തെരഞ്ഞെടുപ്പ് ഒരുക്കത്തിനായി വിളിച്ചുചേര്‍ത്ത ബിജെപി ദേശീയ കൗണ്‍സില്‍ യോഗം നരേന്ദ്ര മോഡി സ്തുതിയില്‍ മുങ്ങി. മോഡിയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് നേരിടണമെന്ന ആവശ്യത്തിന് ബിജെപിയില്‍ ശക്തിയേറുകയാണെന്നു തെളിയിക്കുന്നതായി രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുത്ത കൗണ്‍സിലിന്റെ ആദ്യദിനം. ഗുജറാത്തില്‍ മൂന്നാം തവണയും ബിജെപിയെ അധികാരത്തിലെത്തിച്ച മോഡിയെ എഴുന്നേറ്റുനിന്ന് ആദരിക്കാന്‍ ദേശീയ അധ്യക്ഷന്‍ ആവശ്യപ്പെടുന്ന അസാധാരണ സാഹചര്യത്തിനും യോഗം സാക്ഷ്യംവഹിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ അദ്വാനി അടക്കമുള്ള നേതാക്കള്‍ അപ്രസക്തരായി. കടുത്ത ഹിന്ദുത്വ മുദ്രാവാക്യം ഉയര്‍ത്തി തെരഞ്ഞെടുപ്പ് നേരിടാനുള്ള ബിജെപിയുടെ നീക്കമാണ് ഇതോടെ മറനീക്കുന്നത്.
ബിജെപിയുടെ മറ്റ് മുഖ്യമന്ത്രിമാര്‍ വേദിയിലുണ്ടായിരുന്നെങ്കിലും മോഡിയായിരുന്നു ശ്രദ്ധാകേന്ദ്രം. ബിജെപിയുടെ ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രിയായി നരേന്ദ്ര മോഡിയെ അധ്യക്ഷന്‍ രാജ്നാഥ് സിങ് വിശേഷിപ്പിച്ചപ്പോള്‍ പ്രതിനിധികള്‍ കരഘോഷം മുഴക്കി. നേരത്തെ സൂരജ്ഖുണ്ഡില്‍ നടന്ന ദേശീയ യോഗത്തില്‍ വേണ്ട പരിഗണന കിട്ടാത്തതില്‍ പ്രതിഷേധിച്ച് മോഡി യോഗം ബഹിഷ്കരിച്ചിരുന്നു. വിജയം കൈവരിച്ച മറ്റു മുഖ്യമന്ത്രിമാരുണ്ടെങ്കിലും മോഡിയെ വാക്കുകള്‍കൊണ്ട് പ്രശംസിച്ചാല്‍ പോരെന്നും അദ്ദേഹത്തെ എഴുന്നേറ്റുനിന്ന് അഭിനന്ദിക്കണമെന്നും അധ്യക്ഷന്‍ പ്രതിനിധികളോട് ആവശ്യപ്പെട്ടു. സ്വാഗത പ്രാസംഗംമുതല്‍ സാമ്പത്തിക പ്രമേയംവരെ മോഡിയെ പുകഴ്ത്താനുള്ള അവസരമാക്കാന്‍ മറ്റു നേതാക്കളും മടിച്ചില്ല. കേന്ദ്ര നേതാക്കളുടെ നിസ്സഹായതയാണ് കൗണ്‍സിലിനെ നിയന്ത്രണംവിട്ട മോഡി പ്രശംസയ്ക്ക് വേദിയാക്കിയത്. ബിജെപിയില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥികളാകാന്‍ പലര്‍ക്കും യോഗ്യതയുണ്ടെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോഴും കാലിനടിയിലെ മണ്ണ് ചോരുകയാണെന്ന തിരിച്ചറിവിലാണ് അദ്വാനി അടക്കമുള്ള നേതാക്കള്‍. ജയ്റ്റ്ലിയും സുഷമ സ്വരാജും പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം കാംക്ഷിക്കുന്നവരാണ്. എന്നാല്‍, അരുണ്‍ ജയ്റ്റ്ലിയും കഴിഞ്ഞ ദിവസം പ്രധാനമന്ത്രിസ്ഥാനത്തേക്ക് മോഡിക്ക് പിന്തുണ ഏറുകയാണെന്ന് വ്യക്തമാക്കിയിരുന്നു. "മികച്ച ഭരണം" എന്ന വിഷയത്തില്‍ ഞായറാഴ്ച ഗുജറാത്ത് മുഖ്യമന്ത്രി സംസാരിക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.
ഫോണ്‍ ചോര്‍ത്തലിന് പിന്നില്‍ ബിജെപിയിലെ ഉള്‍പ്പോരും
ന്യൂഡല്‍ഹി: രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റ്ലിയുടെ ഫോണ്‍ ചോര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ ബിജെപി നേതാക്കളുടെ ചേരിപ്പോരിലേക്കും അന്വേഷണം നീളുന്നു. നേതാക്കള്‍ക്കിടയിലെ ശത്രുതയ്ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. അരുണ്‍ ജയ്റ്റ്ലിക്കു പുറമെ ബിജെപി നേതാക്കളായ നിതിന്‍ ഗഡ്കരി, വിജയ് ഗോയല്‍, സുധാംശു മിത്തല്‍ എന്നിവരുടെയും ഫോണ്‍ ചോര്‍ത്താന്‍ ശ്രമം നടന്നതായാണ് പൊലീസിന് കിട്ടിയ വിവരം. സ്വകാര്യ ഡിറ്റക്ടീവ് അനുരാഗ്സിങ്ങും സഹായികളായ മറ്റ് മൂന്നുപേരുമാണ് കേസില്‍ അറസ്റ്റിലായത്. അനുരാഗ് സിങ്ങുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി കഴിഞ്ഞ ദിവസം സുധാംശു മിത്തല്‍ വെളിപ്പെടുത്തിയിരുന്നു. ഇതോടെ ബിജെപി വെട്ടിലായി. സമാജ്വാദി പാര്‍ടി നേതാവായിരുന്ന അമര്‍ സിങ്ങിന്റെ ഫോണ്‍ ചോര്‍ത്താന്‍ ശ്രമിച്ച കേസിലും അനുരാഗ്സിങ് ഉള്‍പ്പെട്ടിരുന്നു. സുധാംശുവിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിക്കാന്‍ ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് തയ്യാറായില്ല. ഫോണ്‍ ചോര്‍ത്തലിനു പിന്നില്‍ നരേന്ദ്രമോഡിക്ക് പങ്കുണ്ടെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ ആരോപണം.
ഉത്തര്‍ പ്രദേശിലെ മദ്യരാജാക്കന്മാരുമായി ജയ്റ്റ്ലിക്കുള്ള ബന്ധം പുറത്തുകൊണ്ടുവരികയായിരുന്നു ലക്ഷ്യം. കഴിഞ്ഞ നവംബറില്‍ ഉത്തര്‍പ്രദേശിലെ ഫാംഹൗസില്‍ പരസ്പരം വെടിവച്ച് കൊന്ന മദ്യരാജാക്കന്മാരായ പോണ്ടി ചദ്ദയ്ക്കും സഹോദരന്‍ ഹര്‍ദീപിനും ജയ്റ്റ്ലിയുമായി ബന്ധമുണ്ടെന്നാണ് സൂചന. കൊല്ലപ്പെടുന്നതിന് തലേന്ന് ഹര്‍ദീപ് ജയ്റ്റ്ലിയെ വിളിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ ജയ്റ്റ്ലി താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് പൊലീസ് സ്വയം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. മുംബൈ കേന്ദ്രമാക്കിയ ബിസിനസുകാരന്‍ നിതിന്‍ഷായും ഡല്‍ഹി ബിസിനസുകാരന്‍ വിവേക് നാഗ്പാലും തമ്മിലെ ശത്രുതയ്ക്ക് ഫോണ്‍ ചോര്‍ത്തലില്‍ പങ്കുണ്ടോ എന്ന വിഷയവും പൊലീസ് പരിശോധിക്കുന്നുണ്ട്. നരേന്ദ്ര മോഡിയുമായി അടുപ്പം പുലര്‍ത്തുന്ന വ്യവസായിയാണ് നിതിന്‍ ഷാ. സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണം ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞിരുന്നു. ഫോണ്‍ ചോര്‍ത്തുകയല്ല, ഫോണ്‍വിളികളുടെ രേഖ അനധികൃതമായി കൈവശപ്പെടുത്താനാണ് ശ്രമമുണ്ടായതെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും ഷിന്‍ഡെ രാജ്യസഭയില്‍ പറഞ്ഞു.
deshabhimani 030313
No comments:
Post a Comment