Saturday, April 13, 2013

കുടിവെള്ള സ്വകാര്യവല്‍ക്കരണം ചെറുക്കും: പിണറായി

തൃശൂര്‍: സ്വകാര്യകുത്തകകളെ സഹായിക്കാനായി കുടിവെള്ളം അടക്കം വില്‍പന നടത്താനുള്ള യുഡിഎഫ് സര്‍ക്കാരിെന്‍റ ശ്രമത്തെ സംഘടിതശക്തി ഉപയോഗിച്ച് ചെറുത്ത്തോല്‍പിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ നല്ലനിലയില്‍ എത്തിച്ച വാട്ടര്‍അതോറിറ്റിയെയാണ് യുഡിഎഫ് സ്വകാര്യവല്‍ക്കരിക്കാന്‍ ഒരുങ്ങുന്നത്. ഇതിനെതിരായി എല്ലാ മേഖലയില്‍ നിന്നും ശക്തമായ പ്രക്ഷോഭം ഉയര്‍ത്തികൊണ്ടുവരണമെന്നും പിണറായി പറഞ്ഞു. കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍(സിഐടിയു) സംസ്ഥാന സമ്മേളനത്തിെന്‍റ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

കുടിവെള്ളം സ്വകാര്യപങ്കാളിത്തത്തോടെ നടപ്പിലാക്കുമ്പോള്‍ വെള്ളത്തിെന്‍റ വില ഇന്നുള്ളതിെന്‍റ എത്രയോ ഇരട്ടിയായി മാറും. യുഡിഎഫ് ഇത്തവണയും അധികാരത്തില്‍ വന്ന് രണ്ട് വര്‍ഷം തികയും മുമ്പ് ലാഭത്തിലായിരുന്ന പൊതുമേഖല സ്ഥാപനങ്ങളെല്ലാം നഷ്ടത്തിലാക്കി. എല്‍ഡിഎഫ് അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ വാട്ടര്‍ അതോറിറ്റിക്കുണ്ടായിരുന്ന ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തു. നബാര്‍ഡില്‍ നിന്നും സര്‍ക്കാര്‍ ജാമ്യം നിന്ന് വായ്പയെടുത്തു. കെഎസ്ഇബിക്കുണ്ടായിരുന്ന കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ഒഴിവാക്കി. ഇത്തരത്തില്‍ നല്ലയിലായിരുന്ന വാട്ടര്‍അതോറിറ്റിയെയാണ് യുഡിഎഫ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. നാടിനോട് ഒരു പ്രതിബന്ധയുമില്ലാത്ത നടപടികളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. കര്‍ഷകരടക്കമുള്ളവരുടെ സഹായങ്ങള്‍ എടുത്തുകളയുകയാണ്. സബ്സിഡി എടുത്തുകളഞ്ഞു. കേരളത്തിനുള്ള ഭക്ഷ്യധാന്യം വെട്ടികുറച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് തയ്യാവണമെന്നും പിണറായി പറഞ്ഞു.

സ്വകാര്യവല്‍ക്കരണത്തെ ചെറുത്തുതോല്‍പ്പിക്കണം: ബര്‍ദന്‍

തിരു: കുടിവെള്ളംപോലും വില്‍പ്പനച്ചരക്കാക്കുന്ന സ്വകാര്യവല്‍ക്കരണ സാമ്പത്തികനയം ചെറുത്തുതോല്‍പ്പിക്കണമെന്ന് സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ പറഞ്ഞു. കരാര്‍വല്‍ക്കരണം നിലവിലുള്ള തൊഴില്‍സാധ്യതയും ഇല്ലാതാക്കുന്നു. സ്വകാര്യവല്‍ക്കരണത്തിന്റെ കെടുതികള്‍ ഒന്നൊന്നായി ജനങ്ങള്‍ അനുഭവിക്കുകയാണ്. മധ്യവര്‍ഗത്തില്‍പ്പെട്ടവരെയാണ് ഇത് ഏറ്റവും ബാധിക്കുന്നത്. ഓള്‍ ഇന്ത്യ സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ദേശീയസമ്മേളനത്തിന്റെ ഭാഗമായി "പുത്തന്‍ സാമ്പത്തികനയവും സിവില്‍ സര്‍വീസിന്റെ നിലനില്‍പ്പും" സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബര്‍ദന്‍.

സ്വകാര്യവല്‍ക്കരണം സര്‍ക്കാരുകളുടെ മുദ്രാവാക്യമായി മാറി. ഒരുവശത്ത് സമ്പത്ത് കുന്നുകൂടുന്നു. മറുഭാഗത്ത് കഷ്ടപ്പാടും. ലാഭം മാത്രമാണ് സാമ്പത്തികനയങ്ങളുടെ ലക്ഷ്യം. കുത്തകകള്‍ക്കുവേണ്ടി കുത്തകകള്‍ ഭരിക്കുന്ന സര്‍ക്കാരായി രണ്ടാം യുപിഎ സര്‍ക്കാര്‍ മാറി. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തും സ്വകാര്യവല്‍ക്കരണനയം നടപ്പാക്കാന്‍ ശ്രമമുണ്ടായി. പക്ഷേ, ഇടതുപക്ഷം എതിര്‍ത്തതുമൂലം സര്‍ക്കാരിന് വിചാരിച്ച രീതിയില്‍ മുന്നോട്ടുപോകാനായില്ല. സ്വകാര്യവല്‍ക്കരണത്തിന്റെ ഫലമായി വ്യവസായമേഖലയുടെ വളര്‍ച്ച ദശാംശം ആറ് ശതമാനത്തില്‍ താഴെയെത്തി. ഇത് പൂജ്യത്തില്‍ താഴെയാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കച്ചവടക്കാരും വ്യവസായികളും കയറ്റുമതിക്കാരുമാണ് സര്‍ക്കാരിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ക്കെല്ലാം നേതൃത്വം നല്‍കുന്നത്. സ്വകാര്യവല്‍ക്കരണനയങ്ങളെ ചെറുത്തുതോല്‍പ്പിക്കാതെ ജനജീവിതം മുന്നോട്ടുപോകില്ലെന്നും ബര്‍ദന്‍ പറഞ്ഞു. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ അധ്യക്ഷനായി. എ സമ്പത്ത് എംപി, സി ആര്‍ ജോസ്പ്രകാശ്, ആര്‍ ലതാദേവി എന്നിവര്‍ സംസാരിച്ചു. കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ ബാലസുബ്രഹ്മണ്യന്‍ സ്വാഗതം പറഞ്ഞു.

deshabhimani 130413

No comments:

Post a Comment