Wednesday, April 17, 2013
ഈ മൗനം വിപല്‍ക്കരം
വധശ്രമംകൊണ്ട് തളരുന്നതല്ല ഒരു കമ്യൂണിസ്റ്റ് നേതാവിന്റെ ജീവിതം. തൂക്കിലേറ്റാനുള്ള വിധിദിനം എണ്ണി ജയിലില്‍ കഴിഞ്ഞിട്ടും വിധിദിനമടുത്തപ്പോള്‍ ശരീരഭാരം വര്‍ധിച്ച ഇളകാത്ത ഇച്ഛാശക്തിയുടെ പ്രതീകമായ കമ്യൂണിസ്റ്റുകാരുടെ അതേ ഗുണമാണ് ഇന്നത്തെ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കും. അതുകൊണ്ട് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനെ വകവരുത്താന്‍ നീചനീക്കം നടത്തുന്നവര്‍ ഭാവിയില്‍ നിരാശരാകും. പക്ഷേ, വധശ്രമം കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവിനെതിരെ നടന്നുവെന്നത് നിസ്സാരമായി തള്ളാവുന്ന ഒന്നല്ല. പ്രത്യേകിച്ച്, പിണറായിയെ ലക്ഷ്യമാക്കി കല്‍പ്പിത കഥകളും വ്യാജപ്രചാരണങ്ങളും കെട്ടഴിച്ചുവിട്ട് ശത്രുവര്‍ഗങ്ങളും അവരുടെ പിണിയാളുകളും കൊലവിളി നടത്തുന്ന പശ്ചാത്തലത്തില്‍. ദൂരവ്യാപക പ്രത്യാഘാതമുണ്ടാകുന്ന ഒരു സംഭവം പുറത്തുവന്ന് 14 ദിവസമായിട്ടും ഇതേപ്പറ്റി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അരയക്ഷരം ഉരിയാടിയിട്ടില്ല. കമ്യൂണിസ്റ്റ് വിരുദ്ധത രക്തത്തില്‍ അലഞ്ഞുചേര്‍ന്നവന്‍ ഞാനെന്ന് ഉമ്മന്‍ചാണ്ടി പല ഘട്ടത്തിലും തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ മൗനം അത്ഭുതകരമല്ല. പക്ഷേ, പ്രബുദ്ധകേരളത്തിന്റെ "ജനാധിപത്യ ഭരണാധിപന്റെ" ഈ മൗനം അപകടകരമാണ്.
ഉമ്മന്‍ചാണ്ടി ഒരു ജനാധിപത്യപാര്‍ടിയുടെ നേതാവാണ്. പക്ഷേ, അദ്ദേഹത്തിന്റെ മനസ്സിലെ ഇരുണ്ട മൂലകളില്‍ ജനാധിപത്യത്തിന്റെ വെളിച്ചം പൂര്‍ണമായി എത്തിച്ചേര്‍ന്നിട്ടില്ലെന്ന് ഈ മൗനം തെളിയിക്കുന്നു. ഏപ്രില്‍ മൂന്നിനാണ് പിണറായിയെ വധിക്കാനുള്ള ഉദ്ദേശ്യത്തോടെ വീടിനടുത്തെത്തിയ വളയം സ്വദേശി കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഇതേപ്പറ്റി ഏപ്രില്‍ 9ന് നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ സബ്മിഷന്‍ ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി സഭയിലുണ്ടായിരുന്നു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് സബ്മിഷന് മറുപടി നല്‍കിയത്. കോടിയേരി ഇക്കാര്യം വിശദീകരിക്കുന്നതിനിടെ മുഖ്യമന്ത്രി ഇരിപ്പിടത്തില്‍നിന്ന് എഴുന്നേല്‍ക്കുകയും എംഎല്‍എമാരില്‍നിന്ന് നിവേദനം വാങ്ങി അവിടെ നില്‍ക്കുകയുംചെയ്തു. തിരുവഞ്ചൂരിന്റെ മറുപടി തുടങ്ങുമ്പോഴേക്കും അദ്ദേഹം സഭ വിട്ട് പുറത്തേക്കുപോയി. പിണറായിക്കുനേരെ നടന്ന വധശ്രമം ഗൗരവമുള്ള വിഷയമാണെന്നും ഒരാള്‍ക്ക് തനിയേ ചെയ്യാനാവുന്നതല്ല ഇതെന്നും മറ്റൊരാള്‍ ഇയാളെ പിണറായിയുടെ വീടിനുസമീപം ഇറക്കിവിടുന്നത് കണ്ടവരുണ്ടെന്നും കോടിയേരി സഭയില്‍ ചൂണ്ടിക്കാട്ടി. മാനസികവിഭ്രാന്തിയുള്ളയാളെന്ന പ്രചാരണം നടത്തി പ്രശ്നം ലഘൂകരിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചു. വളയത്ത് വീടുള്ള ഇയാള്‍ വടകരയിലെ ലോഡ്ജില്‍ താമസിച്ച് നടത്തിയ ആസൂത്രണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരാരൊക്കെയെന്ന് വെളിപ്പെടുത്തണം. പിണറായിക്കെതിരെ നിരന്തരം ആര്‍എംപി നേതാക്കള്‍ നടത്തുന്ന കൊലവിളി പ്രസംഗങ്ങളുമായുള്ള ബന്ധവും ഗൂഢാലോചനയും പുറത്തുകൊണ്ടുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കാമെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കിയെങ്കിലും, പൊലീസ് കസ്റ്റഡിയിലായ ആള്‍ തന്റെ ഉദ്ദേശ്യം പിണറായിയെ കൊല്ലുക എന്നതാണെന്ന് പൊലീസിനോടു സമ്മതിച്ചത് തിരുവഞ്ചൂര്‍ സഭയില്‍നിന്ന് മറച്ചുവച്ചു. പിണറായിയെപ്പോലെ സമുന്നതനായ നേതാവിനെതിരെ വധശ്രമമുണ്ടായപ്പോള്‍ അതേപ്പറ്റി പ്രതിപക്ഷ ഉപനേതാവ് സബ്മിഷന്‍ ഉന്നയിച്ചിട്ടുപോലും ആഭ്യന്തരമന്ത്രിക്കുപുറമെ പ്രതികരണം നടത്താനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടായിരുന്നു. അതദ്ദേഹം ചെയ്തില്ല. നിയമസഭയ്ക്കുപുറത്തും മിണ്ടാട്ടമില്ല.
പ്രതികരണം ജനാധിപത്യത്തിന്റെ ഒരു സൂചനയാണ്. രാജാധികാരത്തിന്റെകാലത്ത് ""അരചന്‍ ചൊല്ല് കല്ലുപിളര്‍ത്തി"" എന്ന പ്രയോഗമുണ്ടായിരുന്നു. ഇന്ന് ഒരു ഭരണാധികാരിയുടെ പറച്ചിലിന് കല്ലിനെ പിളര്‍ത്താന്‍ കഴിയില്ലായെന്നത് നേര്. പക്ഷേ, ജനാധിപത്യത്തെയും സമാധാന ജീവിതത്തെയും കാത്തുസൂക്ഷിക്കാന്‍ ഒരു മുഖ്യമന്ത്രിയുടെ ഇടപെടലിനും വാക്കിനും വിലയുണ്ട്. അത് ഉമ്മന്‍ചാണ്ടി വിസ്മരിച്ചു.
പാര്‍ലമെന്റിലും നിയമസഭയിലും പരസ്പരം പോരാടുന്നവരാണ് ഭരണ-പ്രതിപക്ഷ നേതാക്കളെങ്കിലും ഒരാളുടെ ജീവനുനേരെ അപകടമുണ്ടാകുമ്പോള്‍ രാഷ്ട്രീയ ശത്രുതയോടെ പെരുമാറുക പൊതുരീതിയല്ല. ആ ഉദാത്ത പാരമ്പര്യം ശ്രേഷ്ഠമാംവിധം പ്രകടിപ്പിച്ച നേതാവായിരുന്നു ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സ് പാലിക്കുന്നതില്‍ അദ്ദേഹം അതീവതല്‍പ്പരനായിരുന്നു. അതുകൊണ്ടാണ് അന്ന് പ്രതിപക്ഷനേതാവായിരുന്ന എ കെ ജി പാര്‍ലമെന്റില്‍ പ്രസംഗിക്കുന്ന നേരത്ത് മറ്റെല്ലാ പരിപാടിയും മാറ്റിവച്ച് നെഹ്റു സഭയില്‍ ഹാജരാകുന്നത്. എ കെ ജിയുടെ ആരോഗ്യകാര്യങ്ങളുള്‍പ്പെടെ നെഹ്റു ആരായുമായിരുന്നു. സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ പ്രതിപക്ഷവിമര്‍ശവും സ്വാധീനം ചെലുത്തുമെന്ന് ബോധ്യപ്പെടുത്തുന്നതിന് നെഹ്റു ശ്രമിച്ചു. അങ്ങനെ പ്രതിപക്ഷ ശബ്ദം കേള്‍ക്കാനും പ്രതിപക്ഷനേതാക്കളുടെ അപകടരഹിത ജീവിതത്തില്‍ താല്‍പ്പര്യം പ്രകടിപ്പിക്കാനും തയ്യാറായ ആദ്യപ്രധാനമന്ത്രിയുടെ പാര്‍ടിക്കാരന്‍ കേരള മുഖ്യമന്ത്രിയായി തുടരുമ്പോള്‍, പ്രതിപക്ഷത്തെ മുഖ്യ രാഷ്ട്രീയപാര്‍ടിയുടെ നേതാവുള്‍പ്പെടെയുള്ളവരോടു കാട്ടുന്ന അസഹിഷ്ണുതയുടെയും സ്നേഹനിരാസത്തിന്റെയും പ്രതിഫലനമായേ ഉമ്മന്‍ചാണ്ടിയുടെ മൗനത്തെ കാണാനാവൂ. ഈ മൗനം കമ്യൂണിസ്റ്റ്നേതാക്കളെ ശാരീരികമായി ഇല്ലായ്മചെയ്യാനാഗ്രഹിക്കുന്ന ഘാതകര്‍ക്ക് പരോക്ഷമായി വീര്യം പകരുന്നതാണ്. മഹാഭാരതത്തില്‍ അരക്കില്ലം ചുട്ട കഥയുണ്ട്. പാണ്ഡവന്മാര്‍ ഒന്നിച്ച് വീട്ടില്‍ സന്ധിക്കുന്ന ദിവസം വീടിന് തീവച്ച് അഞ്ചുപേരുടെയും ശല്യം അവസാനിപ്പിക്കാന്‍ കൗരവരാജാവ് ആഗ്രഹിച്ചു. വീട് കത്തിയെരിച്ചെങ്കിലും പാണ്ഡവന്മാര്‍ അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടു. അങ്ങനെ ഒരു കൗരവ രാജാവാണ് ഉമ്മന്‍ചാണ്ടിയെന്ന് പ്രതിപക്ഷം പറയുന്നില്ല. സിഐടിയു ദേശീയ സമ്മേളനവേളയില്‍ ഒരാഴ്ചയോളം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ പരിപാടികളില്‍ പിണറായി വിജയന്‍ പങ്കെടുക്കുമെന്നറിഞ്ഞ് അദ്ദേഹത്തെ വകവരുത്താന്‍ ആസൂത്രിതമായി ഒരു കൊലയാളി എത്തിയപ്പോള്‍ അയാളെ പിടിച്ചത് പൊലീസിന്റെ ജാഗ്രതകൊണ്ടായിരുന്നില്ല. നാട്ടുകാരാണ് പൊലീസിനെ ഏല്‍പ്പിച്ചത്. തോക്കും കൊടുവാളുമായി വന്ന ആക്രമണത്തിന്റെ സ്വഭാവവും സന്ദര്‍ഭവും പരിശോധിച്ചാല്‍ നന്നായി ആസൂത്രണംചെയ്ത പദ്ധതിയാണിതെന്നുകാണാം.
