Wednesday, April 17, 2013
കല്‍ക്കരി: ആരോപണത്തിന് മറുപടി ഇല്ലാതെ കേന്ദ്രം
1.86 ലക്ഷംകോടി രൂപയുടെ കല്‍ക്കരി കുംഭകോണക്കേസില്‍ അന്വേഷണ ഏജന്‍സിയായ സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സ്ഥിതിവിവര റിപ്പോര്‍ട്ട് നിയമമന്ത്രാലയവും പ്രധാനമന്ത്രി കാര്യാലയവും ഇടപെട്ട് തിരുത്തിയെന്ന വാര്‍ത്തകളോട് കേന്ദ്രസര്‍ക്കാരിന് പ്രതികരണമില്ല. പ്രധാനമന്ത്രി കാര്യാലയത്തിനും നിയമമന്ത്രാലയത്തിനും എതിരായ ഗുരുതര ആക്ഷേപം പുറത്തുവന്ന് ദിവസങ്ങളായിട്ടും സര്‍ക്കാര്‍ നിരാകരിച്ചിട്ടില്ല. തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ തങ്ങള്‍തീര്‍ത്തും പ്രതിരോധത്തിലാകുമെന്ന് ഉറപ്പുണ്ടായിട്ടും എന്ത് നിലപാട് സ്വീകരിക്കണമെന്ന് അറിയാതെ കുഴങ്ങുകയാണ് സര്‍ക്കാര്‍.
കല്‍ക്കരിക്കേസില്‍ തങ്ങള്‍ ആരുടെയും സമര്‍ദത്തിലല്ലെന്ന് സിബിഐ ചൊവ്വാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. നിയമമന്ത്രിയുമായി സിബിഐ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന വിശദീകരണം പ്രസ്താവനയിലില്ല. അതിനിടെ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകനെ ആശ്രയിക്കാതെ സ്വന്തം നിലയില്‍ അഭിഭാഷകനെ വയ്ക്കാന്‍ സിബിഐ തീരുമാനിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ യു യു ലളിത് സിബിഐക്കുവേണ്ടി ഹാജരാാകും. കേസില്‍ ഇതുവരെ സിബിഐക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ റാവല്‍ ഇനി കേന്ദ്രത്തിനുവേണ്ടിമാത്രം ഹാജരാകും. സ്ഥിതിവിവര റിപ്പോര്‍ട്ട് സര്‍ക്കാര്‍ സ്വാധീനപ്രകാരം തയ്യാറാക്കിയതാണോയെന്ന് വിശദീകരിക്കാന്‍ സുപ്രീംകോടതി സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലപാട് വ്യക്തമാക്കിയുള്ള സത്യവാങ്മൂലം ഈ മാസം 26ന് സിബിഐ സമര്‍പ്പിച്ചേക്കും. അന്വേഷണച്ചുമതല സിബിഐയില്‍നിന്ന് മാറ്റി പ്രത്യേകാന്വേഷണ സംഘത്തെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നത് സിബിഐക്ക് ഭീഷണിയാണ്. സിബിഐ സമര്‍പ്പിച്ച സ്ഥിതിവിവര റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ കണ്ടിട്ടേയില്ലെന്ന് ഹരേന്‍ റാവല്‍ മാര്‍ച്ച് 12ന് സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതിന് ഒരാഴ്ചമുമ്പ് നിയമമന്ത്രി അശ്വനികുമാര്‍ സിബിഐ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
deshabhimani 170413
Subscribe to:
Post Comments (Atom)
No comments:
Post a Comment