മൂന്നു കുട്ടികളുടെ കൂട്ടായ്മ കഴിഞ്ഞ ശതകത്തിലെ കളിയരങ്ങിലെ അത്ഭുതദര്‍ശന സൗഭാഗ്യമായിരുന്നു. അപ്പുക്കുട്ടിപ്പൊതുവാള്‍, കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍, രാമന്‍കുട്ടിനായര്‍ എന്നിവരാണ് ഈ മൂന്നുകുട്ടികള്‍. അതില്‍ ചെണ്ടമാന്ത്രികനായ കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍ നേരത്തേ കാലയവനികയിലേക്കു മറഞ്ഞു.
പാലക്കാട് വെള്ളിനേഴി എന്നും കഥകളിയുടെ ഗര്‍ഭഗൃഹമാണ്. സ്വച്ഛസുന്ദരമായ ആ നാട്ടിന്‍പുറത്തെ കൊച്ചുകുട്ടികളുടെ അക്കാലത്തെ പതിവ്, കഥകളിക്ക് കച്ചകെട്ടലാണ്. പയ്യനായ രാമന്‍കുട്ടിയും പന്ത്രണ്ടാമത്തെ വയസ്സില്‍ ചൊല്ലിയാട്ടം തുടങ്ങി. ഒരു കാലഘട്ടത്തിന്റെ സ്രഷ്ടാവ് എന്ന് കഥകളിരംഗത്ത് വിശേഷിപ്പിക്കാറുള്ള പട്ടിക്കാംതൊടി രാവുണ്ണിമേനോനായിരുന്നു ഗുരുനാഥന്‍. ഒളപ്പമണ്ണമന വകയായിരുന്നു കളരി. അരങ്ങേറ്റം സ്വന്തം തട്ടകത്തിലെ ക്ഷേത്രമായ കാന്തളൂരില്‍ സുഭദ്രാഹരണത്തിലെ ശ്രീകൃഷ്ണനെ അവതരിപ്പിച്ചുകൊണ്ടായിരുന്നു. ജന്മവാസനയും നിഷ്കൃഷ്ടമായ ചൊല്ലിയാട്ടവും ചേര്‍ന്നപ്പോള്‍ മധ്യകേരളത്തില്‍ അരങ്ങേറിയ അന്നത്തെ കഥകളിയരങ്ങുകളില്‍ കുട്ടിത്തരം വേഷങ്ങള്‍ക്ക് രാമന്‍കുട്ടിയെ കവച്ചുവയ്ക്കാന്‍ പകരക്കാരില്ലാതായി. ചിട്ടയില്‍ തെല്ലും വിട്ടുവീഴ്ചയില്ലാത്ത പട്ടിക്കാംതൊടി ആശാന്‍ "കല്ലുവഴിച്ചിട്ട" കറതീര്‍ത്തെടുത്ത് തന്റെ ശിഷ്യന്മാരില്‍ സന്നിവേശിപ്പിച്ചു. ദേശീയ നവോത്ഥാനത്തിന്റെ കിരണങ്ങള്‍ കേരളത്തിലെ ഉള്‍നാടുകളെ ഉണര്‍ത്താന്‍ തുടങ്ങിയ കാലത്താണ് മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ കഥകളിയുടെ സമുദ്ധാരണത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. തൃശൂര്‍ ജില്ലയിലെ അമ്പലപുരത്ത് കക്കാട്ടു കാരണവപ്പാടിന്റെ പിന്തുണയോടെ ആരംഭിച്ച കലാമണ്ഡലം കൊച്ചിമഹാരാജാവിന്റെ സഹായത്തോടെ ചെറുതുരുത്തിയിലേക്ക് മാറ്റിസ്ഥാപിച്ചു. കലാമണ്ഡലത്തിലെ ശിഷ്യപരമ്പരയിലെ രണ്ടാം തലമുറയിലെ വിദ്യാര്‍ഥിയായിരുന്നു രാമന്‍കുട്ടിനായര്‍. വള്ളത്തോളിന് പ്രിയപ്പെട്ട രണ്ട് നടന്മാരില്‍ ഒരാളാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒന്നാമത്തെയാള്‍ കലാമണ്ഡലം കൃഷ്ണന്‍നായരായിരുന്നു. പട്ടിക്കാംതൊടിയുടെ ചൊല്ലിയാട്ടവും മാണിമാധവച്ചാക്യാരുടെ കണ്ണുസാധകവും കുട്ടികൃഷ്ണമാരാരുടെ സാഹിത്യപരിശീലനവും ജന്മവാസനയും ചേര്‍ന്നപ്പോള്‍ കാലാന്തരത്തില്‍ കേരളത്തിലെ മഹാനായ അഭിനയപ്രതിഭയായി രാമന്‍കുട്ടിനായര്‍.
(ഇയ്യങ്കോട് ശ്രീധരന്‍)
അടിയുറച്ച കമ്യൂണിസ്റ്റ്
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സന്തത സഹചാരിയായിരുന്നു അരങ്ങൊഴിഞ്ഞ കലാമണ്ഡലം രാമന്‍കുട്ടിനായര്‍ എന്ന കഥകളിയാചാര്യന്‍. കലാമണ്ഡലത്തില്‍ പഠിക്കുന്ന കാലംമുതല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ തുടങ്ങിയ അദ്ദേഹം അവസാന ശ്വാസംവരെയും പുരോഗമന പ്രസ്ഥാനങ്ങളോടുള്ള അചഞ്ചലമായ കൂറ് കാത്തുസൂക്ഷിച്ചു. കമ്യൂണിസ്റ്റ് പാര്‍ടിയോട് കുട്ടിക്കാലം മുതലേ താല്‍പ്പര്യമുണ്ടായിരുന്നെങ്കിലും വള്ളത്തോളിന്റെ മക്കളുമായുള്ള ബന്ധമാണ് ഇത് ദൃഢമാക്കിയത്. മഹാകവിക്കും പുരോഗമന പ്രസ്ഥാനങ്ങളോട് മാനസികമായി അടുപ്പമുണ്ടായിരുന്നു. എങ്കിലും അത് കലാമണ്ഡലത്തിന്റെ ഉയര്‍ച്ചക്ക് തടസ്സമാവരുതെന്ന് നിര്‍ബന്ധമായിരുന്നു. എന്നാല്‍ മക്കളായ അച്യുതക്കുറുപ്പും ബാലകൃഷ്ണക്കുറുപ്പും കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകരായിരുന്നു. അവിഭക്തപാര്‍ടിയുടെയും പിന്നീട് സിപിഐയുടെയും നേതാവായിരുന്ന കല്ലാട്ട് കൃഷ്ണനുമായുള്ള സൗഹൃദം രാമന്‍കുട്ടിനായരെ പാര്‍ടി രഹസ്യരേഖകള്‍ കൈമാറുന്നതിനുള്ള വിശ്വസ്തനാക്കി. പലപ്പോഴും ചെറുതുരുത്തിയില്‍ വന്ന് തങ്ങുമായിരുന്ന കല്ലാട്ട്, ഷൊര്‍ണൂര്‍ മേഖലയിലേക്കുള്ള സന്ദേശങ്ങള്‍ കൈമാറാന്‍ പലപ്പോഴും രാമന്‍കുട്ടിനായരെയാണ് ഉപയോഗിച്ചത്. കലാമണ്ഡലത്തില്‍ അധ്യാപകനായിരുന്ന കാലത്ത് ഒരിക്കല്‍ കരുതല്‍ തടങ്കലിനെതിരെ ദേശാഭിമാനിയില്‍ കത്തെഴുതി. അന്ന് വള്ളത്തോള്‍ വിളിച്ചുവരുത്തി ഇത്തരം പ്രവര്‍ത്തനങ്ങള്‍ കലാമണ്ഡലത്തിന്റെ വളര്‍ച്ചക്ക് തടസ്സമാവരുതെന്നും ഉടന്‍ ഒരു മറുകുറിപ്പെഴുതണമെന്നും ആവശ്യപ്പെട്ടു. അന്നത് സമ്മതിച്ച് മടങ്ങിയെങ്കിലും മറുകുറിപ്പെഴുതാന്‍ അദ്ദേഹം സന്നദ്ധനായില്ല.
കര്‍ക്കശക്കാരനായ അധ്യാപകന്‍
കലാമണ്ഡലം ഗോപി
രാമന്‍കുട്ടിനായരാശാന്റെ മട്ടൊന്ന് വേറെയാണ്. ശിക്ഷിച്ചാല്‍ ശിക്ഷിച്ചതുതന്നെ. രണ്ടാമതൊരു ചിന്തയൊന്നും അവിടെയില്ല. ചിരിച്ച മുഖവും കാണില്ല. വിദ്യാര്‍ഥികളോടല്ല സ്വന്തം മക്കളോടും അങ്ങനെതന്നെയാണ് അന്നൊക്കെ. (ഇപ്പോള്‍ ഗൗരവത്തിന് കുറവില്ലെങ്കിലും സ്വഭാവവും പെരുമാറ്റവും ആകെ മാറിപ്പോയി). ഞാന്‍ കലാമണ്ഡലത്തില്‍ ചേര്‍ന്ന സമയത്ത് രാമന്‍കുട്ടിനായരാശാന്‍ അദ്ദേഹത്തിന്റെ പ്രഥമശിഷ്യനും ഇപ്പോര്‍ യശഃശരീരനുമായ വൈക്കം കരുണാകരനെ ഉത്ഭവം ചൊല്ലിയാടിക്കുന്നത് കണ്ടിട്ടുണ്ട്. വൈക്കത്തിന് കിട്ടുന്ന തല്ലുകണ്ടപ്പോള്‍ അപ്പോള്‍ത്തന്നെ കലാമണ്ഡലത്തില്‍നിന്ന് ചാടിപ്പോരണമെന്നാണ് തോന്നിയത്. കളരിയിലും മെസിലും അച്ചടക്കം പാലിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമാണ്. ഞങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഇടയ്ക്ക് വന്നുനോക്കും. കൃത്യസമയത്ത് എല്ലാവരും ഉറങ്ങാന്‍ കിടന്നില്ലേയെന്നും പരിശോധിക്കും. ആശാന്മാര്‍ക്കും മെസില്‍നിന്നുതന്നെയായിരുന്നു ഭക്ഷണം. വിദ്യാര്‍ഥികളുടെയെല്ലാം ഭക്ഷണം കഴിഞ്ഞേ അവര്‍ വരൂ. ഞാത്തിയിടുന്ന മുണ്ടിന്റെ കോന്തല ഇടത്തേ കക്ഷത്തിറുക്കി ആ കൈയില്‍ ചെറിയൊരു പാത്രത്തില്‍ നെയ്യുമെടുത്ത് മറ്റേക്കൈയിലെ ചൂണ്ടാണിവിരലില്‍ താക്കോല്‍ക്കൂട്ടം വട്ടം കറക്കിക്കൊണ്ട് കഴുത്തുതിരിക്കാതെ, മുഖം താഴ്ത്താതെ (അപ്പോഴും തലയില്‍ കിരീടമുണ്ടെന്നു തോന്നും) ചുറ്റുപാടും ഒരു സിംഹാവലോകനം നടത്തി അടിയളന്നുവച്ചുകൊണ്ട് മെസിലേക്ക് രാമന്‍കുട്ടിനായരാശാന്റെ ഒരു വരവുണ്ട്, രാവിലത്തെ കഞ്ഞിക്ക്. പിന്നെ അവിടെ ഈച്ചയിളകില്ല. പട്ടിക്കാംതൊടിയാശാനുശേഷം അച്ചടക്കത്തില്‍ ഇത്ര നിഷ്ഠയുള്ള ഒരു കഥകളി ആചാര്യനെപ്പറ്റി കേട്ടിട്ടില്ല.
പില്‍ക്കാലത്ത് ഈ ആശാന്മാരുടെ കൂടെ കൂട്ടുവേഷം വേണ്ടിവരുമ്പോഴും ഉള്ളില്‍ ഭയമായിരുന്നു. എന്തെങ്കിലും പിഴവോ ഭംഗികേടോ കണ്ടാല്‍ രാമന്‍കുട്ടിനായരാശാന്‍ അരങ്ങത്തുവച്ചുതന്നെ ശിക്ഷിക്കാന്‍ പഴുതുണ്ടാക്കും. ഏതായാലും ഈ ഭയഭക്തി ബഹുമാനങ്ങള്‍ നിമിത്തം രാമന്‍കുട്ടിനായരാശാന്റെ "കല്യാണസൗഗന്ധിക"ത്തിലെ ഹനുമാനോടൊപ്പം എന്റെ ഭീമന് ക്രമത്തില്‍ പുതിയൊരു ലാവണ്യവിതാനം കൈവരുന്നതായാണ് അനുഭവം. പിന്‍മടക്കമില്ലാത്ത വീറും വാശിയും അധ്വാനവുംകൊണ്ട് തന്നേക്കാള്‍ പത്തുപതിനഞ്ച് വയസ്സിന് മുന്നില്‍ നില്‍ക്കുന്ന കഥകളി നടന്മാരുടെ ഇടയില്‍ സ്ഥാനം പിടിച്ചുപറ്റിയ രാമന്‍കുട്ടിനായരാശാനാണ് സൗഗന്ധികത്തിലേയും തോരണയുദ്ധത്തിലേയും ഹനുമാന്മാര്‍ക്ക് ഇന്നത്തെ നിലയും വിസ്താരവും രംഗപ്പൊലിമയുമുണ്ടാക്കിയത്. ഞങ്ങളുടെ അരങ്ങിണക്കംകൊണ്ട് പല മനോധര്‍മങ്ങളും കാണികള്‍ക്ക് ആവേശമായി തോന്നിയിട്ടുണ്ട്. "മമനാമം കേള്‍ ഹനുമാന്‍", ഭീതിയുള്ളിലരുതൊട്ടും", "തവപ്രാണവല്ലഭേടേ" എന്നീ ഭാഗങ്ങളുടെ ആട്ടം അതിനുദാഹരണമാണ്. കൂട്ടത്തില്‍ അദ്ദേഹം എന്നെ നന്നായി കളിയാക്കുകയും ചെയ്യും. "ശ്ശി വലിപ്പം ഉണ്ട് എന്നേള്ളൂ, ഉള്ള് പൊള്ളയാണ്", "ഒരു കൊതുവാണെന്നേ തോന്നൂ" എന്നൊക്കെയും കാണിക്കുമ്പോള്‍ കാണികള്‍ക്ക് രസമാവും. ഇയ്യിടെയായി എനിക്കുവയ്യ, വയസ്സായില്ല്യേ" എന്നൊക്കെയും കാണിക്കും. ഏതായാലും മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും ഇത്രയും പൊരുത്തവും ജനസമ്മതിയുമുള്ള കല്യാണസൗഗന്ധികം എന്റെ അനുഭവത്തിലില്ല. (കലാമണ്ഡലം ഗോപിയുടെ ഓര്‍മയിലെ പച്ചകള്‍ എന്നഅനുഭവക്കുറിപ്പിലെ "വന്ദേഗുരുപരമ്പരാം" എന്ന അധ്യായത്തില്‍നിന്ന്)
സാംസ്കാരികരംഗത്ത് കനത്ത നഷ്ടം: പിണറായി
തിരു: കഥകളി ആചാര്യന്‍ കലാമണ്ഡലം രാമന്‍കുട്ടിനായരുടെ നിര്യാണം കേരളീയ സാംസ്കാരികരംഗത്തിന് കനത്ത നഷ്ടമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇടതുപക്ഷവുമായി എന്നും സൗഹൃദം പുലര്‍ത്തിയിരുന്ന അദ്ദേഹം സിപിഐ എമ്മിന്റെ സാംസ്കാരികവേദികളിലേക്ക് വിശാലമായ മനസ്സോടെ എന്നും കടന്നുവന്നു. കലയെയും സാമൂഹിക കാര്യങ്ങളെയും സമന്വയിപ്പിക്കണമെന്ന ചിന്താഗതിക്കാരനായിരുന്ന അദ്ദേഹം കല ജീവിതത്തിനുതകുന്നതാകണമെന്ന് വിശ്വസിച്ചുപോന്നു. കത്തി- വെള്ളത്താടി വേഷങ്ങളില്‍ പല പതിറ്റാണ്ടുകള്‍ അധിപസ്ഥാനത്തുനിന്ന കലാമണ്ഡലം രാമന്‍കുട്ടിനായര്‍ കലാമണ്ഡലം പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ നടത്തിയ സേവനങ്ങളും പ്രത്യേകം എടുത്തുപറയേണ്ടതുണ്ടെന്നും പിണറായി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
അതുല്യപ്രതിഭ: എം എ ബേബി
തിരു: അഭിനയമികവിന്റെ അസാധാരണ പ്രതിഭയായിരുന്നു കലാമണ്ഡലം രാമന്‍കുട്ടിനായരെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. പ്രതിനായകവേഷങ്ങളെ പ്രൗഢഗംഭീരമായി അരങ്ങില്‍ ആവിഷ്കരിച്ച് അവിസ്മരണീയമാക്കി. കലാമണ്ഡലം ഗോപിയടക്കമുള്ള പ്രഗത്ഭര്‍ക്ക് ഗുരുവായ അദ്ദേഹം മികച്ച അധ്യാപകന്‍കൂടിയായിരുന്നു. ചിത്ര- ശില്‍പ്പകലകള്‍ക്കൊപ്പം കേരളത്തിന്റെ ക്ലാസിക് കലയായ കഥകളിക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യമായി അര്‍ഹനായത് രാമന്‍കുട്ടിയാശാനാണ്. അദ്ദേഹം പുരോഗമന പ്രസ്ഥാനങ്ങളുമായി ഗ്രാഢബന്ധം പുലര്‍ത്തിയിരുന്നതായും ബേബി പറഞ്ഞു.
deshabhimani 120313
No comments:
Post a Comment