Wednesday, April 17, 2013

കമാന്‍ഡര്‍ക്ക് സ്മരണാഞ്ജലി


വെനസ്വേല: സംഘര്‍ഷത്തിന് പ്രതിപക്ഷ ശ്രമം

കരാക്കസ്: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഹെന്‍റിക് കാപ്രിലെസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം വെനസ്വേലയില്‍ സംഘര്‍ഷത്തിന് ശ്രമിക്കുന്നു. ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമിയായ നിക്കോളസ് മഡുറോ രണ്ട് ശതമാനത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചതായി തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിച്ചിട്ടും അത് അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറല്ല. വോട്ടുകള്‍ മുഴുവന്‍ വീണ്ടും എണ്ണണമെന്ന വിചിത്ര ആവശ്യമുന്നയിച്ച് അനുയായികളെ തെരുവിലിറക്കാനാണ് ശ്രമം. തലസ്ഥാനമായ കരാക്കസിലും മറ്റ് ചില പ്രദേശങ്ങളിലും അക്രമികള്‍ പൊലീസുമായി ഏറ്റുമുട്ടി. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു. ഔദ്യോഗിക ടെലിവിഷന്‍ ചാനലായ വിടിവിയുടെ ഓഫീസിനുമുന്നിലും തെരഞ്ഞെടുപ്പ് കമീഷന്‍ മേധാവിയുടെ വീടിനുമുന്നിലും അക്രമശ്രമമുണ്ടായി. ചില പ്രവിശ്യ നഗരങ്ങളിലും പ്രതിപക്ഷപ്രകടനം അക്രമാസക്തമായി.

വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ദേശീയ ഇലക്ടറല്‍ കൗണ്‍സില്‍ വ്യക്തമാക്കിയതിനുപിന്നാലെയാണ് പ്രതിപക്ഷം തെരുവിലിറങ്ങിയത്. മഡുറോ വെള്ളിയാഴ്ച സത്യപ്രതിജ്ഞചെയ്യാനിരിക്കെ രാജ്യത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനാകുമോ എന്നാണ് സോഷ്യലിസ്റ്റ് വിരുദ്ധര്‍ ശ്രമിക്കുന്നത്. സാമ്രാജ്യത്വചേരിയുടെ മാനസപുത്രനായ കാപ്രിലെസിന് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ നല്‍കിയ സഹായം അമേരിക്ക തുടരുന്നുമുണ്ട്. വീണ്ടും വോട്ടെണ്ണാന്‍ കഴിയില്ലെന്നും ഭീഷണികൊണ്ട് തീരുമാനം തിരുത്തിക്കാനാകില്ലെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ മേധാവി തിബിസേ ലുസീന പറഞ്ഞു. അമേരിക്കന്‍ സര്‍ക്കാരും ചില സംഘടനകളും വെനസ്വേലയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുകയാണെന്ന് അവര്‍ പറഞ്ഞു. ജനവിധി അട്ടിമറിക്കാനാണ് പ്രതിപക്ഷശ്രമമെന്ന് മഡുറോ പറഞ്ഞു. ജനവിധി അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറാകണം. രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. അതേസമയം, താനാണ് യഥാര്‍ഥ വിജയിയെന്ന് കാപ്രിലെസ് അവകാശപ്പെട്ടു. ഞായറാഴ്ചത്തെ തെരഞ്ഞെടുപ്പില്‍ 50.8 ശതമാനം വോട്ട് നേടിയാണ് മഡുറോ വിജയിച്ചത്. കാപ്രിലെസിന് 49 ശതമാനം വോട്ടാണ് ലഭിച്ചത്.

