Tuesday, March 12, 2013

നഗര കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ഭേദഗതി ഏപ്രില്‍ ഒന്നുമുതല്‍


2011 കേരള മുനിസിപ്പാലിറ്റി (വസ്തുനികുതിയും സേവന ഉപനികുതിയും സര്‍ചാര്‍ജും) ചട്ടങ്ങള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ചട്ടങ്ങള്‍ നിലവില്‍ വന്നശേഷം ഉടമകള്‍ക്കുണ്ടായ അധികബാധ്യതകളും കെട്ടിട ഉടമകള്‍ നല്‍കുന്ന റിട്ടേണ്‍ ഫോറത്തിലെ സങ്കീര്‍ണതകളും ഒഴിവാക്കിക്കൊണ്ടുള്ള ഭേദഗതിയില്‍ നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി ഒപ്പുവച്ചു. ഏപ്രില്‍ ഒന്നുമുതല്‍ ഇത് നിലവില്‍വരും. വസ്തുനികുതി പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് നികുതിദായകര്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള ഫോറം അത്യാവശ്യ വിവരങ്ങള്‍മാത്രം ഉള്‍ക്കൊള്ളിച്ച് ലഘൂകരിച്ചു. അനുവദിക്കപ്പെട്ട സമയപരിധിക്കകം വസ്തുനികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്ത കെട്ടിട ഉടമകള്‍ ആദ്യത്തെ 10 ദിവസത്തെ കാലയളവിന് 50 രൂപയും തുടര്‍ന്നുള്ള 30 ദിവസം വരേയ്ക്ക് 100 രൂപയും പിന്നീട് സമര്‍പ്പിക്കുന്നതുവരെ ഓരോ ദിവസവും 10 രൂപവീതവുമാണ് പിഴ നല്‍കേണ്ടിയിരുന്നത്. റിട്ടേണ്‍ ഫയല്‍ ചെയ്യാതിരിക്കുക, കാലതാമസം വരുത്തുക, തെറ്റായി ഫയല്‍ ചെയ്യുക തുടങ്ങിയവയ്ക്കും പിഴ ഈടാക്കിയിരുന്നു. പുതിയ ഭേദഗതിയില്‍ ഈ വ്യവസ്ഥകള്‍ ഒഴിവാക്കി. ചുമരിന്റെ നിര്‍മിതി കണക്കാക്കി നികുതിവര്‍ധന നിശ്ചയിച്ചിരുന്ന രീതിയും ഒഴിവാക്കി.

ദേശീയപാത, സംസ്ഥാനപാത, അഞ്ചു മീറ്ററില്‍ കൂടുതല്‍ വീതിയുള്ള റോഡുകള്‍ എന്നിവ പ്രധാനമാര്‍ഗമായുള്ള കെട്ടിടങ്ങള്‍ക്ക് നിലവില്‍ 30 ശതമാനമുണ്ടായിരുന്ന വര്‍ധന 20 ശതമാനമാക്കി. കൗണ്‍സില്‍ നിശ്ചയിക്കുന്ന ഒന്നാംതരം റോഡില്‍നിന്ന് പ്രവേശനമാര്‍ഗമുള്ള കെട്ടിടങ്ങള്‍ക്ക് 30 ശതമാനം വര്‍ധന വരുത്തുന്ന വ്യവസ്ഥ റദ്ദാക്കി. ഒന്നരമീറ്ററില്‍ കുറവ് വഴിസൗകര്യമുള്ളവര്‍ക്ക് 10 ശതമാനവും പൊതുവഴി സൗകര്യമില്ലാത്തവര്‍ക്ക് 20 ശതമാനവും നികുതിയിളവ് ലഭിക്കും. തറവിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍പ്പിടാവശ്യത്തിനുള്ളതും നിലവിലുള്ളതുമായ കെട്ടിടത്തിന്റെ വാര്‍ഷിക വസ്തുനികുതി ആദ്യമായി നിര്‍ണയിക്കുമ്പോഴുള്ള വര്‍ധന കുറഞ്ഞത് നിലവിലുണ്ടായിരുന്നതിന്റെ 25 ശതമാനവും കൂടിയത് 60 ശതമാനവുമായിരിക്കണം. വാണിജ്യാവശ്യത്തിനോ ഓഫീസ് ആവശ്യത്തിനോ ഉപയോഗപ്പെടുത്തുന്ന ബഹുനിലക്കെട്ടിടത്തിന്റെ കാര്യത്തില്‍ ഭൂനിരപ്പിലെ നിലയുടെ മുകളിലുള്ള നിലയ്ക്ക് ആദ്യത്തെ നിലയിലെ വസ്തുനികുതിയുടെ അഞ്ച് ശതമാനം, രണ്ടാംനിലയ്ക്ക് കണക്കാക്കിയ വസ്തുനികുതിയുടെ 10 ശതമാനം, മൂന്നാംനിലയ്ക്ക് 15 ശതമാനം, നാലാംനിലയ്ക്ക് 20 ശതമാനം, അഞ്ചാംനിലയ്ക്ക് 25 ശതമാനം, ആറാംനിലമുതല്‍ ഓരോ നിലയ്ക്കും വാര്‍ഷിക വസ്തുനികുതിയുടെ 25 ശതമാനം എന്നതോതില്‍ ഇളവ് അനുവദിക്കും.

deshabhimani 120313

No comments:

Post a Comment