Wednesday, March 13, 2013

ഗണേശിനെ ആരും തല്ലിയില്ല, യാമിനി പരാതി തന്നില്ല; വായിച്ചുമില്ല: മുഖ്യമന്ത്രി


മന്ത്രി കെ ബി ഗണേശ്കുമാറിനെ കാമുകിയുടെ ഭര്‍ത്താവ് ഔദ്യോഗികവസതിയില്‍ കയറി തല്ലിയെന്ന ചീഫ്വിപ്പ് പി സി ജോര്‍ജിന്റെ ആരോപണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിഷേധിച്ചു. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. ഇക്കാര്യം യുഡിഎഫ് യോഗത്തില്‍ താന്‍ ജോര്‍ജിനെ ബോധ്യപ്പെടുത്തിയതാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. മന്ത്രിപത്നി യാമിനി തനിക്ക് പരാതി തന്നിട്ടില്ല, താനത് വായിച്ചിട്ടുമില്ല. ഇക്കാര്യവും ജോര്‍ജിനെ ധരിപ്പിച്ചിട്ടുണ്ട്. മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗണേശിന്റെ ഭാര്യ യാമിനി നല്‍കിയ പരാതി കേസ് ഒഴിവാക്കാന്‍ മുഖ്യമന്ത്രി തിരിച്ചുനല്‍കുകയായിരുന്നെന്ന് യുഡിഎഫ് യോഗത്തിനുശേഷം പി സി ജോര്‍ജ് തുറന്നടിച്ചിരുന്നു. പരാതിയില്‍ താന്‍ ഉറച്ചുനില്‍ക്കുമെന്നും ഗണേശിനെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയേതീരൂവെന്നും ജോര്‍ജ് പറഞ്ഞു. യാമിനിയുടെ പരാതി മുഖ്യമന്ത്രി വാങ്ങാതിരുന്നത് തെറ്റാണെന്ന് ആര്‍ ബാലകൃഷ്ണപിള്ളയും കുറ്റപ്പെടുത്തി. ഇക്കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് പരാതി തന്നില്ലെന്നും താന്‍ വായിച്ചില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടത്. സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ തുടര്‍ച്ചയായി ആരോപണമുയര്‍ത്തുന്ന ജോര്‍ജിനെ നിയന്ത്രിക്കാത്തതെന്തെന്ന ചോദ്യത്തിന് ജോര്‍ജിനെയോ എന്ന മറുചോദ്യമായിരുന്നു മറുപടി. പത്രങ്ങളില്‍ വരുന്നതനുസരിച്ച് സര്‍ക്കാരിന് നടപടിയെടുക്കാനാകില്ല. അതുവേണമെങ്കില്‍ രേഖാമൂലം പരാതി കിട്ടണം. യുഡിഎഫ് യോഗത്തില്‍ ജോര്‍ജിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. യോഗം കഴിഞ്ഞ ഉടന്‍ ജോര്‍ജ് ഗുരുതരമായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചത് ചോദിച്ചപ്പോള്‍ താന്‍ കേട്ടില്ലെന്നും പരാതിയില്ലെന്ന് ജോര്‍ജ് പറഞ്ഞതായാണ് കേട്ടവര്‍ തന്നെ അറിയിച്ചതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം

deshabhimani 130313

No comments:

Post a Comment