ഇ എം എസിന്റെയും എ കെ ജിയുടെയും ഓര്‍മപുതുക്കുന്ന പരിപാടിയെപോലും വക്രീകരിച്ച് മനോരമ പത്രം മനോസുഖം തേടുന്നു. യുഡിഎഫ് മൊത്തമായും ചില്ലറയായും അടിപിടിയിലും പരസ്പര ആക്ഷേപത്തിലും ഉലയുമ്പോള്‍ അത് മറച്ചുവച്ച് സിപിഐ എമ്മിനെതിരെ ഇല്ലാക്കഥ മെനയുന്നതിലാണ് യുഡിഎഫ് പത്രത്തിന് താല്‍പ്പര്യം. പാര്‍ടി അച്ചടക്കവും സംഘടനാസംവിധാനവും പരമപ്രധാനമായി കരുതുന്ന പാര്‍ടിയാണ് സിപിഐ എം. അതുകൊണ്ടുതന്നെ അതിന് കോട്ടംവരുന്ന സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അതേപ്പറ്റി വിവിധ നിലവാരത്തിലുള്ള കമ്മിറ്റികള്‍ ചര്‍ച്ച നടത്തുകയും കൂട്ടായ തീരുമാനങ്ങളില്‍ ഉചിതമായ സമയത്ത് എത്തുകയും ചെയ്യുക എന്ന സംഘടനാരീതി ഇ എം എസിന്റെയും എ കെ ജിയുടെയും കാലത്ത് എന്നപോലെ ഇന്നുമുണ്ട്. എ കെ ജി-ഇ എം എസ് ദിനപരിപാടികള്‍ ഒരാഴ്ചത്തെ പരിപാടിയായി നടത്തുകയാണ് പതിവെന്നും അതിന് മാറ്റം വരുത്തി രണ്ടാഴ്ചത്തെ പരിപാടിയാക്കിയത് വി എസ് പാര്‍ടിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിനില്‍ക്കുന്നതുകൊണ്ടാണെന്നുമുള്ള കണ്ടുപിടിത്തത്തിലാണ് മനോരമ.
പാര്‍ടിയുടെ രണ്ട് സമുന്നതനേതാക്കളുടെ സ്മരണ പുതുക്കുന്നത് വിപുലമായി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത് 2012 ആഗസ്ത് 25, 26 തീയതികളില്‍ ചേര്‍ന്ന സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗമാണ്. ലോക്കല്‍ തലത്തില്‍ ബഹുജന വിദ്യാഭ്യാസപരിപാടി സംഘടിപ്പിക്കാന്‍ ഒരുമാസത്തെ പരിപാടിയാണ് ആസൂത്രണം ചെയ്തത്. എസ്എല്‍എല്‍സി പരീക്ഷ കാരണം മാര്‍ച്ചില്‍ പര്യവസാനിപ്പിക്കേണ്ടത് ഏപ്രില്‍ ആദ്യവാരം വരെയാക്കിയെന്ന് മാത്രം. ഇത്തവണ ഇ എം എസ്-എ കെ ജി ഓര്‍മ പുതുക്കുന്നത് നല്ല ഉണര്‍വോടെയാണ്. ജനകീയ ബദല്‍രാഷ്ട്രീയം ശക്തിപ്പെടുത്താന്‍ സിപിഐ എം ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന ദേശീയജാഥ സംസ്ഥാനത്ത് ചലനം സൃഷ്ടിച്ചു കടന്നുപോയി. നാലു ജാഥകള്‍ ഡല്‍ഹിയില്‍ സംഗമിച്ച് ജനവിരുദ്ധനയങ്ങള്‍ക്ക് താക്കീതേകുന്ന 19ലെ ഡല്‍ഹി മാര്‍ച്ച് വിജയമാക്കാന്‍ ആയിരത്തോളം പ്രവര്‍ത്തകര്‍ സംസ്ഥാനത്തുനിന്ന് പോകുന്നുണ്ട്. അതിനായുള്ള ആവേശത്തിലാണ് പ്രവര്‍ത്തകര്‍. സമീപസമയത്തെ 48 മണിക്കൂര്‍ ദേശീയ പണിമുടക്കും സംസ്ഥാനത്തെ ഭൂസംരക്ഷണസമരവും പങ്കാളിത്തപെന്‍ഷനുവേണ്ടിയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രക്ഷോഭവും ചരിത്രത്തെ മുന്നോട്ടുനയിക്കുന്നവയാണ്. ത്രിപുരയില്‍ ഏഴാംവട്ടവും ഇടതുപക്ഷമുന്നണി വിജയം നേടി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ബഹുജനങ്ങളില്‍നിന്ന് അനുദിനം ഒറ്റപ്പെടുകയാണ്.
ഈ പശ്ചാത്തലത്തില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്ന ബഹുജന വിദ്യാഭ്യാസ പരിപാടി വിജയകരമായി നടന്നുവരുകയാണ്. അനുഭാവികളും പാര്‍ടി അംഗങ്ങളും പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ 1900ത്തോളം ലോക്കലുകളില്‍ ഏപ്രില്‍ ആദ്യവാരത്തോടെ പൂര്‍ത്തിയാകും. കേരളം എങ്ങനെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായെന്നും മാറ്റത്തിന് പിന്നിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പങ്കെന്തെന്നതും വര്‍ത്തമാനകാല സംഭവവികാസങ്ങള്‍ എന്താണെന്നും വിശദമാക്കുന്നവയാണ് സമ്മേളനങ്ങള്‍. പലേടങ്ങളിലും സാംസ്കാരിക പരിപാടികളും ഉണ്ടാകും. രാഷ്ട്രീയവും സംഘടനാപരവുമായ മുന്നേറ്റത്തിന് വളക്കൂറുള്ള മണ്ണ് ഒരുക്കപ്പെട്ടിരിക്കുകയാണ്. അതിനെ സമര്‍ഥമായി ഉപയോഗപ്പെടുത്തുന്ന സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ സംഘടനാമികവ് എല്‍ഡിഎഫ് രാഷ്ട്രീയത്തിന് കരുത്തുപകരുന്നതും യുഡിഎഫ് രാഷ്ട്രീയത്തെ ക്ഷീണിപ്പിക്കുന്നതുമാണ്. ഇത് മനോരമയ്ക്ക് സഹിക്കുന്നില്ല. ആശയപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ചാമനോഭാവം കാട്ടാത്ത രണ്ട് സമുന്നതനേതാക്കളായിരുന്നു ഇ എം എസും എ കെ ജിയും. കണ്ണിലെ കൃഷ്ണമണിയെക്കാള്‍ സൂക്ഷ്മതയോടെ പാര്‍ടിയെ കാത്തുസൂക്ഷിക്കാന്‍ സദാ ജാഗ്രതപ്പെടുത്തിയ നേതാക്കളായിരുന്നു അവര്‍. അവരുടെ സ്മരണ പുതുക്കുന്നത് പാര്‍ടിയിലെ ഏതെങ്കിലും സഖാവിനോ നേതാവിനോ എതിരായിട്ടാണെന്ന ചിത്രീകരണം തികഞ്ഞ കമ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണ്.
deshabhimani 130313
No comments:
Post a Comment