Monday, March 11, 2013
കലാമണ്ഡലം രാമന്‍കുട്ടി നായര്‍ അന്തരിച്ചു
കഥകളി ആചാര്യന്‍ കലാമണ്ഡലം രാമന്‍കുട്ടി നായര്‍(88) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് പാലക്കാട് വെള്ളിനേഴി ഞാളാകുറിശിയിലെ വീട്ടിലായിരുന്നു അന്ത്യം. രണ്ട് മാസത്തോളമായി കിടപ്പിലായിരുന്നു.
1925ല്‍ ചെര്‍പ്പുളശേരി വെള്ളിനേഴിയിലാണ് ജനനം. രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചിട്ടുണ്ട്. പതിമൂന്നാം വയസില്‍ കലാമണ്ഡലത്തില്‍ കഥകളി വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. അദ്ധ്യാപകനായും പ്രിന്‍സിപ്പാളായും നാല്‍പതിലേറെ കൊല്ലം അവിടെ പ്രവര്‍ത്തിച്ചു. പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ ശിഷ്യനാണ്. മൂന്നു തവണ വീരശൃംഖല ലഭിച്ചു. കാളിദാസ പുരസ്കാരവും സംസ്ഥാനത്തിന്റെ കഥകളീ പുരസ്കാരവും ലഭിച്ചു. കേരള, കേന്ദ്ര സംഗീത നാടക അക്കാഡമി അവാര്‍ഡുകളും ഫെലോഷിപ്പുകളും ലഭിച്ചു.
കേരളത്തിലെ എക്കാലത്തെയും മികച്ച കത്തിവേഷക്കാരില്‍ ഒരാളായി രാമന്‍കുട്ടി നായര്‍ കരുതപ്പെടുന്നു. രാവണോല്‍ഭവത്തിലെയും ബാലിവിജയത്തിലെയും രാവണന്‍, തോരണയുദ്ധത്തിലെ ഹനുമാന്‍, നരകാസുരന്‍, ദുര്‍വാസാവ്, കിര്‍മ്മീരവധത്തിലെ ധര്‍മ്മപുത്രര്‍, കാലകേയവധത്തിലെയും സുഭദ്രാഹരണത്തിലെയും അര്‍ജുനനന്‍ തുടങ്ങിയവയാണ് രാമന്‍കുട്ടിനായരുടെ പ്രധാന വേഷങ്ങള്‍.
തെങ്ങിന്‍തോട്ടത്തില്‍ കുഞ്ഞിമാളു അമ്മയുടെയും നാരായണന്‍ നായരുടെയും മകനാണ് രാമന്‍ കുട്ടി നായര്‍. സരസ്വതിയമ്മയാണ് ഭഭാര്യ. നാരായണന്‍കുട്ടി, വിജയലക്ഷ്മി, അപ്പുക്കുട്ടന്‍ എന്നിവര്‍ മക്കള്‍.
deshabhimani 120313
Subscribe to:
Post Comments (Atom)
No comments:
Post a Comment