Sunday, March 3, 2013
ഗ്രാമീണ പദ്ധതികള്‍ അട്ടിമറിക്കുന്നു
തൃശൂര്‍: പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചും ഫണ്ട് അനുവദിക്കാതെയും പഞ്ചായത്തുകള്‍ നടപ്പാക്കുന്ന പദ്ധതികള്‍ യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു. ഭക്ഷ്യസുരക്ഷാപദ്ധതിയുടെ ഭാഗമായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തരിശുനില കൃഷിയിറക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ സഹായധനം നിര്‍ത്തുകയും ഉല്‍പ്പാദനമേഖലയ്ക്കുള്ള വിഹിതം പത്തു ശതമാനം വെട്ടിക്കുറയ്ക്കുകയും ചെയ്തത് അടിസ്ഥാന വികസനപ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കി. കാര്‍ഷിക മേഖലയുടെ വികസനം ലക്ഷ്യമിട്ടാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി തരിശുനിലകൃഷിയിറക്കുന്നവര്‍ക്ക് സഹായധനം അനുവദിച്ചത്. വര്‍ഷങ്ങളായി തരിശുകിടന്ന കൃഷിയിടങ്ങള്‍ പലതും തദ്ദേശസ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ കുടുംബശ്രീകളും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് ഏറ്റെടുത്ത് കൃഷിയിറക്കി. ഏക്കറിന് 10,000 രൂപയാണ് സഹായം നല്‍കിയത്. എന്നാല്‍ ഈ പ്രോത്സാഹനത്തുക യുഡിഎഫ് നിര്‍ത്തലാക്കി. ഭൂവുടമ കൃഷിയിറക്കിയാലേ തുക നല്‍കൂ എന്ന വ്യവസ്ഥ വന്നു. ചേര്‍പ്പ്, നാട്ടിക മണ്ഡലങ്ങളിലെ ചില പഞ്ചായത്തുകള്‍ ഇത്തരത്തില്‍ തരിശുകൃഷി നടത്തി മാതൃക കാട്ടിയതാണ്. ഇപ്പോള്‍ വീണ്ടും അവ തരിശുനിലങ്ങളായി.
2006 മുതല്‍ 2010 വരെയുള്ള വര്‍ഷങ്ങളില്‍ ഉല്‍പ്പാദനമേഖലയ്ക്ക് 50 ശതമാനം തുക നീക്കിവച്ചിരുന്നു. അതില്‍ത്തന്നെ കാര്‍ഷികമേഖലയ്ക്കുള്ള നീക്കിയിരുപ്പ് 40 ശതമാനമായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ നീക്കിയിരിപ്പ് പത്തുശതമാനം വെട്ടിക്കുറച്ചു. ഇപ്പോള്‍ കാര്‍ഷിക മേഖലയ്ക്കുള്ള നീക്കിയിരിപ്പ് 30 ശതമാനം മാത്രം. സാങ്കേതികാനുമതി ലഭിച്ച പദ്ധതികള്‍ സാമ്പത്തിക വര്‍ഷാവസാനം പൂര്‍ത്തിയായില്ലെങ്കില്‍ പരിഹാരത്തുക നല്‍കിയിരുന്നു. ഇപ്പോള്‍ മാര്‍ച്ച് 31നകം പദ്ധതി പൂര്‍ത്തിയായില്ലെങ്കില്‍ പണം ലാപ്സാകുകയും അടുത്ത സാമ്പത്തികവര്‍ഷം അത്രയും തുക കുറയുകയുമാണ്. എടത്തിരുത്തി പഞ്ചായത്തില്‍ ഇ എം എസ് ഭവനപദ്ധതിക്കായി ജില്ലാബാങ്കുമായി കരാറുണ്ടാക്കി 72 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. പദ്ധതി ഉപേക്ഷിച്ചതോടെ ഓണ്‍ഫണ്ടില്‍നിന്ന് പണം കണ്ടെത്തേണ്ട അവസ്ഥയാണ്. ഇതിന് പലിശ കൂടും. ഏഴുകോടി രൂപ ചെലവഴിച്ച് പട്ടികജാതി- വര്‍ഗ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് തൃശൂരില്‍ ഹോസ്റ്റല്‍ തുടങ്ങാന്‍ തുക വകയിരുത്തിയതാണ്. സ്ഥലം കണ്ടെത്താതെ ഈ തുകയും പാഴാക്കി. ഒടുവില്‍ പദ്ധതി അപ്പാടെ ഉപേക്ഷിച്ചു. പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മറ്റ് നിര്‍ധനര്‍ക്കും ഭൂമി വാങ്ങാനും ഭൂമിയുള്ളവര്‍ക്ക് വീടുവയ്ക്കാനും പഴയ വീട് അറ്റകുറ്റപ്പണി നടത്താനും തുക നീക്കിവച്ചിരുന്നു. അഞ്ചുവര്‍ഷംകൊണ്ട് അയ്യായിരത്തിനടുത്ത് വീടുകള്‍ക്ക് തുക അനുവദിക്കുകയും അത്രത്തോളം വീടുകളുടെ അറ്റകുറ്റപ്പണിയ്ക്ക് സഹായം നല്‍കുകയും ചെയ്തതാണ്. ഇപ്പോള്‍ ഗ്രാന്‍ഡുകള്‍ പൂര്‍ണമായി നിര്‍ത്തി. ഉള്ളത് കേന്ദ്രപദ്ധതിയായ ഇന്ദിര ആവാസ് യോജന മാത്രം. അനിശ്ചിതാവസ്ഥയിലായ മറ്റൊന്ന് വിജ്ഞാന്‍ സാഗര്‍ പദ്ധതിയാണ്. വിദ്യാഭ്യാസമേഖലയില്‍ വന്‍മുതല്‍ക്കൂട്ടാകുമായിരുന്ന പദ്ധതിയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം കഴിഞ്ഞതാണ്.
deshabhimani
Labels:
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment