Tuesday, March 12, 2013
പാലക്കാട് റെയില്‍ കോച്ച് ഫാക്ടറി: പങ്കാളിയാകാന്‍ സ്റ്റീല്‍ അതോറിറ്റി
പാലക്കാട് റെയില്‍ കോച്ച് ഫാക്ടറി പദ്ധതി നടത്തിപ്പില്‍ സാമ്പത്തിക പങ്കാളിയാകാമെന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ സന്നദ്ധത അറിയിച്ചു.കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നയപരമായ തീരുമാനമെടുത്താല്‍ നിര്‍മാണം വേഗത്തിലാവും. സെയിലുമായി നടത്തിയ അനൗപചാരിക ചര്‍ച്ചയില്‍ പങ്കാളിത്തത്തിന് സെയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് എം ബി രാജേഷ് എംപി റെയില്‍വേ ബജറ്റ് ചര്‍ച്ചയില്‍ പറഞ്ഞു. 556 കോടി ചെലവ് കണക്കാക്കിയ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കാത്തതിനെത്തുടര്‍ന്ന് നിര്‍മാണച്ചെലവ് വീണ്ടും ഉയരുകയാണ്. മുഴുവന്‍ മുതല്‍മുടക്കും നടത്താതെ 26 ശതമാനം പങ്കാളിത്തമേ വഹിക്കൂ എന്ന റെയില്‍വേ നിലപാടാണ് നിര്‍മാണം വൈകിപ്പിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാണ് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയത്. പദ്ധതി നിര്‍മാണപ്രവൃത്തിയില്‍ പങ്കാളിയാകാമെന്ന് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ സ്വമേധയാ വാഗ്ദാനം നല്‍കുകയായിരുന്നു. തുടര്‍ന്ന് എം ബി രാജേഷ് കമ്പനി മേധാവികളുമായി പ്രാഥമികചര്‍ച്ച നടത്തി. സെയിലിന്റെ പങ്കാളിത്തം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍ മറ്റ് തടസ്സമുണ്ടാകില്ല. പ്രതിരോധമന്ത്രി എ കെ ആന്റണി, റെയില്‍മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ എന്നിവരുമായും എം ബി രാജേഷ് കൂടിക്കാഴ്ച നടത്തി.
കേന്ദ്ര മന്ത്രിസഭ പൊതു-സ്വകാര്യ പങ്കാളിത്തത്തിനാണ് അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികളില്‍ സ്വകാര്യ സംരംഭകര്‍ ഒരു താല്‍പ്പര്യവും പ്രകടിപ്പിക്കാറില്ല. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെയിലിന് നല്ല മിച്ചധനമുണ്ട്. കോച്ച് ഫാക്ടറിക്കായി മുതല്‍മുടക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടില്ല. ഇപ്പോള്‍ പന്ത് കേന്ദ്രസര്‍ക്കാരിന്റെയും റെയില്വേമന്ത്രിയുടെയും കോര്‍ട്ടിലാണെന്നും രാജേഷ് പറഞ്ഞു. 1980ല്‍ ഇന്ദിരാഗാന്ധി കേരളത്തിന് വാഗ്ദാനംചെയ്ത റെയില്‍ കോച്ച് ഫാക്ടറി 28 വര്‍ഷത്തിനു ശേഷം ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് റെയില്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഒപ്പം പ്രഖ്യാപിച്ച റായ്ബറേലി കോച്ച് ഫാക്ടറിയില്‍ ഉല്‍പ്പാദനം തുടങ്ങി. പാലക്കാട്ട് തറക്കല്ലിടല്മാത്രമേ നടന്നുള്ളൂ. സെയില്‍ മുന്നോട്ടുവച്ച വാഗ്ദാനം സ്വീകരിച്ചാല്‍ പദ്ധതി വേഗം യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നും റെയില്‍മന്ത്രിയുടെ മറുപടി പ്രസംഗത്തില്‍ അനുകൂലമായ പ്രഖ്യാപനം ഉണ്ടാകണമെന്നും രാജേഷ് ആവശ്യപ്പെട്ടു.
(വി ജയിന്)
deshabhimani 120313
Labels:
വാർത്ത,
റെയില്‍വേ
Subscribe to:
Post Comments (Atom)
No comments:
Post a Comment