Wednesday, April 17, 2013

ഹയര്‍ സെക്കന്‍ഡറി അധ്യയനദിനം 5 ആക്കാന്‍ ശുപാര്‍ശ


ഹയര്‍സെക്കന്‍ഡറി അധ്യയന ദിവസം ആഴ്ചയില്‍ അഞ്ചാക്കണമെന്ന് ഈ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാന്‍ നിയോഗിച്ച കമ്മിറ്റി ശുപാര്‍ശചെയ്തു. ഹയര്‍ സെക്കന്‍ഡറിയില്‍ അഞ്ചുവര്‍ഷത്തില്‍ അധികമായ പാഠ്യപദ്ധതിയും സിലബസും പാഠപുസ്തകങ്ങളും എസ്സിഇആര്‍ടിയുടെ നേതൃത്വത്തില്‍ ഉടന്‍ പരിഷ്കരിക്കുക, പ്ലസ് വണ്‍ പൊതു പരീക്ഷ ഒഴിവാക്കി സ്കൂള്‍തലങ്ങളില്‍ പരീക്ഷ നടത്തുക എന്നിവയും പ്രധാന നിര്‍ദേശങ്ങളാണ്. പ്രൊഫ. പി ഒ ജെ ലബ്ബ ചെയര്‍മാനും എസ്സിഇആര്‍ടി ഡയറക്ടര്‍ പ്രൊഫ. കെ എ ഹാഷിം കണ്‍വീനറുമായ നാലംഗ സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതിയും സിലബസും പുസ്തകങ്ങളും പരിഷ്കരിക്കണം. കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കണം. വിഎച്ച്എസ്ഇ കോഴ്സ് കഴിഞ്ഞവര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ലാറ്ററല്‍ എന്‍ട്രി വേണം. ഹയര്‍ സെക്കന്‍ഡറിയില്‍ ശനിയാഴ്ച ക്ലാസ് ഒഴിവാക്കി അധ്യയന ദിനം അഞ്ചാക്കുകയും അതനുസരിച്ച് ടൈംടേബിള്‍ ക്രമീകരിക്കുകയെന്നതും പ്രധാന ശുപാര്‍ശയാണ്. എന്നാല്‍, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഈ സമയം തികയാത്തതിനാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ ആറ് അധ്യയന ദിവസം ആകാം. ഹയര്‍ സെക്കന്‍ഡറിയില്‍ ഒരു ബാച്ചില്‍ 1:40 ആയി അധ്യാപക- വിദ്യാര്‍ഥി അനുപാതം ക്രമീകരിക്കണം. 50 കുട്ടികളില്‍ കൂടുതലായാല്‍ പുതിയ ബാച്ചായി പരിഗണിക്കണം. ഇരട്ട മൂല്യനിര്‍ണയ രീതി ഒഴിവാക്കി എല്ലാ വിഷയത്തിനും 25 ശതമാനം ഉത്തരക്കടലാസുകള്‍ കേന്ദ്രീകൃത ക്യാമ്പില്‍തന്നെ പുനഃപരിശോധനയ്ക്കു വിധേയമാക്കാം. കോളേജ് തലത്തിലുള്ള ദേശീയ അക്രഡിറ്റേഷന്‍ കമ്മിറ്റി (നാക്)മാതൃകയില്‍ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളെയും ഗ്രേഡിങ്ങിനു വിധേയമാക്കണം. ഇത് സ്കൂളുകളുടെ ഗുണനിലവാരവും മത്സരബുദ്ധിയും ഉയര്‍ത്തും. സ്വതന്ത്ര ഏജന്‍സിയായിരിക്കണം സ്റ്റേറ്റ് അക്രഡിറ്റേഷന്‍ കമ്മിറ്റി. പ്ലസ് ടു പ്രിന്‍സിപ്പലിന്റെ അധ്യാപന സമയം ആഴ്ചയില്‍ അഞ്ചുമണിക്കൂറാക്കണം.

പ്രധാനാധ്യാപകന്‍ മുഴുവന്‍ സമയവും ക്ലാസെടുക്കുന്നതിനാല്‍ സ്കൂള്‍ നടത്തിപ്പിനെ ബാധിക്കുന്നു. ഹയര്‍സെക്കന്‍ഡറിയില്‍ കായികാരോഗ്യത്തിനും കലാപഠനത്തിനും പ്രാധാന്യം നല്‍കണം. ഇതിനായി അധ്യാപക തസ്തിക സൃഷ്ടിക്കണം. ഇതിന് പിടിഎയുടെ സഹായവും തേടാം. കൗണ്‍സലിങ് വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം. അധ്യാപക യോഗ്യതാ പരീക്ഷ(സെറ്റ്) കാലോചിതമായി പരിഷ്കരിക്കണം. ഹയര്‍സെക്കന്‍ഡറിയില്‍ രണ്ട് ജില്ലയ്ക്ക് ഒരു റീജണല്‍ ഓഫീസ് എങ്കിലും വേണം. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന് സ്വതന്ത്ര നിലനില്‍പ്പും പ്രത്യേക സ്റ്റാഫും ഉണ്ടാകണം. ഒമ്പതാം ശമ്പള പരിഷ്കരണ ഉത്തരവിലൂടെ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് നഷ്ടപ്പെട്ട ശമ്പളസ്കെയില്‍ തുല്യത പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. അധ്യാപകര്‍ക്ക് അഞ്ചു വര്‍ഷം കഴിയുമ്പോള്‍ സീനിയര്‍ പദവി നല്‍കണം. അധ്യാപകര്‍ ജോലിക്കിടെ ഉന്നത ബിരുദങ്ങള്‍ സമ്പാദിച്ചാല്‍ പ്രത്യേക ഇന്‍ക്രിമെന്റ് അനുവദിക്കണമെന്നും ശുപാര്‍ശചെയ്യുന്നു. മസ്കറ്റ് ഹോട്ടലില്‍ ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന് സമിതി ചെയര്‍മാന്‍ ലബ്ബ റിപ്പോര്‍ട്ട് കൈമാറി. കണ്‍വീനര്‍ കെ എ ഹാഷിം, അംഗങ്ങളായ പ്രൊഫ. ജോര്‍ജ് ഓണക്കൂര്‍, കെ ജി സുകുമാരപ്പിള്ള, ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, പി സി വിഷ്ണുനാഥ് എംഎല്‍എ എന്നിവരും പങ്കെടുത്തു.

സ്റ്റേറ്റ് സിലബസിന് ബോണസ് പോയിന്റ് 3 ; സിബിഎസ്ഇക്കാര്‍ സത്യവാങ്മൂലവും നല്‍കണം

സംസ്ഥാന സിലബസില്‍ പത്താംക്ലാസ് വിജയിച്ച് ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനായി അപേക്ഷിക്കുമ്പോള്‍ മൂന്നു പോയിന്റ് ബോണസായി ലഭിക്കും. വിദ്യാഭ്യാസമന്ത്രി അധ്യാപകസംഘടനാ ഭാരവാഹികളുമായി ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. സംസ്ഥാന സിലബസില്‍ പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനം ലഭിക്കാതെ കഴിഞ്ഞ വര്‍ഷം സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പരിഗണന ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി. ഇത്തവണ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ ഏകജാലകത്തില്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷിക്കുമ്പോള്‍ സിബിഎസ്ഇ ബോര്‍ഡ് എക്സാമാണ് എഴുതിയതെന്ന് രക്ഷിതാക്കള്‍ 50 രൂപയുടെ മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം നല്‍കണം. സ്കൂള്‍ എക്സാം എഴുതിയ സിബിഎസ്ഇക്കാര്‍ക്ക് ഇത്തവണ ഏകജാലകത്തില്‍ പ്രവേശനം ലഭിക്കില്ല. മേയ് ആറുമുതല്‍ അപേക്ഷാഫോം വിതരണം ആരംഭിക്കും. ജൂണ്‍ 25 നകം പ്ലസ് വണ്‍ അലോട്ട്മെന്റ് പൂര്‍ത്തിയാക്കും. 26 ന് ക്ലാസുകള്‍ ആരംഭിക്കും.

സ്പോര്‍ട്സ് ക്വോട്ട പ്രവേശനം ഓണ്‍ലൈനില്‍ ആണ്. ഹയര്‍സെക്കന്‍ഡറിയിലും ക്യുഐപി മോണിറ്ററിങ് കമ്മിറ്റി നടപ്പാക്കുന്നത് ആലോചിക്കും. ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഡ്യൂട്ടിക്ക് ഹാജരാകാത്ത അധ്യാപകര്‍ക്കെതിരെ നടപടി എടുക്കും. മൂല്യനിര്‍ണയ ക്യാമ്പ് കഴിഞ്ഞ് ക്യാമ്പ് സെന്ററുകളില്‍ത്തന്നെ ഉത്തരക്കടലാസുകള്‍ രണ്ടു വര്‍ഷം വരെ സൂക്ഷിക്കണമെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്താമെന്ന് മന്ത്രി ഉറപ്പുനല്‍കി. മൂല്യനിര്‍ണയം നടത്തുന്ന ഉത്തരക്കടലാസുകള്‍ സൂക്ഷിക്കുന്നതിനായി ഓരോ ജില്ലയിലും മൂന്ന് സെന്ററുകള്‍ വീതം ആരംഭിക്കുന്ന കാര്യം പരിഗണിക്കും. ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ എന്‍ട്രന്‍സ് കോച്ചിങ് ക്ലാസുകള്‍ എടുക്കുന്നത് തടയും. വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്രകുമാറും വിവിധ സംഘടനാനേതാക്കളും പങ്കെടുത്തു.

deshabhimani 170413

No comments:

Post a Comment