മഹാത്മാഗാന്ധിയെ കൊന്നത് ഗോഡ്സെ എന്ന മതഭ്രാന്തനായിരുന്നു. ഇതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് കൈകഴുകാന്‍ ആര്‍എസ്എസുകാര്‍ അന്നും ഇന്നും നോക്കുന്നുണ്ട്. ഇത്തരം ആക്രമണങ്ങള്‍ ഒരു സംഘടനയും രേഖാമൂലം ഔദ്യോഗികമായി തീരുമാനിച്ച് പരസ്യമായി പ്രഖ്യാപിച്ച് നടത്തുന്നതല്ല. സിപിഐ എമ്മിനെ ഉത്തരകേരളത്തിലെ ചില പ്രദേശങ്ങളില്‍ ബലഹീനമാക്കാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും കിട്ടിയ കോടാലിക്കൈയാണ് ആര്‍എംപി. ഇത്തരം കോടാലിക്കൈകളെയും അവരുടെ കൊലയാളി രാഷ്ട്രീയത്തെയും പ്രോത്സാഹിപ്പിക്കുന്നത് ഭിന്ദ്രന്‍വാലയെ സൃഷ്ടിച്ചതുപോലെ അപകടകരമായി മാറുമെന്നത് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാക്കളും വിസ്മരിക്കരുത്. ഭിന്ദ്രന്‍വാല യഥാര്‍ഥത്തില്‍ ഇന്ദിരാകോണ്‍ഗ്രസിന്റെ സൃഷ്ടിയായിരുന്നല്ലോ. ഇന്ദിരാകോണ്‍ഗ്രസിന് വഴങ്ങാത്ത അകാലിദളില്‍ ഒരു സമാന്തര നേതൃത്വം പടുത്തുയര്‍ത്തുന്നതിന് ഈ ഭസ്മാസുരനെ വരം കൊടുത്തുവിട്ടു.
ഇന്ത്യന്‍ ദേശീയതയുടെ സമരമുഖത്ത് തോളോടുതോള്‍നിന്ന് പൊരുതിയ പ്രസ്ഥാനമാണ് അകാലിദള്‍. ഗദര്‍ പാര്‍ടി മുതല്‍ ഭഗത്സിങ്വരെയുള്ളവരുടെ സമരപാരമ്പര്യത്തില്‍ ഒരു പങ്കിനുള്ള അവകാശവുമുണ്ട്. ഇന്ദിരാകോണ്‍ഗ്രസിന്റെ വരുതിക്ക് നില്‍ക്കുന്നില്ലായെന്നതാണ് അതിനെ തകര്‍ക്കാന്‍ ഭിന്ദ്രന്‍വാലയെ ഇളക്കിവിട്ടതിലുള്ള ന്യായീകരണം. അതിനുള്ള കൈവാളായി ഭിന്ദ്രന്‍വാലയെ കോണ്‍ഗ്രസ് നേതൃത്വം ഉപയോഗിച്ചതിന്റെ ദുരന്തം ഇന്ത്യ അനുഭവിച്ചതാണ്. കേരളം ഇന്നാര്‍ജിച്ച പുരോഗതിക്കും നേട്ടത്തിനും പിന്നിലെ മുഖ്യ അവകാശികള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. നേതാക്കളെ വകവരുത്തി ഈ പ്രസ്ഥാനത്തെ ബലഹീനമാക്കാന്‍ കമ്യൂണിസ്റ്റ് വിരുദ്ധ തിമിരംകൊണ്ട് കൊലയാളികളെ പ്രത്യക്ഷമായോ പരോക്ഷമായോ പ്രോത്സാഹിപ്പിക്കുന്നത് നാടിന് ആപത്താണ്. അതുകൊണ്ട് സ്വന്തം മൗനത്താല്‍ "ഭിന്ദ്രന്‍വാല നയം" പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രി വീണ്ടുവിചാരത്തിന് തയ്യാറാകണം.
ആര്‍ എസ് ബാബു deshabhimani 170413
Subscribe to:
Post Comments (Atom)
No comments:
Post a Comment