കമാന്‍ഡര്‍ക്ക് സ്മരണാഞ്ജലി

കരാക്കസ്: തന്റെ അഭാവത്തില്‍ വെനസ്വേലയെ നയിക്കാന്‍ ഉത്തമനെന്ന് ഹ്യൂഗോ ഷാവേസ് വിലയിരുത്തിയ നിക്കോളസ് മഡുറോയുടെ വിജയം പ്രിയ കമാന്‍ഡര്‍ക്ക് സ്വന്തം ജനതയുടെ സ്മരണാഞ്ജലിയായി. ഷാവേസിനുശേഷം വെനസ്വേലയുടെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പായാണ് മഡുറോയും ഹെന്‍റിക് കാപ്രിലെസും തമ്മിലുള്ള പോരാട്ടത്തെ വിലയിരുത്തിയത്. അതുകൊണ്ടുതന്നെ ഞായറാഴ്ച ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ കരാക്കസിലേക്കായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ അഭിപ്രായ സര്‍വേകള്‍ പ്രവചിച്ച വന്‍ വിജയത്തിലേക്ക് നീങ്ങാന്‍ മഡുറോക്ക് കഴിഞ്ഞില്ലെന്നത് വസ്തുതയാണ്. എന്നാല്‍, ആ ഒരൊറ്റ കാരണത്തില്‍ ചുറ്റിപ്പിടിച്ച് തോല്‍വിയുടെ ജാള്യം മറയ്ക്കാനാണ് സോഷ്യലിസ്റ്റ് വിരുദ്ധചേരി ശ്രമിക്കുന്നത്. മഡുറോ വിജയിച്ചെങ്കിലും വെനസ്വേല വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് സാമ്രാജ്യത്വതാല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി പാശ്ചാത്യ വാര്‍ത്താ ഏജന്‍സികളും പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഷാവേസിന് ജനങ്ങള്‍ നല്‍കിയ ഭൂരിപക്ഷം മഡുറോക്ക് നേടാന്‍ കഴിഞ്ഞില്ലെന്നതാണ് പ്രധാന പോരായ്മയായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ഷാവേസിന് ലഭിച്ച ഭൂരിപക്ഷം 11 ശതമാനമാണ്. അന്ന് 1.9 കോടി വോട്ടര്‍മാരില്‍ 80.4 ശതമാനം പേര്‍ വോട്ടുചെയ്തിരുന്നു. ഇപ്പോള്‍ 78.71 ശതമാനമായി പോളിങ് കുറഞ്ഞു. യഥാര്‍ഥത്തില്‍ വെനസ്വേലയിലെ ദുര്‍ബലമായ പ്രതിപക്ഷത്തോടല്ല, അതിലും വലിയ ശത്രുക്കളോട് പടവെട്ടിയ സോഷ്യലിസ്റ്റ് പാര്‍ടി ഉജ്വല വിജയമാണ് നേടിയത്.

ലാറ്റിനമേരിക്കയെ മുഴുവന്‍ സാമ്രാജ്യത്വവിരുദ്ധ ചേരിയില്‍ ഉറപ്പിച്ചുനിര്‍ത്തിയ ഷാവേസിനെ അട്ടിമറിക്കാന്‍ അമേരിക്ക പലവട്ടം ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. ഇപ്പോള്‍ ഷാവേസിന്റെ അഭാവത്തിലെങ്കിലും വെനസ്വേലയില്‍ തങ്ങളുടെ പാവകളെ അവരോധിക്കാന്‍ അമേരിക്ക ലക്ഷ്യമിട്ടുവെന്നത് സ്വാഭാവികം. ഒക്ടോബറിലെ തെരഞ്ഞെടുപ്പില്‍ ഷാവേസിനോട് തോറ്റമ്പിയ കാപ്രിലെസ് വീണ്ടും സ്ഥാനാര്‍ഥിയായതും പ്രതിപക്ഷം മുമ്പെങ്ങുമില്ലാത്തവിധം ഐക്യത്തോടെ നീങ്ങിയതുമെല്ലാം ഈ ഇടപെടലിന്റെ ഭാഗമാണ്. ആളാലും അര്‍ഥത്താലുമെല്ലാം കാപ്രിലെസിന് സാമ്രാജ്യത്വചേരിയുടെ സഹായം ലഭിച്ചു. രാജ്യമാകെ ഷാവേസിന്റെ വേര്‍പാടില്‍ ദുഃഖിക്കുന്ന സമയത്തുപോലും അട്ടിമറിക്കുള്ള കോപ്പുകൂട്ടുകയായിരുന്നു എതിരാളികള്‍. സര്‍ക്കാര്‍വിരുദ്ധ വികാരം സൃഷ്ടിക്കാന്‍ പല മേഖലകളിലും വൈദ്യുതിവിതരണം തടസ്സപ്പെടുത്താന്‍പോലും ശ്രമം നടന്നു.

തെരഞ്ഞെടുപ്പുഫലം വ്യക്തമായശേഷവും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് പ്രതിപക്ഷത്തെ ഉപയോഗിച്ച് സാമ്രാജ്യത്വചേരി നടത്തുന്നത്. സൈന്യത്തിലെ പ്രമുഖനായ ഒരാളുമായി കാപ്രിലെസ് ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെതന്നെ അനുയായിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുമുമ്പ് കാപ്രിലെസ് തന്നെ ഫോണില്‍ വിളിച്ചിരുന്നെന്ന് മഡുറോയും വെളിപ്പെടുത്തി. തങ്ങളെ കൂടി ഉള്‍പ്പെടുത്തി ഭരണം തുടരാമെന്നും അതിനായി ഒരു കരാറില്‍ ഏര്‍പ്പെടണമെന്നുമാണ് കാപ്രിലെസ് നിര്‍ദേശിച്ചത്. മഡുറോ ഈ നിര്‍ദേശം തള്ളുകയായിരുന്നു. തുടര്‍ന്നാണ് വോട്ടുകള്‍ മുഴുവന്‍ വീണ്ടും എണ്ണണമെന്ന വിചിത്രവാദവുമായി പ്രതിപക്ഷം രംഗത്തെത്തിയത്.

deshabhimani 170413

No comments:

Post a Comment