സംസ്ഥാനത്ത് നിക്ഷേപം ആകര്‍ഷിക്കാനായി വ്യവസായ വകുപ്പ് മുന്‍കൈയെടുത്ത് സംഘടിപ്പിച്ച എമര്‍ജിംഗ് കേരളയ്ക്കും പഴയ ജിമ്മിന്റെ പര്യവസാനം. എമര്‍ജിംഗ് കേരള സംഘടിപ്പിക്കാനായി ചെലവഴിച്ച കോടികള്‍ പാഴ്‌ചെലവായെന്നത് അവസാനഫലം. എമര്‍ജിംഗ് കേരളയില്‍ അവതരിപ്പിക്കപ്പെട്ട പദ്ധതികളോട് സഹകരിക്കാന്‍ ഒരു വകുപ്പും തയ്യാറായിട്ടില്ല. ഇക്കാര്യം ചുണ്ടികാട്ടി ചീഫ് സെക്രട്ടറി അധ്യക്ഷനായ ഇന്‍വെസ്റ്റ്‌മെന്റ് ക്ലിയറന്‍സ് ബോര്‍ഡ് മുഖ്യമന്ത്രി അധ്യക്ഷനായ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ കൗണ്‍സിലിന് റിപ്പോര്‍ട്ട് നല്‍കി. 500 ഓളം പദ്ധതികളാണ് ഇതോടെ അനശ്ചിതത്തിലായത്. സംസ്ഥാനത്തിന്റെ ഭൂമിയും വെള്ളവും ചൂഷണം ചെയ്യുന്നതായിരുന്നു ഇതില്‍ പല പദ്ധതികളും. അതുകൊണ്ടുതന്നെ ഇവയ്ക്ക് പ്രാധാന്യം നല്‍കി അപകടത്തില്‍ ചാടേണ്ടതില്ലെന്ന നിലപാടിലാണ് മിക്ക മന്ത്രിമാരും.
ആകെ നാല് വകുപ്പുകളിലാണ് എമര്‍ജിംഗ് കേരളയിലെ പദ്ധതികള്‍ക്ക് തുടര്‍ പ്രവര്‍ത്തനം നടത്തിയിട്ടുള്ളത്. വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയുടെ കീഴിലുള്ള വ്യവസായ, ഐ ടി വകുപ്പുകള്‍, ലീഗുകാരനായ അബ്ദ്ദുറബ്ബിന്റെ വിദ്യാഭ്യാസ വകുപ്പ്, കോണ്‍ഗ്രസുകാരനായ എ പി അനില്‍കുമാറിന്റെ ടൂറിസം വകുപ്പ് എന്നിവ മാത്രമാണ് എമര്‍ജിംഗ് കേരളയ്ക്ക് തുടര്‍ച്ച നല്‍കുന്നത്. വിവാദങ്ങള്‍ ഏറെയും ഈ വകുപ്പുകളുടെ പദ്ധതികളെ ചൊല്ലിയായിരുന്നുവെന്നത് വേറെ കാര്യം.
മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ പൊതുമരാമത്ത് വകുപ്പുപോലും എമര്‍ജിംഗ് കേരളയുമായി സഹകരിക്കുന്നില്ല. സ്വന്തമായ മറ്റ് പദ്ധതികളുമായി മുന്നോട്ടുപോകാനാണ് പൊതുമരാമത്ത് വകുപ്പിന് താത്പര്യം. സ്ഥലം ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ടുകളാണ് എമര്‍ജിംഗ് കേരളയിലെ പദ്ധതികള്‍ക്ക് തുടര്‍ച്ച നല്‍കാതിരിക്കാന്‍ കാരണമായി പൊതുമരാമത്ത് വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
ആരോഗ്യം, ഊര്‍ജം, തുറമുഖം, കൃഷി എന്നീ വകുപ്പുകളും പദ്ധതികളോട് താല്‍പര്യം പ്രകടിപ്പിക്കുന്നില്ല. മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയില്‍ വ്യവസായ മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടുകയും തന്റെ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എമര്‍ജിംഗ് കേരളയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എല്ലാ വകുപ്പുകള്‍ക്കും മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പക്ഷേ ഈ നിര്‍ദ്ദേശത്തിനും കാര്യമായ പരിഗണന നല്‍കാന്‍ ആരും തയ്യാറായിട്ടില്ല. സര്‍ക്കാരിന്റെ നിലനില്‍പ്പുതന്നെ ഭീഷണിയിലായ സമയത്ത് തിടുക്കപ്പെട്ട് നീങ്ങിയാല്‍ അതിന്റെ മറവില്‍ നാളെ നടന്നേക്കാവുന്ന അഴിമതിക്ക് തങ്ങള്‍ സമാധാനം പറയേണ്ടിവരുമെന്ന ഭയമാണ് പല മന്ത്രിമാരും മുഖ്യമന്ത്രിയോട് പ്രകടിപ്പിച്ചത്.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ കണക്കുകള്‍ പ്രകാരം ഊര്‍ജ വകുപ്പാണ് എമര്‍ജിംഗ് കേരളയിലെ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഏറ്റവും പിന്നില്‍. സംസ്ഥാനത്ത് ഊര്‍ജ മേഖലയില്‍ നിക്ഷേപം നടത്തുന്നതിനായി നിരവധി കമ്പനികള്‍ മുന്നോട്ടുവന്നിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. സോളാര്‍ പദ്ധതികള്‍ക്കും കാര്യമായ മുന്നേറ്റമില്ല. പദ്ധതികളുമായി മുന്നോട്ടുപോകുന്നു എന്ന് ഊര്‍ജ വകുപ്പ് ആവകാശപ്പെടുന്നതല്ലാതെ ഇതുസംബന്ധിച്ച യാതൊരു വിവരവും സമിതിക്ക് ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
കൃഷിവകുപ്പാണ് പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഉദാസീനത കാണിക്കുന്ന രണ്ടാമത്തെ വകുപ്പ്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും വിപണനവും ലക്ഷ്യമിട്ട് നിരവധി സംരംഭകര്‍ എമര്‍ജിംഗ് കേരളയിലെത്തിയില്ലെങ്കിലും കൃഷിവകുപ്പ് അനുകൂലമായി പ്രതികരിച്ചില്ല. കോക്കനട്ട് ബയോ പാര്‍ക്കിന് സ്ഥലം വിട്ടുനല്‍കണമെന്ന വ്യവസായ വകുപ്പിന്റെ സുപ്രധാന ആവശ്യം കാര്‍ഷിക സര്‍വകലാശാല തള്ളുകയും ചെയ്തു.
നൂതന ചികില്‍സാ സൗകര്യങ്ങളുള്ള ആശുപത്രികളുടെ പദ്ധതി നിര്‍ദേശമാണ് ആരോഗ്യ വകുപ്പിന് എമര്‍ജിംഗ് കേരളയില്‍ ലഭിച്ചത്. എന്നാല്‍ ഒരു പദ്ധതിക്ക് പോലും അനുകൂലമായ നിലപാട് വകുപ്പില്‍ നിന്നും ഉണ്ടായില്ല. തുറമുഖ വകുപ്പാണ് വിമര്‍ശനമേറ്റു വാങ്ങുന്ന മറ്റൊരു വകുപ്പ്. ചെറുകിട തുറമുഖങ്ങള്‍ക്കായും, തുറമുഖ വികസനത്തിനുമായും പത്തോളം പദ്ധതി നിര്‍ദേശങ്ങള്‍ ലഭിച്ചെങ്കിലും വകുപ്പിന്റെ ഭാഗത്തുനിന്നും തുടര്‍ നടപടികളുണ്ടായില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
janayugom
No comments:
Post a Comment