Sunday, March 3, 2013

ബജറ്റ് ജനപ്രിയമാകാത്തതില്‍ വിഷമമില്ലെന്ന് ചിദംബരം


പി ചിദംബരത്തിന്റെ ബജറ്റ് ജനപ്രിയമെന്നു വാഴ്ത്തിയ കുത്തകപത്രങ്ങളെ അദ്ദേഹംതന്നെ തിരുത്തുന്നു. ബജറ്റ് ജനപ്രിയമാകാത്തതില്‍ വിഷമമില്ലെന്നും ജനങ്ങളെ സുഖിപ്പിക്കുന്നതിനേക്കാള്‍ വളര്‍ച്ച ഉറപ്പാക്കലാണ് ലക്ഷ്യമെന്നും ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ""ശക്തമായ നടപടികളെടുത്താല്‍ സാമ്പത്തികവളര്‍ച്ച തിരിച്ചുപിടിക്കാന്‍ കഴിയും. നാണയപ്പെരുപ്പം നിയന്ത്രിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാകും. അപ്പോള്‍ ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസമുണ്ടാകും""- തെരഞ്ഞെടുപ്പിനുമുമ്പുള്ള ബജറ്റെന്ന നിലയില്‍ ജനപ്രിയമായ ഉള്ളടക്കമില്ലാത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ചിദംബരം പറഞ്ഞു.

നികുതിരഹിത മാര്‍ഗങ്ങളിലൂടെ നിക്ഷേപം വരുന്നത് തടയാന്‍ മൗറീഷ്യസുമായി കരാറുണ്ടാക്കുന്നത് അവരുടെ താല്‍പ്പര്യങ്ങള്‍ ഹനിച്ചുകൊണ്ടാകില്ലെന്നും ചിദംബരം പറഞ്ഞു. നികുതികള്‍ മുന്‍കാലപ്രാബല്യത്തോടെ ഈടാക്കുന്നതു സംബന്ധിച്ച് ഭരണഘടനാ ഭേദഗതി കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്. വോഡഫോണുമായുള്ള പ്രശ്നം പരിഹരിച്ചശേഷമാകും ഇത്. മാര്‍ച്ചിലോ ഏപ്രിലിലോ പ്രശ്നം പരിഹരിച്ചേക്കും. അതിനുശേഷം നിയമ ഭേദഗതിയെക്കുറിച്ച് ആലോചിക്കും. യുപിഎ സര്‍ക്കാര്‍ നിക്ഷേപകര്‍ക്കെതിരല്ല. നേരിട്ടുള്ള വിദേശനിക്ഷേപവും വിദേശ സ്ഥാപന നിക്ഷേപവും ആവശ്യമാണ്. എന്നാല്‍, ഇന്ത്യയുടെ നികുതിവരുമാനം കാത്തുസൂക്ഷിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

"സ്ത്രീകളുടെയും യുവാക്കളുടെയും ക്ഷേമത്തിന് വാരിക്കോരി നല്‍കിയ ബജറ്റ്" എന്നിങ്ങനെ നിരവധി പ്രശംസാവചനങ്ങളാണ് കേന്ദ്ര ബജറ്റിന് ചില കുത്തകമാധ്യമങ്ങള്‍ നല്‍കിയത്. ഇതാണ് ഇപ്പോള്‍ ധനമന്ത്രിതന്നെ പരോക്ഷമായി തിരുത്തിയത്. കോര്‍പറേറ്റുകള്‍ക്കടക്കം വന്‍കിടക്കാര്‍ക്ക് 5.73 ലക്ഷം കോടി രൂപയുടെ നികുതിയിളവ് നല്‍കിയിട്ടും വ്യവസായികളുടെയും വാണിജ്യപ്രമുഖരുടെയും സംഘടനകള്‍ ബജറ്റിനെ വാഴ്ത്തുന്നില്ല. കിട്ടിയ ഇളവുകള്‍ പോരെന്നുള്ള പരാതി നിക്ഷേപകര്‍ക്കും വ്യവസായികള്‍ക്കുമുണ്ട്. റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പൂവേഴ്സ് ബജറ്റിനെ വിമര്‍ശിക്കുകയാണ്. ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ്ങില്‍ കാര്യമായ വ്യത്യാസമുണ്ടാക്കാന്‍ കേന്ദ്ര ബജറ്റിന് കഴിയില്ലെന്നാണ് ഏജന്‍സിയുടെ വിശദീകരണം.
(വി ജയിന്‍)

deshabhimani 030313

No comments:

Post a Comment