Monday, April 15, 2013
ഡല്‍ഹിയിലും വെള്ളക്കൊള്ളയ്ക്ക് അരങ്ങൊരുങ്ങുന്നു
കുടിവെള്ള മേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള ഡല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധമാണ് ഉയരുന്നത്. കുടിവെള്ള മേഖല സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ സിപിഐ എം അടക്കമുള്ള ഇടതു പാര്‍ടികളും നിരവധി സംഘടനകളും രംഗത്തുവന്നു. വൈദ്യുതി സ്വകാര്യവല്‍ക്കരണത്തിന്റെ പ്രതികൂലഫലങ്ങള്‍ക്കെതിരെ നടക്കുന്ന ശക്തമായ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് കുടിവെള്ള മേഖലയും സ്വകാര്യവല്‍ക്കരിക്കാനുള്ള നിര്‍ദ്ദേശം ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് മുന്നോട്ടുവെച്ചത്. ജനങ്ങള്‍ ശക്തമായി ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തു. ഇതേത്തുടര്‍ന്ന് കുടിവെള്ള മേഖല പുനഃസംഘടിപ്പിക്കുന്നതിനായി ലോക ബാങ്കില്‍ നിന്ന് നേടാന്‍ ഉദ്ദേശിച്ച വായ്പക്ക് അപേക്ഷിക്കേണ്ടതില്ലെന്ന് ഡല്‍ഹി ജല്‍ ബോര്‍ഡ് തീരുമാനിച്ചു. കുടിവെള്ള വിതരണത്തിന്റെ ചുമതലയില്‍ നിന്ന് ഗവണ്‍മെന്റ് പിന്‍മാറുക എന്നതായിരുന്നു ലോക ബാങ്ക് പദ്ധതിയുടെ ലക്ഷ്യം.
ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും കുടിവെള്ള മേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള നിരവധി പദ്ധതികള്‍ക്ക് ലോക ബാങ്ക് വായ്പ നല്‍കിയിട്ടുണ്ട്. അതിന്റെയൊക്കെ ഗുണഫലങ്ങള്‍ അനുഭവിച്ചത് അമേരിക്കയിലെയും യൂറോപ്പിലെയും വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളും. പല രാജ്യങ്ങളിലും കുടിവെള്ളത്തിനുവേണ്ടി രക്തരൂഷിതമായ സമരങ്ങള്‍ നടക്കുന്ന അവസ്ഥയിലേക്കാണ് ലോക ബാങ്കിന്റെ സ്വകാര്യവല്‍ക്കരണം കൊണ്ടെത്തിച്ചത്. സ്വകാര്യവല്‍ക്കരണത്തിന്റെ ഫലമായി വരുന്ന പുതിയ സ്വകാര്യവല്‍കൃത കുടിവെള്ള വിതരണ സ്ഥാപനം പാവപ്പെട്ടവര്‍ക്ക് കുടിവെള്ളം നിഷേധിക്കുകയാണ് ആദ്യം ചെയ്യുക. പൊതുടാപ്പുകള്‍ നിര്‍ത്തലാക്കി പാവങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന ഇവര്‍ കുടിവെള്ളത്തിനുള്ള കണക്ഷനെടുത്തിട്ടുള്ള ഉപഭോക്താക്കള്‍ക്ക് വന്‍ സാമ്പത്തികഭാരമാണ് അടിച്ചേല്‍പ്പിച്ചത്. കുടിവെള്ളത്തിന്റെ നിരക്ക് പല മടങ്ങായി വര്‍ധിപ്പിച്ചു. കൊളംബിയ, ബൊളീവിയ തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലെ താന്‍സാനിയയിലും ബഹുരാഷ്ട്ര കമ്പനികള്‍ക്കെതിരെ വലിയ ജനരോഷമാണുണ്ടായത്. പല രാജ്യങ്ങളില്‍ നിന്നും ജനങ്ങളെ പേടിച്ച് ഈ കമ്പനികള്‍ പലായനം ചെയ്തു. ഇന്ത്യയില്‍ കുടിവെള്ളവും വ്യവസായ ആവശ്യത്തിനുള്ള വെള്ളവും സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ പത്ത് വര്‍ഷം മുമ്പ് ആരംഭിച്ചതാണ്. ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ സിദ്ധാന്തങ്ങള്‍ മുന്നോട്ടുവെച്ച് ഈ സ്വകാര്യവല്‍ക്കരണത്തിനു വേണ്ടി കോണ്‍ഗ്രസ്, ബിജെപി സര്‍ക്കാരുകള്‍ ശ്രമിച്ചെങ്കിലും ജനങ്ങളുടെ വലിയ പ്രതിഷേധമാണുണ്ടായത്. അന്ന് തല്‍ക്കാലം പിന്‍വാങ്ങിയെങ്കിലും ഇപ്പോള്‍ വീണ്ടും ആ അജണ്ട പുറത്തെടുത്തു. ലോകബാങ്ക് പദ്ധതി തല്‍ക്കാലം നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിച്ചെങ്കിലും കുടിവെള്ള സ്വകാര്യവല്‍ക്കരണ ഭീഷണി ഡല്‍ഹിയില്‍ നിലനില്‍ക്കുക തന്നെയാണ്.
നിലവിലുള്ള ജലവിതരണ സംവിധാനത്തിന്റെ മേല്‍നോട്ടം ഡല്‍ഹി ജല്‍ ബോര്‍ഡിനാണ്. ഡല്‍ഹി മഹാനഗരത്തിലെ 1.70 കോടി ജനങ്ങള്‍ക്ക് ആവശ്യമായ കുടിവെള്ളം നല്‍കാന്‍ ഡല്‍ഹി ജല്‍ ബോര്‍ഡിന് കഴിയുന്നില്ല. പഴകിയ ജലശുദ്ധീകരണ സംവിധാനങ്ങളും പൊട്ടിപ്പൊളിഞ്ഞ വിതരണ സംവിധാനവും കാരണം കോടിക്കണക്കിന് ലിറ്റര്‍ വെള്ളം പാഴായിപ്പോകുന്നു. പലയിടത്തും മലിനജലം വിതരണശൃംഖലയില്‍ കലരുന്നതു മൂലം ഉപയോഗിക്കാനാവാത്ത വെള്ളമാണ് കിട്ടുന്നത്. ഈ പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഗവണ്‍മെന്റിന്റെ ചുമതലയില്‍ തന്നെ നടത്താന്‍ കഴിയും. കൂടുതല്‍ ധനസഹായം ഡല്‍ഹി ജല്‍ ബോര്‍ഡിന് നല്‍കിയാല്‍ ഇത് സാധ്യമാകും. അതിനു പകരം കുഴപ്പം പരിഹരിക്കാന്‍ സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാനാണ് ശ്രമം. 75 കോടി ഗാലന്‍ വെള്ളമാണ് പ്രതിദിനം ഡല്‍ഹി നഗരത്തിന് ആവശ്യമായുള്ളത്. വിതരണം ചെയ്യുന്നതാകട്ടെ 60 കോടി ഗാലന്‍ മാത്രം. 15 കോടി ഗാലന്റെ കുറവ്. 167 കോടി ഗാലന്‍ സംസ്കരിക്കാത്ത വെള്ളം ഡല്‍ഹി നഗരത്തിന് ലഭിക്കുന്നുണ്ട്. ഗംഗാനദി(24 കോടി ഗാലന്‍) യമുനാനദി(31 കോടി ഗാലന്‍), ഭക്ര-ബിയാസ്, വാട്ടര്‍ ബാറേജ്, അപ്പര്‍ ഗംഗ കനാല്‍ എന്നിവയിലൂടെയും ഭൂഗര്‍ഭ സ്രോതസില്‍ നിന്നുമാണ് ഈ അസംസ്കൃത ജലം ലഭിക്കുന്നത്. ശുദ്ധീകരണവേളയില്‍ 40 ശതമാനത്തോളം വെള്ളം പാഴാകുന്നു. വിതരണ ശൃംഖലയിലൂടെ മറ്റൊരു 40 ശതമാനം വെള്ളവും നഷ്ടപ്പെടുന്നു. ഇതിനുശേഷം ലഭിക്കുന്നതാണ് 60 കോടി ഗാലന്‍ വെള്ളം. 2020 ആകുമ്പോള്‍ ഡല്‍ഹിയുടെ ജനസംഖ്യ രണ്ട് കോടി കവിയും. ഇപ്പോള്‍ത്തന്നെ ഡല്‍ഹി ജനസംഖ്യയില്‍ 30 ശതമാനത്തോളം വരുന്ന പാവപ്പെട്ടവരും താഴ്ന്ന വരുമാനക്കാരുമായ ആളുകള്‍ക്ക് ശുദ്ധീകരിച്ച കുടിവെള്ളം കിട്ടുന്നില്ല. കുഴല്‍ക്കിണറുകള്‍ പോലുള്ള സംവിധാനങ്ങളിലൂടെ ലഭിക്കുന്ന വെള്ളമാണ് ഇവര്‍ ഉപയോഗിക്കുന്നത്.
പ്രതിദിന പ്രതിശീര്‍ഷ ജലലഭ്യത ശരാശരി 160 ലിറ്ററാണെന്നിരിക്കെ നഗരത്തിലെ ചില മേഖലകളില്‍ ജല്‍ ബോര്‍ഡിന്റെ ഉപഭോക്താക്കള്‍ക്ക് 40 ലിറ്റര്‍ പോലും ലഭിക്കുന്നില്ല. എന്നാല്‍ വിവിഐപികള്‍ താമസിക്കുന്ന മേഖലകളില്‍ 560 ലിറ്ററിലധികം ലഭിക്കുന്നു. ജലവിതരണത്തിന്റെ ചുമതല പൊതുമേഖലാ സ്ഥാപനം നിര്‍വഹിക്കുമ്പോഴും വിതരണത്തില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നു. സ്വകാര്യവല്‍ക്കരണം വന്നാല്‍ ഇത് പരിഹരിക്കുമെന്നാണ് ഷീലാ ദീക്ഷിത് ഗവണ്‍മെന്റിന്റെ വാദം. ജലം ശുദ്ധീകരിക്കല്‍, അതിലൂടെയുണ്ടാകുന്ന നഷ്ടം, വിതരണ ശൃംഖലയിലെ പോരായ്മകള്‍, അതിലൂടെ സംഭവിക്കുന്ന ജലനഷ്ടം തുടങ്ങിയവ ഭരണസംവിധാനത്തില്‍ മാറ്റം വരുത്തി പരിഹരിക്കാന്‍ കഴിയുമെന്നാണ് സ്വകാര്യവല്‍ക്കരണ പദ്ധതിയെ മുന്നോട്ടുവെക്കുന്ന ഡല്‍ഹി സംസ്ഥാന സര്‍ക്കാരും ഡല്‍ഹി ജല്‍ ബോര്‍ഡും പറയുന്നത്. വെള്ളത്തിനുള്ള നിരക്ക് ഉയര്‍ത്തി ക്രമേണ "പൂര്‍ണമായ വിപണിവില" ഈടാക്കണമെന്നതാണ് സ്വകാര്യവല്‍ക്കരണ നിര്‍ദ്ദേശത്തിന്റെ കാതല്‍. എന്താണ് വെള്ളത്തിന്റെ പൂര്‍ണമായ വില എന്ന് ഭരണാധികാരികള്‍ക്ക് അറിയാമായിരുന്നെങ്കില്‍ സ്വകാര്യ കോര്‍പ്പറേറ്റുകളുടെ കയ്യിലേക്ക് കുടിവെള്ള വിതരണം ഏല്‍പ്പിക്കാന്‍ ആലോചിക്കുമായിരുന്നോ എന്ന സംശയം ഉയരാം.
വെള്ളത്തിന്റെ മൂല്യം പൂര്‍ണമായി മനസ്സിലാക്കിക്കൊണ്ട് കൊള്ള നടത്താന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അവസരമൊരുക്കുകയാണെന്നതാണ് യാഥാര്‍ഥ്യം. സ്വകാര്യവല്‍ക്കരണത്തിനു മുമ്പുതന്നെ വെള്ളത്തിന്റെ നിരക്ക് വര്‍ധിപ്പിക്കാന്‍ തുടങ്ങി. ഗവണ്‍മെന്റു തന്നെ നിരക്ക് ഏറെക്കുറെ വര്‍ധിപ്പിച്ചുകൊടുത്താല്‍ ഏറ്റെടുക്കുന്ന സ്വകാര്യ കമ്പനിക്ക് ജനങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവരില്ലെന്നാണ് സ്വകാര്യവല്‍ക്കരണത്തിന്റെ പ്രവാചകര്‍ കരുതുന്നത്. സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി കുടിവെള്ള വിതരണത്തിന്റെ ചുമതല ലഭിക്കുന്ന സ്വകാര്യ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് എന്തൊക്കെയാണ് കിട്ടാന്‍ പോകുന്നത്? ഡല്‍ഹിയിലെ വിവിധ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റുകള്‍, അവിടേക്കെത്തുന്ന അസംസ്കൃത വെള്ളം, വിതരണശൃംഖല, ഒന്നര കോടിയിലധികം വരുന്ന ഉപഭോക്താക്കള്‍. കാര്യമായ ഒരു മുതല്‍മുടക്കുമില്ലാതെ കിട്ടുന്ന ഈ വന്‍ സമ്പത്ത് ഉപയോഗിച്ച് ജനങ്ങളെ കൊള്ളയടിക്കുക എന്ന ബാധ്യത മാത്രമേ സ്വകാര്യ കമ്പനികള്‍ക്ക് നിര്‍വഹിക്കേണ്ടതുള്ളൂ. നിരക്ക് വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കാനുള്ള അനുവാദം പുറംവാതിലിലൂടെ സ്വകാര്യ കമ്പനികളുടെ കയ്യിലെത്തും. പുറമേ കുറഞ്ഞ നിരക്കില്‍ വൈദ്യുതിയും കിട്ടും.
ജലവിതരണത്തില്‍ വീഴ്ച വരുത്തിയാല്‍ കമ്പനിക്ക് ചുമത്തേണ്ട പിഴ സംബന്ധിച്ച് ഇതുവരെ ധാരണയായിട്ടില്ല. പിഴയെല്ലാം ജനങ്ങള്‍ തന്നെ അടയ്ക്കേണ്ടിവരും. ജലത്തിന്റെ നിരക്ക് നിശ്ചയിക്കാന്‍ റഗുലേറ്ററെ നിയമിക്കുമെന്നാണ് വ്യവസ്ഥ. സേവനദാതാക്കളായ സ്വകാര്യ കമ്പനികള്‍ക്ക് ഒരിക്കലും നഷ്ടം വരാത്ത രീതിയില്‍ നിരക്ക് നിശ്ചയിച്ചുകൊടുക്കണമെന്നതാണ് റഗുലേറ്ററുടെ ചുമതല. അതിനാല്‍ സ്വകാര്യ കമ്പനികള്‍ ആഗ്രഹിക്കുന്ന സമയത്തെല്ലാം നിരക്ക് വര്‍ധിപ്പിച്ചു കൊടുക്കേണ്ടിവരും. ഏറ്റവും വിചിത്രമായ സംഗതി വെള്ളക്കരത്തിനുള്ള ബില്ല് തയ്യാറാക്കി നല്‍കലും കരം പിരിച്ച് സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കലും ജല്‍ ബോര്‍ഡിന്റെ തന്നെ ചുമതലയായിരിക്കും. സ്വകാര്യ കമ്പനികള്‍ കസേരയില്‍ ചാരിയിരുന്ന് വരുമാനമെല്ലാം കൊണ്ടുപോകും. ചെന്നൈ, ഹൈദരാബാദ്, മുംബൈ, ബംഗളൂരു എന്നീ നഗരങ്ങളില്‍ ലോകബാങ്ക് സഹായത്തോടെയുള്ള കുടിവെള്ള സ്വകാര്യവല്‍ക്കരണം ജനങ്ങള്‍ക്ക് കടുത്ത ഭാരമാണ് വരുത്തിവെച്ചതെന്ന അനുഭവം മുന്നിലുണ്ട്. ഈ നഗരങ്ങളില്‍ 1000 ലിറ്റര്‍ വെള്ളത്തിന് പത്ത് രൂപ വരെയാണ് നിരക്ക്.
സ്വകാര്യവല്‍ക്കരണം വന്നാല്‍ ഡല്‍ഹി നഗരത്തില്‍ മൂന്നിരട്ടി വരെ ജലനിരക്ക് വര്‍ധിപ്പിക്കുമെന്നത് അനുഭവമാണ്. കുടിവെള്ളം പൂര്‍ണമായി വാണിജ്യവല്‍ക്കരിക്കുന്നതോടെ കൂടുതല്‍ പണമുള്ളവര്‍ക്ക് കൂടുതല്‍ വെള്ളമെന്നത് "സാമാന്യനീതി"യാകും. സമ്പന്നരും വിവിഐപികളും താമസിക്കുന്ന മേഖലകളില്‍ ഏതു സമയവും വെള്ളം കിട്ടുകയും പാവപ്പെട്ടവര്‍ താമസിക്കുന്ന മേഖലകള്‍ അവഗണിക്കപ്പെടുകയും ചെയ്യും. വൈദ്യുതി സ്വകാര്യവല്‍ക്കരണത്തില്‍ ഈ വിവേചനവും അസമത്വവും ഡല്‍ഹി നഗരം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയ ഗ്രിഡില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന വൈദ്യുതി കൂടുതല്‍ നിരക്ക് വാങ്ങാന്‍ കഴിയുന്ന സമ്പന്നരുടെ മേഖലകളില്‍ മാത്രം വിതരണം ചെയ്യും. കുറഞ്ഞ ഉപഭോഗമുള്ള പാവപ്പെട്ടവര്‍ കുറഞ്ഞ നിരക്കാണ് നല്‍കുന്നത്. ഇത്തരം മേഖലകളില്‍ വൈദ്യുതി നിഷേധിക്കുകയാണ്.
കൂടുതല്‍ വരുമാനമുള്ള മേഖലകളില്‍ സേവനമെത്തിക്കുകയെന്നത് സ്വകാര്യ കമ്പനികളുടെ നീതിശാസ്ത്രമാണ്. അവര്‍ക്ക് സാമൂഹ്യപ്രതിബദ്ധത ഉണ്ടായിരിക്കണമെന്ന് ശഠിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. ഡല്‍ഹി നഗരത്തില്‍ നിലവില്‍ വെള്ളത്തിന് പല സ്ലാബുകളായാണ് നിരക്ക് ഈടാക്കുന്നത്. പത്ത് കിലോലിറ്റര്‍ വരെ പ്രതിമാസ ഉപഭോഗമുള്ളവര്‍ 60.50 രൂപ സര്‍വീസ് ചാര്‍ജിനു പുറമേ ഒരു കിലോലിറ്റര്‍ വെള്ളത്തിന് 2.42 രൂപ നിരക്കില്‍ തുക നല്‍കണം. 10 മുതല്‍ 20 കിലോലിറ്റര്‍ വരെ പ്രതിമാസം ഉപയോഗിക്കുന്നവര്‍ 121 രൂപ സര്‍വീസ് ചാര്‍ജിനു പുറമേ കിലോലിറ്ററിന് 3.63 രൂപ നിരക്കില്‍ അടയ്ക്കണം. 20 മുതല്‍ 30 വരെ കിലോലിറ്റര്‍ പ്രതിമാസം ഉപയോഗിക്കുന്നവര്‍ 181.50 രൂപ സര്‍വീസ് ചാര്‍ജും കിലോലിറ്ററിന് 18.15 രൂപയുമാണ് നല്‍കേണ്ടത്. 30 കിലോലിറ്ററിനു മുകളില്‍ ഉപയോഗിക്കുന്നവര്‍ 242 രൂപ സര്‍വീസ് ചാര്‍ജും കിലോലിറ്ററിന് 30.25 രൂപയും നല്‍കണം.
സ്വകാര്യ കമ്പനികള്‍ വിതരണ ചുമതല ഏറ്റെടുക്കുമ്പോള്‍ കൂടിയ നിരക്ക് ഈടാക്കാന്‍ കഴിയുന്ന മേഖലകളില്‍ 24 മണിക്കൂറും വെള്ളം നല്‍കുകയും ഏറ്റവും കുറഞ്ഞ നിരക്ക് നല്‍കുന്നവര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളെ അവഗണിക്കുകയും ചെയ്യും. പാവങ്ങള്‍ക്ക് കുടിവെള്ളം നിഷേധിക്കലായിരിക്കും ഫലം. പൊതുസേവനത്തുറകളെ കറവപ്പശുക്കളാക്കി മാറ്റി സ്വകാര്യ മേഖലയുടെ കൊടുംചൂഷണത്തിന് വിട്ടുകൊടുക്കുകയെന്നത് ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണ നയങ്ങളുടെ കാതലാണ്. അതിന്റെ ഭാഗമാണ് ജലവിതരണ സ്വകാര്യവല്‍ക്കരണവും. അതിനാല്‍ ജല സ്വകാര്യവല്‍ക്കരണത്തിനെതിരായ സമരം ഒറ്റപ്പെട്ട സമരമല്ല; ആഗോളവല്‍ക്കരണ - നവ ലിബറല്‍ നയങ്ങള്‍ക്കെതിരായ പൊതുവായ പോരാട്ടത്തിന്റെ ഭാഗം തന്നെയാണ്.
വി ജയിന്‍ chintha weekly
Subscribe to:
Post Comments (Atom)
No comments:
Post a Comment