Tuesday, March 12, 2013

രവിനഗറില്‍ ജീവിതം നരകതുല്യം


കാഞ്ഞിരംകുളം: നാലുതലമുറമുമ്പ് ആറാലുംമൂട്ടിലെ ചന്തയില്‍നിന്ന് ജന്മിമാര്‍ വാങ്ങിക്കൊണ്ടുവന്ന അടിമകളുടെ പിന്മുറക്കാരാണ് ഇന്ന് ചാവടിയിലെ രവിനഗര്‍ കോളനിയിലുള്ളത്. വിവിധ സ്ഥലങ്ങളില്‍ താമസിച്ചിരുന്ന ഇവരെ കേരളത്തിലെ ആദ്യ ജനകീയസര്‍ക്കാര്‍ ചാവടിയില്‍ കോളനി നിര്‍മിച്ച് താമസിപ്പിക്കുകയായിരുന്നു. മറ്റു പല വിഭാഗക്കാരുടെയും നിരവധി ആക്രമണം കോളനിവാസികള്‍ നേരിടേണ്ടിവന്ന കറുത്തനാളുകള്‍ വേടര്‍ ഗോത്രമഹാസഭാ വൈസ് പ്രസിഡന്റ് കെ വിജയന്‍ അനുസ്മരിക്കുന്നു.

കോളനിവാസികളെ ഓടിച്ചിട്ട് അടിച്ചിട്ടുണ്ട് മറ്റ് സമുദായക്കാര്‍. ദുഷ്കരമായ ജീവിതവഴികള്‍ താണ്ടിയെത്തിയ വേടര്‍ സമുദായക്കാര്‍ ഇന്നും നയിക്കുന്നത് നരകതുല്യമായ ജീവിതം തന്നെ. കോളനിയില്‍ ക്ഷയരോഗം പടരാനുള്ള വഴിയൊരുക്കിയതും ഈ സാഹചര്യങ്ങളാണ്. 55 വീടുണ്ട് കോളനിയില്‍. എന്നാല്‍, മൊത്തം കുടുംബങ്ങളുടെ എണ്ണം നൂറിലേറെവരും. ഒരു കുടിലില്‍തന്നെ നാലും അഞ്ചും കുടുംബമുണ്ട്. മക്കളും മരുമക്കളും പേരക്കുട്ടികളുമായി ചെറിയ കുടിലുകളില്‍ ഇരുപതോളം പേര്‍ കഴിയുന്ന അവസ്ഥയുമുണ്ട്. ഒറ്റ പുരയിടത്തില്‍തന്നെ ഒന്നിലേറെ വീടുകളുമുണ്ട്. മരിച്ചവരെ ആചാരപ്രകാരം അടക്കംചെയ്ത കല്ലറയും ഇവിടെത്തന്നെ കാണാം. ഇതെല്ലാംകൂടി ഒരുക്കുന്നത് തിങ്ങിഞെരിഞ്ഞ അന്തരീക്ഷം. വേടര്‍ സമുദായത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള നടപടികളൊന്നും കോളനിയിലേക്കെത്തുന്നില്ല. കോളനിയോട് ചേര്‍ന്ന് ഒരു ഐടിസി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവിടെ ആകെയുള്ളത് ഒരു പ്ലംബിങ് കോഴ്സും പത്തില്‍ താഴെ വിദ്യാര്‍ഥികളും. ഇതില്‍തന്നെ, കോളനിയില്‍നിന്നുള്ളത് ഒരാള്‍മാത്രം. ഒന്നരവര്‍ഷംമുമ്പ് ഏതാനും കംപ്യൂട്ടര്‍ ഐടിസിയില്‍ കൊണ്ടുവന്നെങ്കിലും കംപ്യൂട്ടര്‍ കോഴ്സ് ആരംഭിച്ചിട്ടില്ല. ഐടിസിയുടെ ഓഫീസ് മുറിയില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ് ഈ കംപ്യൂട്ടര്‍. ചാവടിയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ തടത്തിക്കുളത്ത് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഐടിസി കുടിയൊഴിപ്പിക്കപ്പെട്ടപ്പോഴാണ് കോളനിയിലെ കെട്ടിടത്തിലേക്ക് ചേക്കേറിയത്. അതോടെ കോളനിക്കാര്‍ക്ക് കമ്യൂണിറ്റി ഹാള്‍ നഷ്ടമായി.

ഐടിയുടെ കുതിച്ചുകയറ്റമുണ്ടാകുമ്പോഴും വേടര്‍ സമുദായത്തിന് അതിന്റെയൊന്നും പ്രയോജനം ലഭ്യമാക്കില്ലെന്നതിന് ഉദാഹരണമാണ് കാലഹരണപ്പെട്ട കോഴ്സുകള്‍ നടത്തുന്ന ഐടിസിയെന്ന് കോളനിയില്‍ എസ്സി പ്രൊമോട്ടറായ അനീസ്യ ചൂണ്ടിക്കാട്ടുന്നു. മുമ്പ് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇത് തഴപ്പായ സെന്ററായിരുന്നു. വായനശാലയോ കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളോ കോളനിയില്‍ ഇല്ല. വിജ്ഞാന്‍വാടി ആരംഭിക്കാനുള്ള നടപടിയും ഇല്ല. പട്ടികജാതിക്കാരുടെ ഉന്നമനത്തിന് പല പദ്ധതികളും ഉണ്ടെങ്കിലും അതൊന്നും രവിനഗര്‍ കോളനിയിലേക്ക് എത്തിനോക്കിയിട്ടില്ല.
(ആര്‍ സാംബന്‍)

deshabhimani 120313

No comments:

Post a Comment