാണ് പറഞ്ഞതെന്ന് ഓഫീസ് അധികൃതര്‍ വ്യക്തമാക്കി. വിഷയത്തില്‍ ഇറ്റാലിയന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് മാത്രമാണ് പ്രധാന മന്ത്രി പറഞ്ഞത്. അതേസമയം ഇറ്റാലിയന്‍ സര്‍ക്കാര്‍ നിലപാട് പാര്‍ലമെന്റില്‍ വന്‍ പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി. വിഷയം സഭാനടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ ബിജെപിയും രാജ്യസഭയില്‍ സിപിഐ എമ്മും നോട്ടീസ് നല്കി. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ സഭാനടപടികള്‍ തടസപ്പട്ടു.
ഇറ്റലിയുടെ കത്ത് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദിന്റെ പ്രതികരണം.ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നുമന്ത്രി. ക്രിസ്മസ് ആഘോഷിക്കാനായി നാവികര്‍ ഇറ്റലിയില്‍ പോയി തിരികെ വന്നതാണെന്നും ഇറ്റലി വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്ത് വിശദമായി പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാമെന്നും ഖുര്‍ഷിദ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ഫെബ്രുവരി 23നാണ് ഇറ്റാലിയന്‍ നാവികര്‍ സുപ്രീം കോടതിയുടെ അനുമതിയോടെ നാട്ടിലേക്ക് പോയത്. മാര്‍ച്ച് 23നകം തിരിച്ചെത്തണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. വിചാരണത്തടവുകാരെ എങ്ങനെ ഇറ്റലിയിലേക്ക് പറഞ്ഞയച്ചെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. വിചാരണത്തടവുകാരായ ഇന്ത്യന്‍ പൗരന്മാര്ക്ക് വോട്ടവകാശമില്ല. പോസ്റ്റല്‍ വോട്ട് സംവിധാനം പോലുമില്ല. പിന്നെ എങ്ങനെയാണ് ഇറ്റാലിയന്‍ നാവികര്‍ക്ക് ജാമ്യം കൊടുക്കുക. ഇന്ത്യക്കാര്‍ക്ക് ബാധകമായ ഈ നിയമം എങ്ങനെ ഇറ്റലിക്കാര്‍ക്ക് ബാധകമല്ലാതായെന്നും യെച്ചൂരി ചോദിച്ചു. ഇറ്റലി സുപ്രീം കോടതിയെ വഞ്ചിരിക്കുകയാണെന്ന് ജസ്റ്റിസ് വി ആര് കൃഷ്ണയ്യര്‍ പറഞ്ഞു. ഇറ്റലിയുടെ നടപടി വഞ്ചനയാണെന്ന് ബിജെപി ആരോപിച്ചു. ബിജെപി ദേശീയ വക്താവ് രാജീവ് പ്രതാപ് റൂഡിയാണ് പാര്‍ട്ടി നിലപാട് അറിയിച്ചത്.
ഇറ്റാലിയന്‍ നാവികര്‍ രക്ഷപ്പെടാനിടയായത് ഇന്ത്യ ചെയ്ത വലിയ തെറ്റാണെന്ന് കൊല്ലപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന ബോട്ടിന്റെ ഉടമ ഫ്രെഡി പറഞ്ഞു. കൊലപാതകികളായ ഇറ്റാലിയന്‍ നാവികരെ ശിക്ഷിക്കാന്‍ പോലും ഇന്ത്യയ്ക്കായില്ലെന്നും ഫ്രെഡി കുറ്റപ്പെടുത്തി. നഷ്ടപരിഹാരത്തുക കിട്ടിയത് കൊണ്ടുമാത്രം കാര്യമില്ലെന്നും കൊലപാതകികളെ ശിക്ഷിക്കാത്തതില്‍ ദു:ഖമുണ്ടെന്നും കൊല്ലപ്പെട്ട ജലസ്റ്റിന്റെ ഭാര്യ ഡോറ പറഞ്ഞു.
നാവികരെ ഇന്ത്യന്‍ കോടതിയില്‍ വിചാരണ ചെയ്യണം: മുഖ്യമന്ത്രി
തിരു: കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയിലേക്ക് മടങ്ങിവരില്ലെന്ന നിലപാടെടുത്ത ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നടപടിയില്‍ സംസ്ഥാനത്തിനുള്ള അതൃപ്തി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ തീരുമാനം വിശദീകരിച്ച് പത്രസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. കൊലപാതകം നടന്നത് ഇന്ത്യയിലാണെന്നും നാവികരുടെ വിചാരണ ഇന്ത്യന്‍ കോടതിയിലാണ് നടക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബുധനാഴ്ച ഡല്‍ഹിയിലെത്തി കേസിലെ നിയമപരമായ സാധ്യതകളെക്കുറിച്ച് അഭിഭാഷകരുമായി സംസാരിക്കും. ഇറ്റാലിയന്‍ നാവികര്‍ക്ക് ജാമ്യം അനുവദിക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട ശക്തമായ നിലപാടിന് കേന്ദ്രത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിച്ചിരുന്നെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. കോടതിയാണ് നാവികര്‍ക്ക് ജാമ്യം അനുവദിച്ചതെന്നും ഇതില്‍ കേന്ദ്രത്തിന് ഒന്നും ചെയ്യാനില്ലെന്നും പറഞ്ഞ് കേന്ദ്ര സര്‍ക്കാരിനെ മുഖ്യമന്ത്രി ന്യായീകരിക്കാന്‍ ശ്രമിച്ചു.
കെഎസ്ആര്‍ടിസി പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്തെങ്കിലും തീരുമാനമായില്ല. ഉടന്‍ തന്നെ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. വനംമന്ത്രി ഗണേശ് കുമാറിനെതിരെ ഭാര്യ യാമിനി തങ്കച്ചി തനിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. പി സി ജോര്‍ജിനെതിരായ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ചോദ്യങ്ങളെല്ലാം ജോര്‍ജിനോട് നേരിട്ട് ചോദിച്ചാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് അനുവദിക്കുന്ന നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കാന്‍ നിയമത്തില്‍ ഭേദഗതി വരുത്തി. അംഗവൈകല്യം സംഭവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം 25,000 രൂപയില്‍ നിന്ന് 75,000 രൂപയായി ഉയര്‍ത്തി. പരിക്ക് പറ്റുന്നവര്‍ക്ക് പരിക്കിന്റെ ഗൗരവമനുസരിച്ച് അനുവദിക്കുന്ന തുക 5,000ത്തില്‍ നിന്ന് 75,000മായി ഉയര്‍ത്തി. കഴിഞ്ഞദിവസം കാട്ടാന ചവിട്ടിക്കൊന്ന ബദല്‍ സ്കൂള്‍ അധ്യാപിക ലിസിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. കാസര്‍കോട് ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ 35 തസ്തികകള്‍ അനുവദിച്ചു. ആലപ്പുഴ കയര്‍ മാനുഫാക്ടറിങ് ഫാക്ടറിയില്‍ 34 തസ്തികയും അനുവദിച്ചു. കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ അണ്ടര്‍ ബ്രിഡ്ജ്, പാവങ്ങാട് മേല്‍പ്പാലം, വടക്കുംപാട് അണ്ടര്‍ ബ്രിഡ്ജ് എന്നിവയുടെ നിര്‍മ്മാണത്തിനായി 7.34 കോടി രൂപ അനുവദിച്ചു.
deshabhimani
Labels:
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment