Monday, March 4, 2013
ആനുകൂല്യങ്ങള്‍ക്ക് അക്കൗണ്ട് ഗുണഭോക്താക്കള്‍ വട്ടംകറങ്ങുന്നു
ബാങ്ക് അക്കൗണ്ട് മുഖേന ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനുള്ള പദ്ധതി നടപ്പാക്കുന്നതില്‍ വീഴ്ച. വിവിധ ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളും സബ്സിഡി ലഭിക്കേണ്ട കൃഷിക്കാരും പ്രതിസന്ധിയിലായി. പണം ലഭിക്കാനുള്ളവര്‍ കൃഷിഭവനുകളുടെയും ബാങ്ക് ശാഖകളുടെയും വാതിലില്‍ മുട്ടി അലയുകയാണ്. മാര്‍ച്ച് 31നുമുമ്പ് ആനുകൂല്യങ്ങളുടെ 85 ശതമാനവും വിതരണം ചെയ്യാതെപോകുമെന്നതാണ് സ്ഥിതി. മുന്നൊരുക്കങ്ങളില്ലാതെ, ധൃതിപിടിച്ച് പദ്ധതിപരിഷ്കാരം നടപ്പാക്കിയതാണ് വിനയായത്. പാടശേഖര സമിതി, നാളികേര ക്ലസ്റ്റര്‍, കര്‍ഷക ഗ്രൂപ്പുകള്‍ എന്നിവയില്‍ അംഗമായിരുന്നവരാണ് കുടുങ്ങിയത്. ഇവരില്‍ പലര്‍ക്കും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിച്ചില്ല. നെല്ലിന്റെ ഒന്നാംവിളയുടെ ആനുകൂല്യങ്ങള്‍ കൊടുത്തിട്ടില്ല. രണ്ടാംവിളയുടെ പൊജക്ട് പാസായപ്പോഴേക്കും കൊയ്ത്തുകാലമായി. നിലമൊരുക്കല്‍ പദ്ധതിയുടെയും പണം കൊടുത്തിട്ടില്ല. വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന പച്ചക്കറി കൃഷിക്കുള്ള ആനുകൂല്യ വിതരണവും താളംതെറ്റി. മഴക്കാല കൃഷിക്കുള്ള ആനുകൂല്യങ്ങള്‍പോലും അനുവദിക്കാതെയാണ് വേനല്‍ക്കാല കൃഷിക്ക് പദ്ധതി ക്ഷണിച്ചത്.
ഇപ്രാവശ്യം പദ്ധതി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് സംഭവിച്ച വീഴ്ചമൂലം പ്രൊജക്ടുകള്‍ വൈകിയതാണ് കര്‍ഷകരെ വെട്ടിലാക്കിയത്. ഇതിനൊപ്പം ബാങ്ക് അക്കൗണ്ട് മുഖേന ആനുകൂല്യങ്ങളും സബ്സിഡിയും വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുന്നതിലെ അപാകതയും പ്രതിസന്ധിയായി. ഒരു പഞ്ചായത്തിന്റെയോ കൃഷിഭവന്റെയോ പരിധിയില്‍ വരുന്ന ഗുണഭോക്താക്കളുടെ അക്കൗണ്ട് പല ബാങ്കുകളിലാണ് എന്നതാണ് പ്രധാന തടസ്സമായത്. ഇത് മറികടക്കാന്‍ സിന്‍ഡിക്കറ്റ് ബാങ്ക് മുഖേനെയാണ് ഇപ്പോള്‍ പണം അനുവദിക്കാന്‍ നടപടിയായത്. സിന്‍ഡിക്കറ്റ് ബാങ്ക് മറ്റ് ബാങ്കുകള്‍ക്ക് പണമെത്തിക്കും. സഹകരണ ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്കായി സിന്‍ഡിക്കറ്റ് ബാങ്ക് ജില്ലാ ബാങ്ക് മുഖേനെ തുക വിതരണം ചെയ്യും. ആനുകൂല്യം ലഭിക്കാന്‍ കര്‍ഷകര്‍ കൃഷിഭവനുകളെ സമീപിക്കുമ്പോള്‍ അക്കൗണ്ട് സമര്‍പ്പിച്ച ബാങ്കിലെത്താനാണ് മറുപടി. പണം അനുവദിക്കപ്പെട്ടാല്‍ അത് ഗുണഭോക്താവിനെ അറിയിക്കാനുള്ള കടമ ബാങ്ക് ശാഖകളും നിര്‍വഹിക്കുന്നില്ല. പ്രത്യേക ഹെല്‍പ് ഡെസ്ക്കില്ലാത്തതിനാല്‍ ബാങ്കുകളിലെത്തുന്ന സാധാരണക്കാരായ കൃഷിക്കാര്‍ നട്ടംതിരിയുകയാണ്. നാമമാത്രമായ ചിലര്‍ക്കാണ് തുക ലഭിച്ചത്.
എല്ലാ പദ്ധതികളുടെയും ആനുകൂല്യങ്ങള്‍ ഒരേസമയം ബാങ്ക് അക്കൗണ്ട് മുഖേന വിതരണം ചെയ്യാന്‍ തീരുമാനിച്ചതാണ് സര്‍ക്കാരിന് സംഭവിച്ച പോരായ്മ. സര്‍ക്കാരിന്റെ അനാസ്ഥമൂലം ജനകീയാസൂത്രണ പദ്ധതികള്‍ നിര്‍ദേശിക്കുന്നതും അംഗീകരിക്കുന്നതും വൈകിയതും നടത്തിപ്പിനെ ബാധിച്ചു. കൃഷിഭവനുകളിലെയും മറ്റും ജീവനക്കാര്‍ അത്യധ്വാനം ചെയ്താണ് ബില്ലുകളും മറ്റും തയ്യാറാക്കുന്നത്. കഴിഞ്ഞ കാലവര്‍ഷത്തില്‍ പ്രകൃതിക്ഷോഭത്തില്‍ വിള നഷ്ടപ്പെട്ട കര്‍ഷകരില്‍ പലര്‍ക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ഓഫീസുകള്‍ കയറിയിറങ്ങി മടുത്തവര്‍ ഇവ ഉപേക്ഷിക്കുന്ന സ്ഥിതിയാണ്. കര്‍ഷകപെന്‍ഷനും ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്.
deshabhimani 040313
Labels:
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment