Tuesday, April 16, 2013

ആര്‍എംപി അക്രമം; വ്യാപക പ്രതിഷേധം


ഒഞ്ചിയം മേഖലയില്‍ ബോധപൂര്‍വം സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുന്ന ആര്‍എംപി സംഘത്തിന്റെ നീക്കത്തില്‍ വ്യാപക പ്രതിഷേധം. സിപിഐ എം ഓഫീസുകളും വായനശാലകളും കടകളും തകര്‍ക്കുന്ന ആര്‍എംപി സംഘത്തിന്റെ പതിവ് രീതി വിഷുദിനത്തിലും തുടര്‍ന്നു. നാടിന്റെ സമാധാനം തകര്‍ത്ത ആര്‍എംപി സംഘത്തിനെതിരെ രാഷ്ട്രീയഭേദമന്യേ പ്രതിഷേധം ഉയര്‍ന്നു. സര്‍വകക്ഷി സമാധാന യോഗത്തിലും ആര്‍എംപി നേതൃത്വത്തിന്റെ ഗൂഢനീക്കത്തിനെതിരെ വിമര്‍ശനമുണ്ടായി. ഡിവൈഎസ്പി ജോസി ചെറിയാന്പോലും ആര്‍എംപി പ്രകടത്തിന് നേരെ സിപിഐ എം അക്രമം നടത്തിയിട്ടില്ലെന്ന് പറയേണ്ടി വന്നു.

എളങ്ങോളിയിലെ സിപിഐ എം ഓഫീസായ കേളു ഏട്ടന്‍ മന്ദിരം ഏഴാംതവണയാണ് അക്രമികള്‍ തകര്‍ക്കുന്നത്. കുടികിടപ്പ് സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷിയായ വള്ളിക്കാട് വാസുവിന്റെ സ്മരണയില്‍ പടുത്തുയര്‍ത്തിയ മന്ദിരം അക്രമിക്കുന്നത് മൂന്നാംതവണയാണ് . സിപിഐ എം ഏരിയാ കമ്മിറ്റി അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന, ഒഞ്ചിയത്ത് ഏവരും ആദരിക്കുന്ന പി പി ഗോപാലന്റെ സ്മരണയില്‍ നിര്‍മിച്ച പഠന കേന്ദ്രവും അക്രമിക്കപ്പെട്ടു. പി പി ഗോപാലന്റെ ഫോട്ടോ ഫ്ളക്സ് ബോര്‍ഡില്‍ നിന്ന് വെട്ടിയെടുത്ത് നശിപ്പിച്ചു. ഒഞ്ചിയം അമ്പലപ്പറമ്പിലെ പുളിയുള്ളതില്‍ രവീന്ദ്രന്റെ ചായക്കടയും ആയാട്ട് സജീവന്റെ മെറ്റല്‍ ഇന്‍ഡസ്ട്രീസും നിരവധി തവണയാണ് അക്രമിക്കപ്പെട്ടത്.

ഈ മേഖലയില്‍ പൊലീസ്പട്രോളിങ് ശക്തമാണെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ക്രിമിനലുകള്‍ക്ക് ഒത്താശ ചെയ്യുകയാണ് പൊലീസ്. എളങ്ങോളിയിലെ കേളു ഏട്ടന്‍ മന്ദിരം തകര്‍ത്ത ആര്‍എംപിക്കാരെ പൊലീസ് പിടികുടിയെങ്കിലും നിസ്സാര വകുപ്പ് ചേര്‍ത്ത് പ്രതികള്‍ക്ക് സഹായകരമായ നിലപാടാണ് സ്വീകരിച്ചത്. സര്‍വകക്ഷി സമാധാന യോഗങ്ങളില്‍ പൊലീസ് നടപടി ശക്തമാക്കുമെന്നാണ് പറയുന്നതെങ്കിലും ആര്‍എംപി അക്രമങ്ങള്‍ക്ക് അറുതിയാകുന്നില്ല. അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ വള്ളിക്കാടും ഓര്‍ക്കാട്ടേരിയിലും ഒഞ്ചിയം അമ്പലപ്പറമ്പിലും പ്രകടനവും പ്രതിഷേധ യോഗം ചേര്‍ന്നു. പി രാജന്‍ അധ്യക്ഷനായി. ഇ എം ദയാനന്ദന്‍ സംസാരിച്ചു. വി പി ഗോപാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. വള്ളിക്കാട് പൊതുയോഗത്തില്‍ കെ കെ കുമാരന്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ആര്‍ ഗോപാലന്‍ സംസാരിച്ചു. ടി എം രാജന്‍ സ്വാഗതം പറഞ്ഞു. ഓര്‍ക്കാട്ടേരിയില്‍ എന്‍ ബാലകൃഷ്ണന്‍ അധ്യക്ഷനായി.

deshabhimani

No comments:

Post a Comment