Saturday, April 13, 2013
നിതാഖാത്ത്: ചുവപ്പില്‍ നിന്ന് പച്ചയിലേക്ക് മാറല്‍ എളുപ്പമാകില്ല
ദമാം: നിതാഖാത്ത് പ്രകാരം റെഡ് കാറ്റഗറിയില്‍പെട്ട സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് മൂന്നുമാസത്തിനുള്ളില്‍ നിയമാനുസൃത ജോലി സമ്പാദിക്കുക എളുപ്പമാവില്ല. സൗദി തൊഴില്‍മന്ത്രാലയം തന്നെലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാമ നിയമാനുസൃതമാക്കാനുള്ള ഇളവ് റെഡ്കാറ്റഗറിയിലെ തൊഴിലാളികള്‍ക്ക് ലഭിക്കില്ലെന്ന് തൊഴില്‍മന്ത്രാലയ വക്താവ് ഹതാബ് അല്‍ ഇനേസി പറഞ്ഞതായി "സൗദി ഗസറ്റ്" റിപ്പോര്‍ട്ടുചെയ്തു. റെഡില്‍ ഉള്ള തൊഴിലാളികള്‍ക്ക് പച്ച കാറ്റഗറിയിലെ സ്ഥാപനങ്ങളിലേക്ക് മാറാന്‍ കഴിയുമെന്നായിരുന്നു ഇതുവരെയുള്ള പ്രതീക്ഷ. എന്നാല്‍ വിദഗ്ധരായ വളരെ കുറച്ചുപേരൊഴികെ ഭൂരിഭാഗം വിദേശികളേയും ഏറ്റെടുക്കാന്‍ പച്ച കാറ്റഗറിയില്‍ പെട്ട സ്ഥാപനങ്ങള്‍ തയ്യാറാകില്ല. നിലവിലുള്ള നിയമലംഘകരായ തൊഴിലാളികളില്‍ ഭൂരിഭാഗവും റെഡ് കാറ്റഗറിയില്‍പെട്ട സ്ഥാപനങ്ങളില്‍ ഉള്ളവരാണ്. റെഡില്‍ കുടുങ്ങിയ കമ്പനികള്‍ സ്വദേശികളെ നിയമിച്ച് എത്രയും വേഗം ഗ്രീന്‍ കാറ്റഗറിയിലേക്ക് മാറുകയാണ് വേണ്ടത്. അതിനു ശേഷം മാത്രമേ വിദേശ തൊഴിലാളികള്‍ക്ക് ഇക്കാമ ശരിയാക്കാനാകൂവെന്നും തൊഴില്‍മന്ത്രാലയ വക്താവ് പറഞ്ഞു. മൂന്നുമാസത്തിനകം ഇത് നടപ്പാക്കണം. മൂന്ന് മാസം അധികസമയം അനുവദിച്ച അബ്ദുള്ള രാജാവിന്റെ ഉത്തരവ് നടപ്പാക്കുന്നതിന് തൊഴില്‍മന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും സംയുക്ത പ്രവര്‍ത്തനം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 27 മുതല്‍ നിതാഖാത്ത് രണ്ടാം ഘട്ടം നടപ്പാക്കിയപ്പോള്‍ സ്വദേശികള്‍ ജോലിക്ക് ഇല്ലാത്തതിന്റെ പേരിലാണ് പല സ്ഥാപനങ്ങളും റെഡില്‍ കുടുങ്ങിയത്. അതോടെ ഇത്തരം സ്ഥാപനങ്ങളിലെ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥ വന്നു. താമസരേഖയായ ഇക്കാമ ഇല്ലാതാകുന്നവര്‍ മൂന്നുമാസത്തിനകം നിയമാനുസൃതമാക്കമെന്നാണ് രാജാവ് ഉത്തരവിട്ടത്. രാജാവിന്റെ ഉത്തരവ് പ്രകാരം പുതിയ സംവിധാനം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി ബുധനാഴ്ച ആഭ്യന്തരമന്ത്രാലയവും തൊഴില്‍മന്ത്രാലയവും ആദ്യയോഗം ചേര്‍ന്നു.
(ടി എം മന്‍സൂര്‍)
deshabhimani 130413
Subscribe to:
Post Comments (Atom)
No comments:
Post a Comment