Tuesday, March 12, 2013

ഇറ്റാലിയന്‍ നാവികരെ രക്ഷിക്കാന്‍ ഒത്തുകളി: സിപിഐ എം


മത്സ്യ ത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ നാവികരെ തിരിച്ചുവരാത്തവിധം ഇറ്റലിയിലേക്ക് കടത്തിയത് ഇറ്റാലിയന്‍ ഭരണാധികാരികളുമായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളും കോണ്‍ഗ്രസ് ഐ ദേശീയ നേതൃത്വവും നടത്തിയ അപമാനകരമായ ഒത്തുകളിയുടെ ഫലമായാണെന്ന് സിപി.ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഇറ്റലിയെ പ്രീതിപ്പെടുത്താന്‍ സ്വന്തം ജനതയെയും രാജ്യത്തിന്റെ അഭിമാനത്തെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ബലിയര്‍പ്പിച്ചതിനെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ത്തണം. കൊലയാളികളായ നാവികര്‍ക്ക് ഇറ്റലിയിലേക്ക് കടക്കാന്‍ സൗകര്യം ചെയ്തുകൊടുത്ത പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇപ്പോള്‍ നിഷ്കളങ്കത അഭിനയിക്കുകയാണ്. നാവികര്‍ തിരിച്ചുവരാത്തതില്‍ പ്രധാനമന്ത്രി അസ്വഭാവികത കണ്ടതിലും പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ദില്ലിയിലെത്തുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചതിലും ആത്മാര്‍ത്ഥതയുടെ കണിക പോലും കാണാനാകില്ല. കേസിന്റെ തുടക്കം മുതല്‍ യുഡിഎഫ് സര്‍ക്കാര്‍ മലക്കംമറിച്ചിലും കള്ളക്കളിയുമാണ് നടത്തിയത്. ആദ്യം ജാമ്യമില്ലാവകുപ്പ് പ്രകാരമായിരുന്നു പ്രതികള്‍ക്കെതിരെ കേസെടുത്തിരുന്നത്.

എല്ലാ നിയമങ്ങളും കാറ്റില്‍പറത്തിയാണ് ഇറ്റാലിയന്‍ കപ്പലില്‍നിന്നും നമ്മുടെ നാട്ടുകാരായ മല്‍സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നത്. ജീവനും കപ്പലിനും ആപത്തുണ്ടാകുന്ന ഘട്ടത്തില്‍ മാത്രമേ കപ്പലിലെ സായുധ സേനാംഗങ്ങള്‍ തോക്ക് ഉപയോഗിക്കാവൂ എന്നാണ് സാര്‍വദേശീയ നിയമം. വെടിയുതിര്‍ക്കാനുള്ള ഒരു പ്രകോപനവുമില്ലാതിരിക്കെ മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളെ വെടിവെച്ചുകൊന്നത് മാപ്പര്‍ഹിക്കാത്ത കുറ്റവും വധക്കേസുമാണ്. ഇക്കാര്യത്തില്‍ ബഹുജനപ്രക്ഷോഭമുയര്‍ന്നതിനെത്തുടര്‍ന്നാണ് കേസ് ബലപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. പക്ഷെ തുടക്കം മുതല്‍ ഇറ്റലിക്കാരെ രക്ഷിക്കാനുള്ള ഉറച്ച ചുവടുവെയ്പുകളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയത്. ആദ്യം മുതല്‍ തുടര്‍ന്നുവന്ന കൂറുമാറ്റക്കഥയുടെ അനന്തരഫലമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.

ഇറ്റലിക്കാരും സോണിയാഗാന്ധിയുടെ കുടുംബ സുഹൃത്തുമായ ഒക്ടോവിയോ ക്വട്രോച്ചിയ്ക്ക് ഇന്ത്യന്‍ കോടതികളില്‍ കേസുകള്‍ നിലനില്‍ക്കെ ഇന്ത്യയില്‍നിന്ന് രക്ഷപെട്ടുപോകാന്‍ പഴുതുകളുണ്ടാക്കിയതിന്റെ ആവര്‍ത്തനമാണ് ഇന്ത്യയിലെ തടവില്‍നിന്നും ഇറ്റാലിയന്‍ നാവികരെ കടത്തിയതില്‍ തെളിയുന്നത്്. ഇന്ത്യയെയും പരമോന്നത നീതിപീഠത്തെയും വഞ്ചിച്ച് ഇറ്റലിയില്‍ തങ്ങുന്ന കൊലക്കേസ് പ്രതികളായ നാവികരെ തിരിച്ചുകൊണ്ടുവരാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. പ്രതികളെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാമെന്ന് ഉറപ്പുനല്‍കിയ ഇറ്റാലിയന്‍ അംബാസിഡര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. നയതന്ത്ര പരിരക്ഷയുള്ളപ്പോള്‍തന്നെ അംബാസിഡര്‍ക്കെതിരെ ചില ഭരണ നടപടികള്‍ സ്വീകരിക്കാന്‍ പ്രത്യേക ഘട്ടത്തില്‍ ഒരു രാഷ്ട്രത്തിന് അനുവാദമുണ്ട്. അത് ഉപയോഗപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment