Monday, March 4, 2013
വയനാട്ടില്‍ ആദിവാസികള്‍ക്കിടയില്‍ ബാലവിവാഹം വര്‍ധിക്കുന്നു
വയനാട്ടില്‍ ആദിവാസികള്‍ക്കിടയില്‍ ബാലവിവാഹം വര്‍ധിക്കുന്നു. കഴിഞ്ഞ എട്ട് മാസങ്ങള്‍ക്കുള്ളില്‍ നാല് വിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദിവാസികളുടെ അജ്ഞതയും ജീവിതസാഹചര്യവുമാണ് ബാലവിവാഹങ്ങള്‍ വര്‍ധിക്കാന്‍ കാരണം. പ്രായപൂര്‍ത്തിയാകാതെ ഗര്‍ഭംധരിക്കുന്നവര്‍ പ്രസവത്തെതുടര്‍ന്ന് മരിക്കുന്നതും പതിവാണ്. ആദിവാസികള്‍ക്കിടയില്‍ ധാരാളം ബാല വിവാഹങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ചുരുക്കം ചിലത് മാത്രമാണ് റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. രണ്ട് മാസം മുമ്പ് ഏഴാം ക്ലാസില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളുടെ വിവാഹം ചൈല്‍ഡ്ലൈന്‍ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചതായി കോര്‍ഡിനേറ്റര്‍ സി കെ ദിനേശ്കുമാര്‍ പറഞ്ഞു. മറ്റ് വിഭാഗങ്ങള്‍ക്കിടയിലും ബാലവിവാഹം നടക്കുന്നുണ്ട്. 2012 ഏപ്രില്‍ മുതല്‍ 2013 മാര്‍ച്ച് വരെ 14 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.പുല്‍പ്പള്ളി കാപ്പിസെറ്റ് കോളനിയിലെ ഉരാളിക്കുറുമ വിഭാഗത്തില്‍പ്പെട്ട ഇരട്ടപെണ്‍കുട്ടികളുടെ വിവാഹമാണ് നിര്‍ത്തിവെപ്പിച്ചത്. കുട്ടികള്‍ സ്കൂളില്‍ ഹാജരാകാത്തത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണ് വിവാഹം നിശ്ചയിച്ച പെണ്‍കുട്ടികള്‍ വരന്റെ വീട്ടില്‍ താമസം തുടങ്ങിയതായി അറിഞ്ഞത്. അച്ഛന്റെ സഹോദരീ ഭര്‍ത്താവായിരുന്നു പെണ്‍കുട്ടികളുടെ വിവാഹം നിശ്ചയിച്ചത്. ശിശുക്ഷേമസമിതിയുടെ നിര്‍ദേശപ്രകാരം ചൈല്‍ഡ്ലൈന്‍ ഏറ്റെടുത്ത പെണ്‍കുട്ടികളെ വ്യാഴാഴ്ചയാണ് വിവാഹം നടത്തില്ലെന്ന ഉറപ്പിന്മേല്‍ രക്ഷിതാക്കള്‍ക്ക് കൈമാറിയത്. വേറൊരു വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന അമ്മ ആഴ്ചയിലൊരിക്കല്‍ മാത്രമേ വീട്ടിലെത്താറുള്ളൂവെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു.
2012 ജൂണില്‍ വെള്ളമുണ്ട കീഞ്ഞ്കടവ് കോളനിയിലെ പതിനഞ്ചുകാരിയുടെ വിവാഹവും ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചിരുന്നു. ഏപ്രില്‍ രണ്ടിന് ചൂത്പാറയിലെ ഒരു കോളനിയിലെത്തിച്ച പതിനഞ്ചുകാരിയെ മീനങ്ങാടി പഞ്ചായത്തിലെ പ്രായപൂര്‍ത്തിയാകാത്ത ബാലന്‍ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടതും തടഞ്ഞു.
2006ലെ ശൈശവവിവാഹനിരോധന നിയമമനുസരിച്ച് 18 വയസില്‍ താഴെയുള്ള ബാലികമാരെ വിവാഹം ചെയ്യുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയും ചുമത്താം. വിവാഹത്തിന് കൂട്ടുനില്‍ക്കുന്നവര്‍ക്കും പ്രേരിപ്പിക്കുന്നവര്‍ക്കും സമാനമായ ശിക്ഷ ലഭിക്കും. ഈ നിയമമനുസരിച്ച് ഐസിഡിപി പ്രോജക്ട് ഓഫീസര്‍മാരെ സംരക്ഷണ ഉദ്യോഗസ്ഥരായും നിയമിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ സാമൂഹ്യക്ഷേമ വകുപ്പിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് ആക്ഷേപമുണ്ട്. ബാലവിവാഹം ഗൗരവമായി കാണാനും സാമൂഹ്യ ക്ഷേമ വകുപ്പിന്റെ സഹായത്തോടെ നിയമനടപടി സ്വീകരിക്കാനും കലക്ടര്‍ ചെയര്‍മാനായ ചൈല്‍ഡ്ലൈന്‍ ഉപദേശകസമിതി യോഗത്തില്‍തീരുമാനിച്ചു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും വരള്‍ച്ചയും രൂക്ഷമായ വയനാട്ടില്‍ മറ്റ് വിഭാഗങ്ങള്‍ക്കിടയിലും ബാല്യവിവാഹം വര്‍ദ്ധിക്കുന്നുണ്ട്്. 2012 ഏപ്രില്‍ മുതല്‍ 2013 മാര്‍ച്ച് വരെ 14 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ചൈല്‍ഡ്ലൈന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
(പി ഒ ഷീജ)
deshabhimani 040313
Subscribe to:
Post Comments (Atom)
No comments:
Post a Comment