Saturday, March 2, 2013

അഭിഭാഷകനെ കേസില്‍ കുടുക്കിയത് തൊഴില്‍സ്വാതന്ത്ര്യലംഘനം: ലോയേഴ്സ് യൂണിയന്‍


 ഷുക്കൂര്‍ വധക്കേസില്‍ സാക്ഷികള്‍ കൂറുമാറി കോടതിയില്‍ തെളിവു നല്‍കിയതിന് പ്രതിഭാഗം അഭിഭാഷകന്‍ നിക്കോളാസ് ജോസഫിനെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി കള്ളക്കേസ് എടുത്തത് ഭരണഘടന ഉറപ്പുനല്‍കുന്ന തൊഴില്‍ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി ബി രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേസില്‍ ഹാജരാകുന്ന അഭിഭാഷകര്‍ കക്ഷിക്ക് ഗുണകരമായി പ്രവര്‍ത്തിക്കുന്നതിന് ബാധ്യസ്ഥരാണ്. കേസുകളില്‍ കക്ഷികള്‍ കൂറുമാറുന്നത് സാധാരണമാണ്. പലപ്പോഴും സാക്ഷികള്‍ അറിയാതെ അവരെ പൊലീസ് കേസില്‍ ഉള്‍പ്പെടുത്താറുണ്ട്. ഐസ്ക്രീം പാര്‍ലര്‍ ഉള്‍പ്പെടെ കേസുകളില്‍ പ്രതികളുടെ സ്വാധീനത്തില്‍ ഇരകള്‍ ഉള്‍പ്പെടെ കൂറുമാറി. കണ്ണൂര്‍ എംപിയുടെയും മുസ്ലിംലീഗ് എംഎല്‍എയുടെയും ഗൂഢാലോചനയുടെ ഫലമായാണ് ഷൂക്കൂര്‍ വധക്കേസില്‍ എംഎല്‍എമാര്‍ അടക്കമുള്ളവരെ കേസില്‍പെടുത്തിയത്. കേസ് പൊളിയുന്ന തരത്തില്‍ സാക്ഷികള്‍ കൂറുമാറുന്നതിന്റെ ജാള്യത മറയ്ക്കാനാണ് സീനിയര്‍ അഭിഭാഷകന്റെ പേരില്‍ കള്ളക്കേസെടുത്തത്.

അഞ്ചേരി ബേബി, കെ ടി ജയകൃഷ്ണന്‍ കേസുകളിലേതിന് വിപരീതമായ നിയമോപദേശമാണ് നാല്‍പ്പാടി വാസു, സൂര്യനെല്ലി കേസുകളില്‍ ഉന്നതരായ സര്‍ക്കാര്‍ അഭിഭാഷകര്‍ നല്‍കിയത്. രാഷ്ട്രീയ താല്‍പ്പര്യമുള്ള കേസുകളില്‍ ആഭ്യന്തരമന്ത്രി കക്ഷികളെ വീട്ടില്‍ചെന്നുകണ്ട് അവര്‍ക്ക് ഇഷ്ടപ്പെട്ട പ്രോസിക്യൂട്ടറെ നിയമിക്കുന്നു. എന്നാല്‍, സൂര്യനെല്ലി കേസില്‍ ഇര ആവശ്യപ്പെട്ടവരെ പ്രോസിക്യൂട്ടര്‍മാരായി നിയമിക്കാന്‍ തയ്യാറല്ല. ഷുക്കൂര്‍ വധക്കേസില്‍ പ്രതിഭാഗം അഭിഭാഷകനെതിരായ കള്ളക്കേസ് പിന്‍വലിക്കണമെന്നും ബി രാജേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് പാരിപ്പള്ളി ആര്‍ രവീന്ദ്രന്‍, മീഡിയ സെല്‍ കണ്‍വീനര്‍ പഴിഞ്ഞിയില്‍ ജയചന്ദ്രന്‍നായര്‍, ജില്ലാ സെക്രട്ടറി ടി എം ജാഫര്‍ഖാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 020313

No comments:

Post a Comment