Wednesday, April 17, 2013
മകന്‍ നിരപരാധിയെന്ന് കേണു പറഞ്ഞിട്ടും...
ഒഞ്ചിയം: "ശരിക്കും ഞാന്‍ ചത്തുപോവുമായിരുന്നു, 48 കാലത്തും അടിയന്തരാവസ്ഥയിലും പൊലീസിന്റെ പരാക്രമങ്ങള്‍ ഒരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍ നിരപരാധിയായ എന്റെ മോനെ കിടക്കപ്പായില്‍ നിന്ന് പിടിച്ചുകൊണ്ടുപോകുന്നത് കണ്ടപ്പോള്‍ രോഗിയായ തന്റെ കണ്ണില്‍ ഇരുട്ട് കയറി മോഹാലസ്യപ്പെട്ട് തലകറങ്ങി വീണു. ഒന്ന് താങ്ങാന്‍പോലും മോനെ അവര്‍ അനുവദിച്ചില്ല. ഓനെയും കൊണ്ട് പൊലീസ് പോവുകയായിരുന്നു". വള്ളിക്കാട് ചാത്തങ്കണ്ടി ലീലയ്ക്ക് ഇപ്പോഴും ഭീതി മാറിയിട്ടില്ല.
പതിവായി പ്രഷര്‍ കുറയുന്ന വീട്ടമ്മക്ക് അത്താണിയായി മകന്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. വള്ളിക്കാട് ചന്ദ്രശേഖരന്‍ സ്തൂപം തകര്‍ത്തത് മകന്‍ സന്ദീപാണെന്ന് ആരോപിച്ചാണ് പൊലീസ് അര്‍ധരാത്രിയില്‍ പിടിച്ചുകൊണ്ടുപോയത്. രാത്രി ഒമ്പതു മുതല്‍ മകന്‍ തന്നോടൊപ്പം ഈ വീട്ടിലുണ്ടെന്നും അവന്‍ നിരപരാധിയാണെന്നും നേരംവെളുത്തിട്ട് കൊണ്ടുപോയാല്‍ മതിയെന്നും താന്‍ ഈ വീട്ടില്‍ ഒറ്റക്കാണെന്നും കേണപേക്ഷിച്ചിട്ടും കേള്‍ക്കാന്‍ പൊലീസ് തയ്യാറായില്ല. മുണ്ടുമാറ്റാന്‍ പോലും അനുവദിക്കാതെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. കുറെ കഴിഞ്ഞ് മുണ്ടും ഷര്‍ട്ടും വാങ്ങാന്‍ വീണ്ടും പൊലീസ് വീട്ടിലെത്തി. മകന്‍ നിരപരാധിയാണെന്നും നേരം വെളുത്താല്‍ തിരിച്ചെത്തുമെന്നും പറഞ്ഞപ്പോഴാണ് ശ്വാസം വീണത്. പിറ്റേന്ന് വിഷു ദിനത്തില്‍ അമ്മ ഭക്ഷണം കഴിക്കാതെ മകനെ കാത്തിരിക്കുകയായിരുന്നു. സംഭവത്തില്‍ പങ്കില്ലെന്നറിഞ്ഞിട്ടും സന്ദീപിനെ രാത്രിയോടെയാണ് പൊലീസ് വിട്ടയച്ചത്.
സന്ദീപിനോടൊപ്പം തൊട്ടടുത്ത പ്രദേശത്തെ അശ്വിനെയും പൊലീസ് പിടിച്ചു കൊണ്ടുപോയിരുന്നു. സ്തൂപം തകര്‍ത്തത് സന്ദീപും അശ്വിനുമാണെന്ന് പകല്‍ മുഴുവന്‍ ചാനലുകളില്‍ നിര്‍ത്താതെ വാര്‍ത്തകളും വന്നുകൊണ്ടിരുന്നു. പിന്നീട് രാത്രിയോടെ ഇവരെ വിട്ടയച്ചിട്ടും പിറ്റേന്നും ചില പത്രങ്ങളില്‍ ഇതുതന്നെയായിരുന്നു പ്രചരിപ്പിച്ചത്. "മകന്‍ തെറ്റുചെയ്തെങ്കില്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ എന്തിനാണ് എന്റെ മകന്റെ ഭാവി തകര്‍ക്കുന്നത്" അമ്പത്തഞ്ചുകാരിയായ ലീല സങ്കടത്തോടെ ചോദിച്ചു. രാഷ്ട്രീയ പകപോക്കലിന്റെയും നീതി നിഷേധത്തിന്റെയും മേഖലയിലെ ഒടുവിലത്തെ ഇരകളാണ് ഈ യുവാക്കള്‍. ആര്‍എംപിക്കാര്‍ പറഞ്ഞുകൊടുക്കുന്നവരെ പൊലീസ് മറ്റൊന്നും ചിന്തിക്കാതെ അര്‍ധരാത്രി വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കള്ളക്കേസില്‍ കുടുക്കുന്ന ഫാസിസ്റ്റ് രീതിയാണ് ഒഞ്ചിയത്ത് അരങ്ങേറുന്നത്.
(സജീവന്‍ ചോറോട്)
deshabhimani 170413
Subscribe to:
Post Comments (Atom)
No comments:
Post a Comment